ഖത്തറില്‍ മാര്‍ച്ച് 20 മുതല്‍ മുഴുവന്‍ ജീവനക്കാര്‍ക്കും മിനിമം വേതനം:താമസവും ഭക്ഷണവും ഉള്‍പ്പെടെ 1800 റിയാല്‍
ദോഹ: ഖത്തര്‍ പ്രഖ്യാപിച്ച മിനിമം വേതന നിയമം മാര്‍ച്ച് 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം. 2020ലെ പതിനേഴാം നമ്പര്‍ തൊഴില്‍ നിയമ ഭേദഗതി പ്രകാരമുള്ള ചട്ടങ്ങള്‍ നടപ്പാക്കാനുള്ള നിര്‍ദേശം തൊഴില്‍ മന്ത്രാലയം മുഴുവന്‍ സ്ഥാപന ഉടമകള്‍ക്കും നല്‍കിക്കഴിഞ്ഞു. ഭേദഗതി പ്രകാരം ഖത്തറില്‍ തൊഴിലാളികള്‍ക്ക് ഏറ്റവും ചുരുങ്ങിയത് മാസത്തില്‍ ആയിരം റിയാല്‍ അടിസ്ഥാന ശമ്പളവും 500 റിയാല്‍ താമസത്തിനും 300 റിയാല്‍ ഭക്ഷണത്തിനും നല്‍കണം. താസവും ഭക്ഷണവും കമ്പനിയോ സ്പോണ്‍സറോ നല്‍കുന്നുണ്ടെങ്കില്‍ അതിന് പണം നല്‍കേണ്ടതില്ല.
വേജ് പ്രൊട്ടക്ഷന്‍ സംവിധാനമനുസരിച്ച് ബാങ്ക് ട്രാന്‍സ്ഫറായാണ് ഓരോ മാസവും ശമ്പളം നല്‍കേണ്ടത്. ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കുന്നു എന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. വീഴ്ച്ചവരുത്തുന്നവരെ തൊഴില്‍ മന്ത്രാലയം പിടികൂടും. തുടര്‍ച്ചയായി വീഴ്ചവരുത്തുന്നവരെ കരിമ്പട്ടിയില്‍പ്പെടുത്തും.
ഖത്തറിലെ സ്വകാര്യ മേഖലയിലേയും ഗാര്‍ഹിക മേഖലയിലേയും മുഴുവന്‍ തൊഴിലാളികളേയും ഉള്‍കൊള്ളുന്ന നിയമം 2020 ആഗസ്തിലാണ് സര്‍ക്കാര്‍ പാസാക്കിയത്. സപ്തംബറില്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 6 മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചാണ് മാര്‍ച്ച് 20 മുതല്‍ രാജ്യത്ത് മിനിമം വേതനനിയമം നടപ്പിലാവുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തറാണ് ഈ രീതിയിലുള്ള മിനിമം വേതനനിമയം ആദ്യമായി പ്രഖ്യാപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."