നിങ്ങളുടെ പോക്കറ്റില്‍ ഇട്ടുതരും തെളിവുകള്‍
റോണാ വില്‍സനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വഴിയൊരുക്കിയ തെളിവുകള്‍ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ നെറ്റ്‌വയര്‍ വഴി തിരുകിക്കയറ്റിയവയാണെന്ന കണ്ടെത്തല്‍ പതിവുപോലെ ഇന്ത്യയെ തരിമ്പും ഞെട്ടിച്ചില്ല. തൊട്ടുപുറകെ തന്നെ ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രെഫസര്‍ ഡോ. ഹാനി ബാബുവിന്റെ കേസിലും സമാനമായ തെളിവുനിര്‍മാണം നടന്നിട്ടുണ്ടാവാമെന്നും അക്കാര്യം കൂടി അന്വേഷണത്തിന് വിധേയമാക്കണമെന്നും ഭാര്യ ജെന്നി നോവീന ആവശ്യപ്പെട്ടിരിക്കുന്നു. വരവര റാവുവിന്റെ മെയില്‍ ഹാക്ക് ചെയ്താണ് ഈ തെളിവുണ്ടാക്കിയതെന്നു കൂടി സംഭവം പുറത്തുവിട്ട അന്താരാഷ്ട്ര ഏജന്‍സിയെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിക്ക് നാണക്കേടിന്റെ കൂടുതല്‍ അമേധ്യക്കൂനകള്‍ രാജ്യത്തിന്റെ കുറ്റാന്വേഷണ സംവിധാനങ്ങള്‍ക്കുമേല്‍ ഇടിഞ്ഞുവീഴാനായി കാത്തുനില്‍ക്കുന്നുണ്ടെന്നര്‍ഥം. രാജ്യദ്രോഹക്കേസുകളുടെ തെളിവോ വിചാരണയുടെ നീതിവാഴ്ചയോ ഒന്നും ജനാധിപത്യ ഇന്ത്യയെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒട്ടും അലേസരപ്പെടുത്താറില്ലല്ലോ. ഭീമാ കൊറെഗാവ് എന്ന ബി.ജെ.പിയുടെ പുലപ്പേടി കേസിനേക്കാളേറെ നമ്മുടെ നിയമവ്യവസ്ഥയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിലെ അടിസ്ഥാനപരമായ വിഷയം. അത്യാധുനികമായ സംവിധാനങ്ങള്‍ ഉപയോഗിച്ചുപോലും തെളിവുകള്‍ കൃത്രിമമായുണ്ടാക്കാനാവുമെന്ന ഈ വിവരം നമ്മുടെ വ്യവസ്ഥകളുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ബാക്കിയാവുന്നുണ്ട്. പ്രത്യേകിച്ചും ഇലക്‌ട്രോണിക് വിവരങ്ങള്‍ തെളിവുകളായി കോടതികള്‍ സ്വീകരിച്ചു തുടങ്ങിയ സാഹചര്യത്തില്‍.
റോണയുടെ ഇമെയില്‍ ബോക്‌സിലേക്ക് വരവര റാവുവില്‍നിന്നു ലഭിച്ച എഴുത്തില്‍ നിന്നാണ് ഈ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ രൂപംകൊള്ളുന്നത്. 2016 മുതല്‍ 2018 ഏപ്രില്‍ 17 വരെ റോണയുടെ ലാപ്‌ടോപ്പ് പുറമെ നിന്നും ആരോ ഹാക്ക് ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. മസാച്ചുസെറ്റ്‌സിലെ ഡിജിറ്റല്‍ ഫൊറന്‍സിക് സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ് ഏജന്‍സിയാണ് എന്‍.ഐ.എ തന്നെ നല്‍കിയ റോണയുടെ ലാപ്‌ടോപ്പിന്റെ ഹാര്‍ഡ് ഡിസ്‌ക് മാപ്പുകള്‍ പരിശോധിച്ച് ഈ നിഗമനത്തിലേക്ക് എത്തിയത്. റോണ അറസ്റ്റു ചെയ്യപ്പെടുന്നതിനും രണ്ട് മാസം മുന്‍പ് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ് ദേശീയ കുറ്റാന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തിരുന്നല്ലോ. ഈ ലാപ്‌ടോപ്പിന്റെ പരിശോധനയിലാണ് അദ്ദേഹത്തിന്റെ അറസ്റ്റിന് കാരണമായ തെളിവുകള്‍ ലഭിച്ചതെന്നാണ് മുംബൈ ഹൈക്കോടതിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കേസ്. 