മുതുമലൈ വഴി പിടിക്കാം ഊട്ടി യാത്ര പാരമ്യത്തിലെത്തും
ചെന്നെത്തുന്നിടത്തെ കൗതുകച്ചെപ്പ് തേടിയല്ല യഥാര്‍ഥ സഞ്ചാരി യാത്രതിരിക്കുക. അതൊരു ലക്ഷ്യം മാത്രമായിരിക്കും. അവിടേക്കുള്ള വഴികളും അനുഭവങ്ങളും കാഴ്ചകളും തന്നെയാണ് യാത്രികന്‍ ഏറെ ആസ്വദിക്കുന്നത്. അവനെ അടുത്ത യാത്രയിലേക്ക് നയിക്കുന്ന മാന്ത്രികതയും അതുതന്നെ. ഊട്ടിയിലേക്ക് പോകാത്ത മലയാളികള്‍ കുറവായിരിക്കും. പോയവര്‍ പലയാവര്‍ത്തി ഊട്ടി കയറിയിട്ടുണ്ടാവും. മടുപ്പിക്കാത്ത തണുപ്പിന്റെ മാസ്മരികതയും കോടമഞ്ഞൊലിക്കുന്ന മലഞ്ചെരുവുകളും ഫാം ഫ്രഷ് കാരറ്റുകളും അങ്ങോട്ടേക്ക് ആകര്‍ഷിച്ചുകൊണ്ടുപോകുന്നതാണ്.
കവാടം തുറക്കുന്ന മുതുമലൈ
ഊട്ടിയൊരുക്കുന്ന വശ്യതയിലേക്ക് മുതുമലൈ, മസിനഗുഡി വഴി കല്ലട്ടി ചുരം കയറിയാല്‍ പിന്നെ അനുഭവങ്ങളുടെ ഘോഷയാത്രയായിരിക്കും. ഗൂഡല്ലൂരില്‍ നിന്ന് വലത്തോട്ട് പോകാതെ, ഇടത്തോട്ട് തിരിഞ്ഞ് മുതുമലൈ ടൈഗര്‍ റിസര്‍വ്വിലൂടെ സഞ്ചരിച്ചാലാണ് കല്ലട്ടി ചുരം കിട്ടുക. കിലോമീറ്റര്‍ കുറച്ച് കൂടുമെങ്കിലും ആ യാത്രയൊരിക്കലും നഷ്ടക്കണക്കിലാവില്ല. ഗൂഡല്ലൂരില്‍ നിന്ന് പത്തു മിനിറ്റ് മുന്‍പോട്ടുപോയാല്‍ മുതുമലൈ വനത്തിലേക്കുള്ള കവാടവമായി.
കടുവയെ കാണില്ലെങ്കിലും ഭാഗ്യംപോലെ ആനയെ കാണാന്‍ തുടക്കത്തില്‍ തന്നെ സാധ്യമാവും. മയില്‍, മാനുകള്‍, പോത്തുകളെയൊക്കെ ഇഷ്ടംപോലെ കാണാം. വലിയ മൃഗങ്ങളുടെ മാത്രമല്ല, പക്ഷികളും പൂമ്പാറ്റകളും പ്രാണികളുമായി 500 ല്‍ അധികം ജന്തുജാലങ്ങളുടെ വൈവിധ്യം മേളിക്കുന്നയിടമാണിത്. ഏകദേശം 50 കടുവകളാണ് ഈ കാട്ടിലുള്ളതെന്നാണ് കണക്ക്.
ജംഗിള്‍ സഫാരി, ആന സഫാരി
കാടിനുള്ളിലൂടെയുള്ള യാത്രയില്‍ എവിടെയും ഇറങ്ങാനോ ഫോട്ടോയെടുക്കാനോ പാടില്ലെന്ന് മാത്രമല്ല, ശിക്ഷാര്‍ഹവുമാണ്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ സഞ്ചാരികള്‍ക്കായി വിവിധ കാഴ്ചകളും അനുഭവങ്ങളും ഒരുക്കിവച്ചിട്ടുണ്ട്.
ജംഗിള്‍ സഫാരി: ഗൂഡല്ലൂരില്‍ നിന്ന് 53 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുതുമലൈ ബസ് സഫാരി കേന്ദ്രത്തിലെത്തും. നിശ്ചിത ടിക്കറ്റ് കൊടുത്ത് വനംവകുപ്പിന്റെ ബസില്‍ കയറിയാല്‍ പിന്നെ കാടുകയറ്റമാണ്. ഈ യാത്രയില്‍ കടുവയെ വരെ കാണാനുള്ള ഭാഗ്യമുണ്ടാവാം.
ആന സഫാരി: ഇതേ സ്ഥലത്തു തന്നെ ആന സഫാരിക്കും പോവാം. ബസ് സഫാരിയെപ്പോലെ കാടിനുള്ളിലേക്ക് നൂണ്ടുപോകില്ലെങ്കിലും മുതുമലൈയുടെ സൗന്ദര്യം ആനപ്പുറത്തിരുന്ന് ആസ്വദിക്കാം.
