നിയമന കണക്കുകള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി: മുട്ടിലിഴയേണ്ടതും യുവജനങ്ങളോട് മാപ്പു പറയേണ്ടതും ഉമ്മന്‍ ചാണ്ടി; ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ചു പിണറായി
തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്‌സുകാര്‍ നടത്തുന്ന സമരത്തെ തള്ളി വീണ്ടും മുഖ്യമന്ത്രി. സമരത്തിന്റെ പ്രചാരകരായി പ്രതിപക്ഷ എം.എല്‍.എമാരും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമെത്തിയപ്പോള്‍ കണക്കുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി സമരക്കാരുടെ ആവശ്യത്തെ തള്ളിയത്. പ്രതിപക്ഷം മുതലെടുപ്പിനു ശ്രമിക്കുന്നു. ഉദ്യോഗത്തിനായി കാത്തിരിക്കുന്ന യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.
ഇവിടെ ചില ഉദ്യോഗാര്‍ഥികള്‍ മുന്‍ മുഖ്യമന്ത്രിയുടെ കാലില്‍ വീഴുന്നതുകണ്ടു. സത്യത്തില്‍ അദ്ദേഹമാണ് ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടത്. നിങ്ങളുടെ ഈ പ്രശ്‌നത്തിനെല്ലാം കാരണക്കാരന്‍ താനാണെന്നു പറഞ്ഞ് അദ്ദേഹം അവരോട് മാപ്പു പറയണം. മുട്ടിലിഴയേണ്ടതും പ്രതിപക്ഷ നേതാക്കളാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
കാലഹരണപെട്ട റാങ്ക് ലിസ്റ്റ് എങ്ങനെ പുനപ്പരിശോധിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ രണ്ടുവോട്ടു തട്ടാനുള്ള തന്ത്രം മാത്രമാണിതെന്നു ആര്‍ക്കാണ് മനസിലാകാത്തത്. അദ്ദേഹം ചോദിച്ചു. റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും നിയമനം ലഭിക്കുക അസാധ്യമാണ്. പട്ടികയിലുള്ള എല്ലാവര്‍ക്കും നിയമനം ലഭിക്കാന്‍ തസ്തിക സൃഷ്ടിക്കാനാവില്ല. അനന്തമായി റാങ്ക് ലിസ്റ്റ് നീട്ടുന്നത് ആ ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമല്ലേ ഉപകരിക്കൂ. അതിനാല്‍ അനന്തമായി റാങ്ക് ലിസ്റ്റ് നീട്ടില്ല. തസ്തികവെട്ടിച്ചുരുക്കാനും നിയമനനിരോധനത്തിനും ശുപാര്‍ശ ചെയ്തവരാണ് യു.ഡി.എഫുകാര്‍. മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗാര്‍ഥികളോട് ഈ സര്‍ക്കാരിന് അനുകമ്പമാത്രം. സാധ്യമായതെല്ലാം ചെയ്യും. മുഖ്യമന്ത്രി.
പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ യുവജനങ്ങള്‍ മനസിലാക്കണം. നിങ്ങളെ തള്ളിവിടുന്ന സമരത്തില്‍ പെട്ടുപോകരുത്. മൂ്ന്നുലക്ഷം പേരെ സ്ഥിരപ്പെടുത്തിയെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. ഈ കണക്ക് എവിടെ നിന്നാണെന്ന് മനസിലാകുന്നില്ല.
ഇടതുപക്ഷ സര്‍ക്കാരിന്റെ നാലു വര്‍ഷം ഏഴു മാസം നീണ്ട ഭരണത്തിനിടയില്‍ 4012 റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.
പൊലിസില്‍ 13825 നിയമനം നടത്തി. യു.ഡി.എഫ് ഭരണകാലത്ത് 4791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. എല്‍.ഡി.സിയില്‍ 19120. യു.ഡി.എഫ് കാലയളവില്‍ ഇത് 17711 മാത്രമായിരുന്നു. കേവിഡ് അടക്കമുള്ള സാഹചര്യങ്ങളെ നേരിട്ടാണ് സര്‍ക്കാര്‍ ഈ രീതിയില്‍ പ്രവര്‍ത്തിച്ചന്നും മുഖ്യമന്ത്രി പറഞ്ഞു.
1,57,990 നിയമന ശുപാര്‍ശകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി നല്‍കിയത്. 27000 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചു. ഇതുള്‍പ്പെടെ 44000 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. ഈ രീതിയില്‍ നിയമനങ്ങളും നിയമന ശുപാര്‍ശകളും നടപ്പാക്കി എന്നതാണ് കണക്ക്. പ്രധാന തസ്തികകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
എല്‍.ഡി.സിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1,77,11 നിയമനങ്ങള്‍ നടന്നു. ഇത് എല്‍ഡിഎഫ് 1,91,20 നിയമനങ്ങള്‍ നടത്തി. പൊലിസ്: യു.ഡി.എഫ് (4796), എല്‍.ഡി.എഫ് (13825). എല്‍.പി.എസ.്എ (എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ്): യു.ഡി.എഫ് (1630), എല്‍.ഡി.എഫ് (7322). യു.പി.എസ.്എ (യു.പി സ്‌കൂള്‍ അസിസ്റ്റന്റ്): യു.ഡി.എഫ് (802), എല്‍.ഡി.എഫ് (4446). സ്റ്റാഫ് നഴ്സ് ഹെല്‍ത്ത്: യു.ഡി.എഫ് (1608), എല്‍.ഡി.എഫ് (3607). അസിസ്റ്റന്റ് സര്‍ജന്‍ ഹെല്‍ത്ത്: യു.ഡി.എഫ് (2435), എല്‍.ഡി.എഫ് (3324). സ്റ്റാഫ് നഴ്സ് മെഡിക്കല്‍: യു.ഡി.എഫ് (924), എല്‍.ഡി.എഫ് (2200). ഇതുകൂടാതെ ആദിവാസി വിഭാഗത്തില്‍ നിന്ന് സ്പെഷ്യല്‍ പൊലിസ്, എക്സൈസ് വകുപ്പുകളിലും നിയമനം നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വിശദീകരിച്ചു.
സി.പി.ഒ നിയമനത്തിന് ഈ സര്‍ക്കാരിന്റെ കാലത്ത് അലംഭാവം കാണിച്ചിട്ടില്ല. രണ്ട് റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. എല്‍.ജി.എസ് കാര്യത്തില്‍ കാലാവധി ഓഗസ്റ്റ് വരെ നീട്ടിയിട്ടുണ്ട്. നിലവിലെ തസ്തികയില്‍ പോലും താത്ക്കാലികക്കാരെ നിയമിച്ചത് യു.ഡി.എഫ് സര്‍ക്കാരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."