2016 ജൂണ്‍ 13നാണ് റോണയുടെ ലാപ്‌ടോപ്പില്‍ മാല്‍വെയറുകള്‍ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ഈ വൈറസ് നിക്ഷേപിക്കപ്പെടുന്നത്. തെലുഗു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനും ഭീമാ കൊറെഗാവ് കേസിലെ കൂട്ടുപ്രതിയുമായ വരവര റാവുവിന്റെ മെയില്‍ ബോക്‌സില്‍ നിന്നും ഹാക്കര്‍ വഴി എത്തിയ സന്ദേശം റോണ തുറന്നതോടെ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിനകത്ത് നെറ്റ്‌വര്‍ക്ക് റിമോട്ട് അക്‌സസ് ട്രോജന്‍ അഥവാ റാറ്റ് എന്നറിയപ്പെടുന്ന സംവിധാനം നിക്ഷേപിക്കപ്പെടുകയാണുണ്ടായത്. സ്പിയര്‍ പിഷിങ് എന്നാണ് ഈ ഏര്‍പ്പാട് കംപ്യൂട്ടര്‍ ലോകത്ത് അറിയപ്പെടുന്നത്. എന്നാല്‍ റാവു ആയിരുന്നില്ല മറിച്ച് അദ്ദേഹത്തിന്റെ മെയിലില്‍ നിന്നും ഹാക്കറായിരുന്നു ഈ ഫയല്‍ അയച്ചതും റോണയെ കൊണ്ട് തുറപ്പിച്ചതും. ഒരുതലക്കെട്ട് മാത്രം സ്‌ക്രീനില്‍ തെളിഞ്ഞ് അപ്രത്യക്ഷമായ ഈ ഫയല്‍ പക്ഷേ റോണ അറിയാതെ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിനകത്ത് കയറിക്കൂടി കഴിഞ്ഞിരുന്നു. ഈ സംവിധാനത്തിലൂടെ ഹാക്കര്‍ രഹസ്യ ഫോള്‍ഡര്‍ സൃഷ്ടിക്കുകയും അവിടുന്നങ്ങോട്ട് നിരവധി കുറ്റകരമായ ഫയലുകള്‍ അതില്‍ നിക്ഷേപിക്കുകയുമാണ് ചെയ്തുകൊണ്ടിരുന്നത്. ഈ ഫയലുകള്‍ പിന്നീട് റോണയുടെ തന്നെ പെന്‍ഡ്രൈവില്‍ കയറിക്കൂടി. 2018 ഏപ്രില്‍ ആറിന് ഈ ഫയലുകള്‍ റോണയുടെ ലാപ്‌ടോപ്പില്‍ നിക്ഷേപിച്ച് ദിവസങ്ങള്‍ക്കകം പൊലിസ് ഇത് കണ്ടുകെട്ടിയിരുന്നു. നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചനയെന്ന് പിന്നീട് എന്‍.ഐ.എ വിശേഷിപ്പിച്ച കേസുകള്‍ക്ക് അടിസ്ഥാനമായ ഫയലുകള്‍ റോണയുടെ ലാപ്‌ടോപ്പില്‍ എത്തിയത് ഇങ്ങനെയാണെന്നാണ് ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.
റോണയുടെ ലാപ്‌ടോപ്പിനകത്ത് ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലുമായി ഹാക്കര്‍ നിരന്തരമായി ഇടപെട്ടിരുന്നുവെന്നാണ് എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ് സി.ഇ.ഒ മാര്‍ക്ക് സ്‌പെന്‍സര്‍ ചൂണ്ടിക്കാട്ടിയത്. ഇത് അങ്ങേയറ്റം തീക്ഷ്ണമായ ഒരുതരം നിരീക്ഷണത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. അതാരാണെന്ന് ആഴ്‌സണല്‍ കണ്ടെത്തിയിട്ടില്ല. അവര്‍ക്കതിന്റെ ആവശ്യവുമില്ല. പക്ഷേ, അതാരായാലും അന്ന് നിക്ഷേപിക്കപ്പെട്ട ഫയലുകള്‍ അങ്ങേയറ്റം കുറ്റകരമായവയായിരുന്നു എന്നതില്‍ ഒട്ടും തര്‍ക്കവുമില്ല. ഈ ഫയലുകള്‍ ആരാണ് നിക്ഷേപിച്ചതെന്ന് എന്‍.ഐ.എ അന്വേഷിക്കുമെന്നാണോ കരുതേണ്ടത്? ഒരിക്കലും സംഭവിക്കാനിടയില്ല. മാത്രവുമല്ല, സ്‌പെന്‍സര്‍ ചൂണ്ടിക്കാട്ടിയതു പോലുള്ള നിരീക്ഷണങ്ങള്‍ രാജ്യത്ത് ആര്‍ക്കെങ്കിലും നടത്തേണ്ടതുണ്ടെങ്കില്‍ അത് കുറ്റാന്വേഷണ ഏജന്‍സികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്? അലങ്കാര വചസ്സുകള്‍ മാറ്റിനിര്‍ത്തിയാല്‍ കെട്ടിച്ചമച്ച കള്ളത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭീമാ കൊറെഗാവ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതെന്നര്‍ഥം. