HOME
DETAILS
MAL
പ്രതീക്ഷയുടെ ആകാശത്തിനുമപ്പുറം
backup
February 14 2021 | 03:02 AM
ആകാശങ്ങളെയും നക്ഷത്രങ്ങളെയും കാണുമ്പോള്‍ കൗതുകം പൂണ്ടൊരു പെണ്‍കുട്ടി, വലുതായപ്പോള്‍ സ്വപ്‌നങ്ങള്‍ ആകാശങ്ങള്‍ക്കും അപ്പുറം വളര്‍ന്നു. ഒടുവില്‍ യു.എ.ഇ എന്ന രാജ്യത്തിന്റെതന്നെ അഭിമാനമായി മാറി അവള്‍. സാറ അല്‍ അമീരിയുടെ ജീവിതവിജയം അറബ് ലോകത്തിന്റെ ചരിത്രമായി മാറിയിരിക്കുകയാണ്.
മുപ്പത്തിനാലാം വയസില്‍ ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയാണ് സാറ ആ നേട്ടം സ്വന്തമാക്കിയത്. സാറ നേതൃത്വം നല്‍കിയ സംഘം ഭൂമിയും കടന്ന് ചൊവ്വയിലേക്ക് കുതിക്കാനുള്ള യു.എ.ഇയുടെ മോഹങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കിയപ്പോള്‍ ലോകം അന്ധാളിച്ചു. ഇന്ന് ലോകത്തെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് സാറയുടേത്. കാരണം സാറ ഒരു പ്രതീകമാണ്. അസാധ്യമെന്ന് ലോകം വിശ്വസിച്ചൊരു കാര്യത്തെ 6 വര്‍ഷത്തെ കഠിന പ്രയത്‌നങ്ങള്‍കൊണ്ട് ലോകത്തിന് സാധ്യമെന്ന് കാണിച്ചുകൊടുത്ത, സ്വപ്‌നങ്ങളെ പറക്കാന്‍ അനുവദിച്ച യു.എ.ഇ എന്ന രാജ്യത്തിന്റെ അഭിമാനമായ സാറ.
യു.എ.ഇയുടെ സ്വപ്‌നം
ചെറുപ്പത്തിലെ നക്ഷത്രങ്ങളുടെ കൗതുകങ്ങള്‍ തിരഞ്ഞുപോയൊരു പെണ്‍കുട്ടിയാണ് സാറ. കോളജ് അധ്യാപികയായിരുന്നു ഉമ്മ. നിരന്തരശ്രമവും കഠിന പ്രയത്‌നവും അവരെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ പ്രേരിപ്പിച്ചു. യൂറോപ്പിന്റെയും അമേരിക്കയുടെയും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ മാത്രം വിധിക്കപ്പെട്ട അറബ്‌ലോകത്തെ അവള്‍ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചു. ശാസ്ത്രരംഗത്ത് യു.എ.ഇ നേടിയ വന്‍കുതിച്ചുചാട്ടത്തിന് പിറകില്‍ ചുക്കാന്‍ പിടിച്ചത് സാറയാണ്.
2004 ല്‍ ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം അമേരിക്കന്‍ യൂനിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ നിന്ന് കംപ്യൂട്ടര്‍ എഞ്ചിനീയറിങില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. പിന്നീട് 2009ല്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ ജോലിക്കു ചേര്‍ന്ന അല്‍ അമിരി, ചൊവ്വാ ദൗത്യം ആരംഭിക്കുമ്പോള്‍ അതിന്റെ ഡപ്യൂട്ടി പ്രോജക്ട് മാനേജരായി. മൂന്നു വര്‍ഷം മുന്‍പ് മന്ത്രിസഭയില്‍ അംഗമായി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതലാണ് യു.എ.ഇ സ്‌പേസ് ഏജന്‍സിയുടെ ചെയര്‍വുമണായത്. യു.എ.ഇ കൗണ്‍സില്‍ ഓഫ് സയന്റിസ്റ്റ്‌സ് ചെയര്‍വുമണ്‍ കൂടിയാണ് അല്‍ അമിരി. 2020 ലെ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളില്‍ ഒരാളായി സാറാ അല്‍ അമിരയെ ബി.ബി.സി തിരഞ്ഞെടുത്തത് ആ വിജയങ്ങള്‍ക്കുള്ള കൈയ്യൊപ്പാണ്. നിരന്തര പ്രയത്‌നവും കഠിനാധ്വാനവുമാണ് സാറയുടെ വിജയമന്ത്രം.
പ്രതീക്ഷയുടെ ആകാശം
ബഹിരാകാശ ഗവേഷണരംഗത്തെ പന്ത്രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയിലോ മന്ത്രിയായതിന് ശേഷമോ ഇതുവരെ സ്ത്രീയെന്ന നിലയിലുള്ള പ്രതികൂല സാഹചര്യങ്ങളെ ഒന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നാണ് സാറയുടെ വാക്കുകള്‍. ചെറിയൊരു രാജ്യം, വളരെ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് വിജയപഥത്തിലെത്തിച്ച ദൗത്യത്തിനു നേതൃത്വം നല്‍കിയ അല്‍ അമിരി മുപ്പത്തിനാല് വയസിനുള്ളില്‍ കീഴടക്കിയ ഉയരങ്ങള്‍ ചെറുതൊന്നുമല്ല. ചെറുപ്പം മുതലേ ആകാശത്തിലെ നക്ഷത്രങ്ങളെ സ്വപ്‌നം കണ്ട ആ പെണ്‍കുട്ടി തന്റെ രാജ്യത്തെ നക്ഷത്രങ്ങള്‍ക്കൊപ്പം എത്തിച്ചിരിക്കുയാണ് ഇപ്പോള്‍.
