'മകനെ അഭിനയിപ്പിക്കാനെത്തി, ഒടുവില്‍ നറുക്ക് വീണത് അച്ഛന്'; കോട്ടയം പ്രദീപിന്റെ വെള്ളിത്തിരയിലേക്കുള്ള കടന്നുവരവിലെ ട്വിസ്റ്റ്
ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാളിയുടെ മനസില്‍ നര്‍മം വിതറിയ കലാകാരനായിരുന്നു കോട്ടയം പ്രദീപ്. സ്വന്തമായ ഭാഷാ ശൈലികൊണ്ടും അവതരണ രീതികൊണ്ടും മലയാള സിനിമയിലെ നിറസാന്നിധ്യമായി. അദ്ദേഹത്തിന്റെ പേരീനേക്കാള്‍ ഉപരി ഡയലോഗുകളിലൂടെയാണ് മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഭക്ഷണത്തിന്റെ മെനു പറയുമ്പോള്‍ 'ഫിഷുണ്ട്, ചിക്കനുണ്ട്' പോലുള്ള തികച്ചും സാധാരണയായ ഒരു ഡയലോഗിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുഴുവന്‍ ചിരിപ്പിക്കാന്‍ കോട്ടയം പ്രദീപിന് മാത്രമേ കഴിയുള്ളു.
പത്താം വയസ്സില്‍ എന്‍.എന്‍.പിള്ളയുടെ 'ഈശ്വരന്‍ അറസ്റ്റില്‍' എന്ന നാടകത്തില്‍ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ കോട്ടയം പ്രദീപ് അന്‍പത് വര്‍ഷമായി നാടകരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍ വെള്ളിത്തിരയിലേക്ക് വരുന്നത് തികച്ചും അപ്രതീക്ഷിതമായാണ്. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിഫിലിമില്‍ ബാലതാരതങ്ങളെ വേണമെന്നറിഞ്ഞ് മകനുമൊത്ത് സെറ്റിലെത്തിയതായിരുന്നു പ്രദീപ്. എന്നാല്‍ ആ ടെലിഫിലിമില്‍ മകനല്ല മറിച്ച് മറ്റൊരു മുതിര്‍ന്ന വേഷത്തിലേക്ക് കോട്ടയം പ്രദീപിന് നറുക്ക് വീഴുകയായിരുന്നു.
1999ല്‍ ഐ.വി.ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് അന്ന് അഭിനയിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ പല തരത്തിലുള്ള വേഷങ്ങള്‍ അവതരിപ്പിച്ചു. തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2009ല്‍ ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ നായികയായ തൃഷയുടെ മലയാളി അമ്മാവനായി അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നന്ദു പൊതുവാള്‍ വഴി ഗൗതം മേനോന് മുന്നില്‍ ഓഡീഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങള്‍ വന്നെത്തി. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.
വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു പ്രദീപിന്റെ അന്ത്യം. വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോഹന്‍ലാല്‍ നായകനായി നാളെ പുറത്തിറങ്ങാന്‍ പോകുന്ന ആറാട്ട് എന്ന ചിത്രത്തില്‍ പ്രദീപ് അഭിനയിച്ചിട്ടുണ്ട്.
[caption id="attachment_1001520" align="alignnone" width="527"] പ്രദീപിന്റെ കുടുംബം[/caption]കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍ഐസി ഉദ്യോഗസ്ഥനായി.ഭാര്യ: മായ, മക്കള്‍: വിഷ്ണു, വൃന്ദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."