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു റാലിക്കിടയില്‍ കൊലപ്പെടുത്താനാണ് ഈ ലാപ്‌ടോപ്പ് ഫയലുകള്‍ പദ്ധതിയിട്ടിരുന്നതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ച കേസ്. അതായത് രാജ്യം കണ്ട അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധാ ഭരദ്വാജും വരവര റാവുവും ഗൗതം നവ്‌ലഖിയും അരുണ്‍ ഫെരേറയും വെര്‍ണം ഗോണ്‍സാല്‍വസും കൂറ ക്രിമിനകലുകളാണെന്നാണ് പൊതുജനം മനസ്സിലാക്കേണ്ടിയിരുന്നത്. ഇക്കാര്യം പരസ്യമായി പറയാനുള്ള ധൈര്യം പോലും അറസ്റ്റിന്റെ അന്ന് പൊലിസിനുണ്ടായിരുന്നില്ല. അര്‍ധരാത്രിയില്‍ ഊരും പേരുമില്ലാത്ത വാര്‍ത്താ കുറിപ്പ് മാത്രമാണ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ അറസ്റ്റുമായി ബന്ധപ്പെട്ട് കൈയില്‍ കിട്ടിയത്. തച്ചുതകര്‍ക്കാനൊരുങ്ങുന്നത് എന്തിനെയാണെന്ന ഉറച്ചബോധ്യം പൊലിസിനുണ്ടായിരുന്നുവെന്നര്‍ഥം. ഏറ്റവുമൊടുവില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെട്ടതും അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍നിന്ന് പൊലിസിന് കിട്ടിയ ചില മാവോയിസ്റ്റ് നേതാക്കളുടെ സംഭാഷണ ശകലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഇതാരാണ് എന്നും എവിടെ, എപ്പോള്‍ സംസാരിച്ചതാണെന്നും ചോദ്യംചെയ്യാനെത്തിയ എന്‍.ഐ.എ സംഘത്തോട് അന്വേഷിച്ചുവെങ്കിലും മറുപടിയുണ്ടായില്ലെന്നാണ് അറസ്റ്റിന് തൊട്ടുമുമ്പായി പുറത്തിറക്കിയ ഒരു വിഡിയോ സന്ദേശത്തില്‍ സ്റ്റാന്‍ സ്വാമി വ്യക്തമാക്കിയത്. അവര്‍ മാവോയിസ്റ്റുകളാണെന്ന എന്‍.ഐ.എയുടെ മുന്‍വിധിയെ സാക്ഷ്യപ്പെടുത്തുക മാത്രമായിരുന്നു സ്വാമി ചെയ്യേണ്ടിയിരുന്നത്.
ഇന്ത്യന്‍ ജുഡീഷ്യല്‍ വ്യവസ്ഥയും കുറ്റാന്വേഷണ സംവിധാനങ്ങളുമൊക്കെ കുറ്റമറ്റവയാണെന്നും രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഈ കണ്ടെത്തലുകളെന്നും എന്‍.ഐ.എ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേസിലുള്‍പ്പെട്ടവരുടെ മുന്‍കാല ചരിത്രവും കേസിന്റെ നാള്‍വഴിയും പരിശോധിക്കുന്നവര്‍ക്ക് അത്രയെളുപ്പം ബോധ്യപ്പെടുന്നതല്ല ഈ വാദം. അമിത് ഷാ മഹാനാണെന്ന് വിശ്വസിക്കുന്ന ജന്‍മങ്ങള്‍ക്കിടയില്‍ കേട്ടുകേള്‍വി പോലുമുണ്ടാവാത്തവരായിരിക്കും റോണയും ഹാനി ബാബുവും വരവര റാവുവും സുധാ ഭരദ്വാജുമൊക്കെ. അതല്ല ശേഷിച്ച ഇന്ത്യക്കാരുടെ കാര്യം. ഭരണകൂടം എന്ന വിശുദ്ധ പശു മുള്ളുന്നതനുസരിച്ച് മൂല്യം കൂടുകയും കുറയുമൊക്കെ ചെയ്യുന്ന ദുരന്തമാണ് ഇന്ത്യന്‍ പൊതുബോധമെന്നിരിക്കെ സര്‍ക്കാരിന്റെ ചട്ടുകങ്ങളായി മാറിയ ഈ ഏജന്‍സികളും ഉച്ചഭാഷിണികളായ മാധ്യമങ്ങളുമുണ്ടാക്കുന്ന അവബോധത്തില്‍നിന്നു രക്ഷപ്പെടുക ഒട്ടും എളുപ്പവുമല്ല. ഘട്കൂപാര്‍ ബസ് സ്‌ഫോടന കേസിനെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ഫാസിസം അതിന്റെ അന്വേഷണ സംവിധാനങ്ങളുടെ കരുത്ത് പരിശോധിക്കുകയാണെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട ഈ ലാപ്‌ടോപ്പ് രേഖകള്‍ ഓര്‍മപ്പെടുത്തുന്നത്. എല്‍.കെ അദ്വാനി കൊണ്ടുവന്ന ടാഡ നിയമത്തിന് എത്രത്തോളം ശക്തിയുണ്ടെന്ന് പരിശോധിക്കാനാണ് മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന മുസ്‌ലിം ബുദ്ധിജീവികളെ അന്ന് ഈ കേസില്‍ കുടുക്കിയതെന്നായിരുന്നല്ലോ ആരോപണം. ഈ കേസിലെ പ്രതികളെ ഒടുവില്‍ കോടതിക്ക് വിട്ടയക്കേണ്ടിയും വന്നു.
