കണ്ണൂരിൽ വരണമാല്യങ്ങളിലും മരണഗന്ധം
കണ്ണൂരിൽ ബോംബ് നിർമാണം കുടിൽ വ്യവസായം പോലെ വളരാൻ തുടങ്ങിയിട്ട് കാലമേറെയായി. കുട്ടികൾ കളിപ്പാട്ടം കൈകാര്യം ചെയ്യുന്നത് പോലെയാണ് രാഷ്ട്രീയപാർട്ടി നേതാക്കളുടെ ചട്ടുകങ്ങളായ, പ്രവർത്തകരെന്ന് പറയപ്പെടുന്നവർ ബോംബ് കൈകാര്യം ചെയ്യുന്നതും നിർമിക്കുന്നതും. ബോംബ് പൊട്ടി കൈപ്പത്തി തകർന്നവരെ കണ്ണൂരിൽ ധാരാളം കാണാം. ബോംബ് നിർമാണത്തിനിടയിലും എതിരാളിയെ ഉന്നം വച്ച് എറിയുന്നതിനിടയിലും പിഴവ് പറ്റിയാണ് ഇങ്ങനെ പലരും സ്വന്തം കൈപ്പത്തി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസവും അത്തരത്തിൽ ഒന്ന് കണ്ണൂരിൽ സംഭവിക്കുകയുണ്ടായി. രാഷ്ട്രീയപാർട്ടികളുടെ പകപോക്കലുകളിലായിരുന്നു സാധാരണയായി ബോംബേറ് നടന്നിരുന്നത്. എന്നാലിപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി കല്യാണ വീട്ടിലടക്കം ബോംബേറ് പരീക്ഷിച്ച സംഭവമാണ് കണ്ണൂർ ചാല പന്ത്രണ്ടാം കണ്ടിയിൽ ഉണ്ടായത്.
പവിത്രമായി നടക്കേണ്ട ഒരു ചടങ്ങാണ് വിവാഹം. രണ്ട് വ്യത്യസ്ത വ്യക്തികൾ ഒരു കുടുംബമായി പുലരുന്നതിന്റെ നാന്ദി കുറിക്കുന്ന അസുലഭ മുഹൂർത്തം. വരന്റെയും വധുവിൻ്റെയും വീട്ടുകാർ അതിനാൽ തന്നെ വിവാഹ ചടങ്ങുകളെ ആദരവോടെയാണ് നടത്താറ്. എന്നാൽ അടുത്ത കാലത്തായി കല്യാണ വീടുകളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ആഭാസങ്ങൾ ഇപ്പോൾ ഭീമാകാരം പൂണ്ട് ബോംബേറുകളിൽ വരെ എത്തിയിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഇത്തരമൊരു ബോംബ് സ്ഫോടനത്തിൽ ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെടുകയും ചെയ്തു.
കല്യാണ വീടുകളിൽ നടക്കുന്ന അക്രമങ്ങൾ ഇന്ന് വലിയൊരു സാമൂഹ്യപ്രശ്നമായി മാറിയിട്ടുണ്ട്. നിർദോഷമായ തമാശകളിൽ തുടങ്ങി ജീവനെടുക്കുന്നതിൽ വരെ ഇത് എത്തിനിൽക്കുമ്പോൾ വരണമാല്യങ്ങളിൽ മരണഗന്ധമാണ് ഇത്തരം താന്തോന്നിത്തരങ്ങൾ പടർത്തുന്നത്. വരനൊപ്പം വരുന്ന, കൂട്ടുകാരെന്ന് പറയപ്പെടുന്നവരുടെ അക്രമങ്ങളിൽ എത്രയോ പെൺവീട്ടുകാർക്ക് വലിയ കഷ്ടനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സാമ്പത്തിക നഷ്ടത്തിനു പുറമെ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുമ്പിൽ മാനഹാനിയും ഉണ്ടാകുന്നു. അപമാനിതരാകേണ്ടിവരുന്ന വീട്ടുകാരിൽ എത്രയോ കുടുംബങ്ങൾ മനസ് തകർന്ന് ഇത്തരം വിവാഹങ്ങൾ തന്നെ വേണ്ടെന്ന് വച്ചിട്ടുണ്ട്. എന്നിട്ടും കല്യാണ വീടുകളിലെ ആഭാസങ്ങൾക്ക് ഒരു കുറവും വന്നില്ല. ഒരുപക്ഷേ, നേരത്തെ പങ്കെടുത്ത സുഹൃത്തിന്റെ കല്യാണത്തിൽ ഇത്തരം ആഭാസങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിയാകാം വരൻ. അതിന് മറ്റുള്ളവർ പ്രതികാരം ചെയ്യുമ്പോൾ ഇത്തരം ക്രൂരതകളിലൊന്നും യാതൊരു പങ്കുമില്ലാത്ത വീട്ടുകാരാണ് അക്രമത്തിന് വിധേയരാകുന്നതും കണ്ണീരു കുടിക്കേണ്ടിവരുന്നതും. കല്യാണ വീട്ടിലേക്ക് ബോംബ് എറിയുന്ന പുതിയരീതി ഭയാനകമാണ്. ഒരിക്കലും അംഗീകരിക്കാൻ പാടില്ലാത്തതാണ്.
ചാല പന്ത്രണ്ടാം കണ്ടിയിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് കല്യാണ വീട്ടിനു സമീപം റോഡിൽ സംഭവിച്ചത് അത്തരത്തിൽ ഒന്നായിരുന്നു. ഉന്നം തെറ്റി അക്രമി സംഘത്തിലെ ഒരാളുടെ തലയിൽ തന്നെയാണ് ബോംബ് പതിച്ചത്. കല്യാണ വീട്ടിലെത്തിയ ചിലരെ ലക്ഷ്യം വച്ചായിരുന്നു ബോംബ് കൊണ്ടുവന്നതെന്ന് ഉറപ്പാണ്. കല്യാണത്തലേന്ന് രണ്ട് വിഭാഗമായി തിരിഞ്ഞുണ്ടായ സംഘർഷമാണ് പിറ്റേന്ന് ബോംബേറിൽ കലാശിച്ചത്.