ആകാശത്തിനും അപ്പുറം സ്വപ്‌നങ്ങളുള്ള പെണ്‍കരുത്ത്. സാറ അല്‍ അമീരി എന്ന യു.എ.ഇ ബഹിരാകാശ ഗവേഷകയ്ക്ക് ഏറ്റവുമിണങ്ങുന്ന വിശേഷണം ഇതായിരിക്കും. ഭൂമിയും കടന്ന് ചൊവ്വയിലേക്ക് കുതിക്കാനുള്ള യു.എ.ഇയുടെ മോഹങ്ങള്‍ ചിറകുവിടര്‍ത്തിയത് സാറയുടെ ആത്മവിശ്വാസത്തിന് മുകളിലാണ്. പ്രതീക്ഷയെന്ന് അര്‍ഥം വരുന്ന അല്‍ അമല്‍ (ഹോപ്പ് പ്രോബ്) ചൊവ്വയിലെത്തുമ്പോള്‍ അത് സാറയുടെ വിജയം കൂടിയാകുന്നു.
ഹിജാബിന്നുള്ളില്‍
49.4 കോടി കിലോമീറ്ററുകള്‍ താണ്ടിയാണ് യു.എ.ഇയുടെ സ്വപ്‌നം ഭൂമിയില്‍ നിന്നു പുറപ്പെട്ടു ചൊവ്വയുടെ ഭ്രമണപഥത്തെ തൊട്ടത്. ഈ ആകാശനേട്ടം കൊയ്യുന്ന അഞ്ചാമത്തെ സ്‌പേസ് ഏജന്‍സി. ഏഴുവര്‍ഷം നീണ്ട പ്രയത്‌നമാണ്, യു.എ.ഇ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കണിശതയാണ് ചുവന്നഗ്രഹത്തെ ഇപ്പോള്‍ ചുറ്റിക്കറങ്ങുന്നത്. ചൊവ്വയുടെ വായുമണ്ഡലത്തെ ഇതാദ്യമായി സമഗ്രമായി പകര്‍ത്താനും പഠിക്കാനും പോകുന്നു അവരുടെ ഹോപ്പ്.
എന്നാല്‍, യു.എ.ഇ പിന്നിലാക്കിയത്, ഭൂമിയില്‍ നിന്നു ചൊവ്വയിലേക്കുള്ള കണ്ണെത്താത്ത ദൂരം മാത്രമല്ല. ഇതിനുമുന്‍പ് ഈ ദൗത്യം നിര്‍വഹിച്ച അമേരിക്കയെയും ഇന്ത്യയെയും യു.എസ്.എസ്.ആറിനെയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയെയും ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് അവരുടെ ഹോപ്പ് ഏഴു മാസങ്ങള്‍ക്കു മുന്‍പ് ചൊവ്വയിലേക്ക് കുതിച്ചത്.
ഹോപ്പിന്റെ സയന്‍സ് ടീം നയിക്കുന്നത് 80% വനിതാ ശാസ്ത്രജ്ഞര്‍ അടങ്ങുന്ന ടീമാണ്. ഈ ദൗത്യത്തില്‍ മൊത്തം പങ്കെടുത്തത് 34% വനിതകളാണ്. ലോകത്തു മറ്റൊരു ശാസ്ത്ര സാങ്കേതിക ദൗത്യത്തിലും പങ്കെടുത്തിട്ടില്ലാത്ത അത്രയും സ്ത്രീകളാണ് ഈ ചരിത്രവിജയത്തിനു ഇന്ധനം പകര്‍ന്നത്.
കഴിവുമാത്രം മാനദണ്ഡമാക്കി സാറ അല്‍ അമിരി രൂപീകരിച്ച ദൗത്യസംഘത്തിലെ അംഗങ്ങളുടെ ശരാശരി പ്രായം 27 വയസാണ്. 'ഇതെന്താ കുട്ടിക്കളിയാണോ?' എന്ന പരിഹാസമാണു തുടക്കത്തില്‍ കേള്‍ക്കേണ്ടി വന്നതെന്ന് അവര്‍ പറയുന്നു. 'എത്രയധികം യോഗ്യതകളുണ്ടെങ്കിലും ഹിജാബ് ധരിച്ചതിന്റെ പേരില്‍ ലോകം ഞങ്ങളെ പിന്തള്ളിയിട്ടുണ്ട്. എന്നാലിപ്പോള്‍ അവര്‍ക്കെല്ലാം മുന്‍പില്‍ ഞങ്ങള്‍ക്ക് എന്തൊക്കെ കഴിയുമെന്നു തെളിയിച്ചു'- ഹോപ് പ്രോബിന്റെ അള്‍ട്രാവയലറ്റ് സ്‌പെക്ട്രോമീറ്റര്‍ വികസിപ്പിച്ച സംഘാംഗമായ കെമിക്കല്‍ എന്‍ജിനീയര്‍ ഫാത്തിമ ലൂത ദൗത്യവിജയത്തിനു ശേഷം പ്രതികരിച്ചത് ഇങ്ങനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."