ആന ക്യാംപ്: ആന സംരക്ഷണം, ചികിത്സ തുടങ്ങി വലിയൊരു കേന്ദ്രം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആനയോടൊപ്പം ദീര്‍ഘസമയം ചെലവഴിക്കാനും തീറ്റിക്കാനും കുളിപ്പിക്കാനും ഒന്നുമില്ലെങ്കില്‍ വെറുതെ കണ്ടിരിക്കാനും കേന്ദ്രത്തില്‍ സൗകര്യമുണ്ട്.\
ബെസ്റ്റ് ടൈം, ഇപ്പോള്‍ തന്നെ
മൃഗങ്ങളെ കാണണമെന്ന അതിയായ ആഗ്രഹത്തോടെയാണ് യാത്രയെങ്കില്‍ നല്ല സമയം ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളാണ്. വേനല്‍ക്കാലമായതിനാല്‍, റോഡിനു താഴെയുള്ള നീരരുവിയിലേക്ക് ഇടയ്ക്കിടെ മൃഗങ്ങള്‍ വന്നുപോകുന്ന കാഴ്ചകാണാം. രാവിലെയും വൈകുന്നേരവും ആയിരിക്കും ഏറ്റവും കൂടുതല്‍ മൃഗങ്ങളെ കാണാനാവുക.
സമയക്രമീകരണം
രാവിലെ ആറു മണിക്ക് തുറന്ന് വൈകിട്ട് ആറു മണിക്ക് പാത അടക്കും. അതിനുള്ളിലുള്ള യാത്ര മാത്രമേ അനുവദിക്കൂ.
രാവിലെ 7 മുതല്‍ 10 വരെയും വൈകിട്ട് 3 മുതല്‍ 6 വരെയുമാണ് ബസ് സഫാരിയുടെ സമയം. ഒരു മണിക്കൂര്‍ നീളുന്നതാണ് റൈഡ്. തെപ്പേക്കാട് നിന്ന് ടിക്കറ്റ് ലഭിക്കും. ഒരാള്‍ക്ക് 340 രൂപ. ജീപ്പ് സഫാരിക്ക് ട്രിപ്പിന് 4200 രൂപ. സ്വകാര്യ ജീപ്പ് സവാരി തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. നിശ്ചിതസ്ഥലങ്ങളിലൂടെ മാത്രമേ അവര്‍ക്ക് പ്രവേശനമുള്ളൂ എന്നതിനാല്‍ മൃഗങ്ങളെ കാണാനുള്ള സാധ്യത കുറയും.
രാവിലെ 7 മുതല്‍ എട്ട് വരെയും വൈകിട്ട് 4 മുതല്‍ 5 വരെയുമാണ് ആന സഫാരി. ഓരോ അര മണിക്കൂറിനും 1120 രൂപയാണ് നിരക്ക്.
താമസത്തിനും സൗകര്യം
മുതുമലൈയെ വല്ലാതെ ഇഷ്ടപ്പെട്ടെങ്കില്‍ താമസത്തിനും സൗകര്യമുണ്ട്. ംംം.ാൗറൗാമഹമശശേഴലൃൃലലെൃ്‌ല.രീാ എന്ന വെബ്‌സൈറ്റില്‍ കാടിനു നടുവിലുള്ള ചെറിയ ക്വാര്‍ട്ടേഴ്‌സുകള്‍ക്കായി ബുക്ക് ചെയ്യാം.
മസിനഗുഡി വഴി ഊട്ടിയിലേക്ക്
മുതുമലൈ ആസ്വദിച്ചുകഴിഞ്ഞാല്‍ നേരെ മസിനഗുഡി വഴി ഊട്ടിയിലേക്ക് തിരിക്കാം. നീണ്ടുപോകുന്ന ഒറ്റയടിപ്പാതയൊരുക്കുന്ന കാഴ്ചവിസ്മയം എത്രയാവര്‍ത്തി കണ്ടാലും മതിവരില്ല. മറ്റൊരാലസ്യവുമില്ലാതെ, അലോസരമില്ലാതെ കാടുമാത്രം ആസ്വദിച്ച് പോകാം. മൃഗങ്ങള്‍ കാഴ്ചകള്‍ക്ക് അകമ്പടിയായെത്തും. ഈ പാതയിലൊന്നും വണ്ടി നിര്‍ത്താനോ മൃഗങ്ങളുടെ ചിത്രങ്ങളെടുക്കാനോ അനുമതിയില്ല.
മസിനഗുഡി അങ്ങാടിയിലെത്തിയാല്‍ ഇറങ്ങി ചായകുടിയൊക്കെ ആവാം. അവിടെയെത്തുമ്പോള്‍ ട്രക്കിങ്ങിനായി സ്വകാര്യ ജീപ്പുകള്‍ നിരത്തിയിട്ടുണ്ടാവും. സാധാരണ ട്രക്കിങ്ങിനാണെങ്കില്‍ കയറി നോക്കാം.
കല്ലട്ടി ചുരം
സിഗ്‌സാഗ് റോഡില്‍ക്കൂടി പിന്നെയും മുന്നോട്ടു കുതിച്ചാല്‍ കല്ലട്ടി ചുരമാണ്. 36 മുടിപ്പിന്‍ വളവുകള്‍ കയറിയാല്‍ ഊട്ടിയെത്തും. കൊടുംവളവുകളാണ് എല്ലാം. സൂക്ഷിച്ച് വണ്ടിയോടിച്ചാല്‍ ഊട്ടിയില്‍ സുരക്ഷിതമായെത്താം. നേരത്തെ ഈ ചുരത്തില്‍ക്കൂടി തിരിച്ചിറങ്ങല്‍ നിരോധിച്ചിരുന്നു. വലിയ അപകടങ്ങള്‍ നടന്നതിനാലായിരുന്നു ഇത്. ഇപ്പോള്‍ ഈ നിയന്ത്രണം നീക്കിയിട്ടുണ്ട്. എങ്കിലും ചുരമിറങ്ങുന്നതിനേക്കാള്‍ ത്രില്‍ കയറുന്നതിനായിരിക്കും. അപടസാധ്യതയും കുറയ്ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."