കല്യാണത്തലേന്ന് ശനിയാഴ്ച രാത്രിവരന്റെ വീട്ടിൽ ഡാൻസും പാട്ടും നടക്കുന്നതിനിടയിൽ ഉണ്ടായ നിസാരമായ പ്രശ്നമാണ് ഒരാളുടെ മരണത്തിനും ചിലർക്ക് ഗുരുതരമായ പരുക്കേൽക്കാനും ഇടയാക്കിയ ബോംബ് സ്ഫോടനത്തിന് കാരണമെന്ന് വരുമ്പോൾ എത്രമാത്രം കലുഷിതമാണ് കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ സാമൂഹികാന്തരീക്ഷമെന്ന് ഭീതിയോടെ മാത്രമേ ഓർക്കാനാകൂ. നായ്ക്കുരുണ പൊടി വിതറുക. കാന്താരി മുളക് ജ്യൂസ് കുടിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ കല്യാണ വീടുകളിൽ നേരത്തെ നടന്നിരുന്നു. ഈ ക്രൂരത കാരണം പല വധൂവരന്മാർക്കും ആശുപത്രികളിൽ ചികിത്സവരെ തേടേണ്ടിവന്നിട്ടുണ്ട്. അതിനെയൊക്കെ കവച്ചുവയ്ക്കുന്നതായിരുന്നു തോട്ടടയിലെ ബോംബ് സ്ഫോടനം. കണ്ണൂരിൽ നടക്കുന്ന കല്യാണാഭാസങ്ങളെ ചോദ്യം ചെയ്യുന്നവരെ സംഘം ചേർന്ന് ആക്രമിക്കുന്നത് കൊണ്ട് ആരും എതിർക്കാനും തയാറാകുന്നില്ല. ഇത്തരം നെറികേടുകൾ ചോദ്യം ചെയ്ത ഒരു സാമൂഹിക പ്രവർത്തകനെ കണ്ണൂരിൽ ഒരു സംഘം വീട്ടിൽക്കയറി ആക്രമിച്ചിരുന്നു. അക്രമത്തിൽ വീട്ടുകാർക്കും പരുക്കേൽക്കുകയുണ്ടായി.
വധുവരന്മാരെ ചീമുട്ടയെറിയുന്നതും മണ്ണുമാന്തി യന്ത്രങ്ങളിലും സാങ്കൽപിക കസേരയിലും ഇരുത്തിക്കുന്നതടക്കമുള്ള അതിരുവിട്ട പ്രവർത്തനങ്ങൾക്ക് യുവജന സംഘടനകളുടെയും രാഷ്ട്രീയപാർട്ടികളുടെ ഇടപെടലുകളെത്തുടർന്ന് അറുതിവന്നതായിരുന്നു. 2008 ൽ തലശ്ശേരി വടക്കുമ്പാട്ടെ എസ്.എൻ പുരത്താണ് വിവാഹവീടുകളിലെ ആഭാസത്തിനെതിരായ ആദ്യ കൂട്ടായ്മ നിലവിൽ വന്നത്. ഇത്തരം കൂട്ടായ്മകൾ പിന്നീട് കണ്ണൂർ ജില്ലയിലൊട്ടാകെ ഉണ്ടായി. തുടർന്ന് സംസ്ഥാനത്താകെ ഇത്തരം കൂട്ടായ്മകൾ രൂപം കൊണ്ടതായിരുന്നു. അതിനാൽ വിവാഹ വീടുകളിൽ അരങ്ങേറിക്കൊണ്ടിരുന്ന ആഭാസങ്ങൾക്ക് അൽപം ശമനവും ഉണ്ടായിരുന്നു. എന്നാലിപ്പോൾ പഴയ താന്തോന്നിത്തരം ബോംബാക്രണത്തിലൂടെ മടങ്ങിയെത്തിയെന്ന് വേണം കരുതാൻ.
തലേ ദിവസമുണ്ടായ ഒരു നിസാര പ്രശ്നത്തിന്റെ പേരിൽ പിറ്റേന്ന് നടക്കുന്ന കല്യാണ ചടങ്ങിന് ഉഗ്രശേഷിയുള്ള ബോംബുമായി വരുന്ന മാനസികാവസ്ഥയിലേക്ക് തോട്ടടയിലെ യുവാക്കൾ വളരണമെങ്കിൽ കൊടുംക്രിമിനൽ മനസുള്ളവർക്കേ അതിന് കഴിയൂ എന്നുവേണം കരുതാൻ. ഇത് മുളയിലേ നുള്ളേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കും ബോംബേറുകൾക്കും ഒപ്പം കല്യാണ വീടുകളിലെ ഇത്തരം ബോംബ് സ്ഫോടന ദുരന്തങ്ങൾക്ക്കൂടി സാക്ഷരരെന്ന് അഭിമാനിച്ചുകൊണ്ടിരിക്കുന്ന കേരളീയ സമൂഹം സാക്ഷികളാകേണ്ടിവരും. വരണമാല്യങ്ങളിൽ വെടിമരുന്നു ഗന്ധം പടരാതിരിക്കാൻ, കണ്ണൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളും പ്രവർത്തകരും പൊലിസും ഇപ്പോഴേ ഉണർന്നുപ്രവർത്തിക്കേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."