സഊദിയിൽ വിലക്കുകൾ 20 ദിവസത്തേക്ക് കൂടി നീട്ടി
റിയാദ്: സഊദിയിൽ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം പത്ത് ദിവസം മുമ്പ് ഏർപ്പെടുത്തിയ ഏതാനും വിലക്കുകൾ 20 ദിവസത്തേക്ക് കൂടി നീട്ടി. ഫെബ്രുവരി നാലിന് രാത്രി മുതൽ പ്രാബല്യത്തിൽ വന്ന നിയന്ത്രണങ്ങളിൽ പത്ത് ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളാണ് ഇരുപത് ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചത്. റെസ്റ്റോറന്റുകളിൽ അകത്ത് വെച്ചുള്ള ഓർഡറുകൾ സ്വീകരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുൾപ്പെടെയുള്ളവയാണ് ദീർഘിപ്പിച്ചത്.
റെസ്റ്റോറന്റുകളിൽ പാർസൽ സർവീസുകൾ മാത്രമാക്കി ചുരുക്കിയത് തുടരും. പത്ത് ദിവസത്തേക്ക് പ്രഖ്യാപിച്ച നടപടികൾ വേണമെങ്കിൽ നീട്ടിയേക്കാമെന്ന് അന്ന് തന്നെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ന് രാത്രിയോടെ സമയ പരിധി അവസാനിക്കാനിരിക്കെ നിയന്ത്രണങ്ങൾ ദീർഘിപ്പിച്ചത്. പുറത്ത് ആളുകൾ കൂട്ടം കൂടുന്നതിനുള്ള വിലക്കുകളും തുടരും.
ഹോട്ടലുകളിലും കല്യാണ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങകളും വിനോദ പരിപാടികളും ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്. വിവാഹ പാർട്ടികള്‍ പോലുള്ള ചടങ്ങുകള്‍ ഒരു മാസത്തേക്കും വിനോദ പരിപാടികള്‍ പത്ത് ദിവസത്തേക്കുമാണ് നേരത്തെ റദ്ദാക്കിയിരിക്കുന്നത്. ഇതാണ് ഇന്ന് ഇരുപത് ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."