ഭീകരാക്രമണ കേസുകളുടെ കാലത്ത് ഏതാണ്ടെല്ലാ കേസുകളിലും രാജ്യം കണ്ടുകൊണ്ടിരുന്നത് പ്രത്യേകതരം മാപ്പും ഉറുദുവില്‍ എഴുതുന്ന ഫോണ്‍ഡയറിയും മുദ്രാവാക്യങ്ങളും മറ്റുമായിരുന്നു. അവയുടെ സ്ഥാനത്ത് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും അവയില്‍നിന്നു പൊലിസിന് സവിശേഷമായി ലഭിക്കുന്ന വിവരങ്ങളുമാണ് തെളിവുകളായി മാറുന്നതെന്ന വ്യത്യാസമാണ് ഇപ്പോഴുള്ളത്. മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നതില്‍ കുറെക്കൂടി സാങ്കേതിക പരിജ്ഞാനം ആര്‍ജിക്കേണ്ടി വരുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. ചിലരെ തകര്‍ക്കണമെന്ന് ഭരണകൂടം പദ്ധതിയിട്ടാല്‍ ഏതാനും സെക്കന്റുകള്‍ കൊണ്ട് സാധിക്കാവുന്നതേയുള്ളൂ കാര്യം. തെളിവുകള്‍ നിങ്ങളുടെ പോക്കറ്റില്‍ തന്നെ ഇട്ടുതരും. ടാര്‍ജറ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ ഇഷ്ടക്കാരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്ത് ഉടമസ്ഥന് ഒരു അറിവുമില്ലാത്ത വിധം അദ്ദേഹത്തിന്റെ കംപ്യൂട്ടറിനകത്ത് എന്തും നിക്ഷേപിക്കാനാവുമെന്ന വിവരമെങ്കിലും ആഴ്‌സണലിന്റെ ഈ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നുണ്ടല്ലോ. ആരുടെയൊക്കെ കംപ്യൂട്ടറുകളില്‍ ഇതിനകം ഈ 'ഹാക്കര്‍മാര്‍' കയറിക്കൂടിയെന്ന് പരിശോധിക്കാനുള്ള സമയം അതിക്രമിച്ചുവെന്നു കൂടിയാണ് ഇതിനര്‍ഥം. ലാപ്‌ടോപ്പുകള്‍ മാത്രമല്ല, ഇമെയിലുകളും മൊബൈല്‍ ഫോണുകളുമൊക്കെ ഇന്ത്യയില്‍ നിരന്തരമായി ഹാക്ക് ചെയ്യപ്പെടുകയും ഭരണകൂടത്തിന്റെ കിങ്കരന്മാര്‍ കയറി വിളയാടുകളും ചെയ്യുന്നുണ്ട്. അത് ഐ.സംഘികളായാലും സാക്ഷാല്‍ 'ഏമാന്‍'മാരായാലും. നേരും നെറിയുമില്ലാത്ത ഒരു ഭരണകൂടത്തിന്റെ ഉപകരണങ്ങളായതുകൊണ്ടുതന്നെ അവരുടെ മാനസിക വൈകൃതങ്ങള്‍ ചോദ്യങ്ങളുന്നയിക്കുന്ന ഓരോ ആക്ടിവിസ്റ്റിന്റെയും കവിയുടെയും മനുഷ്യാവകാശ പ്രവര്‍ത്തകന്റെയും ഉറക്കംകെടുത്തുന്ന കൂടുതല്‍ ഭയാനകമായ നാളുകളാണ് വരാനിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."