'സുലാസിയതുല്‍ ഖാഹിറ' ചരിത്രമുറങ്ങുന്ന തെരുവുകളുടെ കഥ
മസ്‌കസ് ആസ്ഥാനമായുള്ള അറബ് റൈറ്റേഴ്‌സ് യൂനിയന്‍ അറബി ഭാഷയില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച നൂറ് നോവലുകളുടെ പട്ടിക 2001ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ഒന്നാംസ്ഥാനം നേടിയ കൃതി ഈജിപ്തിലെ നൊബേല്‍ ജേതാവായ നജീബ് മഹ്ഫൂസിന്റെ 'സുലാസിയതുല്‍ ഖാഹിറ' (കൈറോ നോവല്‍ത്രയം) ആയിരുന്നു. പിന്നീട് 2018ല്‍ ലണ്ടനിലെ വിഖ്യാതമായ ബാനിപല്‍ മാഗസിന്‍ അതിന്റെ 63ാം ലക്കത്തില്‍ നൂറ് മികച്ച അറബി നോവലുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ സുദാനിലെ ത്വയ്യിബ് സ്വാലിഹിന്റെ 'മൗസിമുല്‍ ഹിജ്‌റ ഇലല്‍ ശമാലി'ന് തൊട്ടുപിന്നില്‍ 41 നോമിനേഷനോടെ രണ്ടാംസ്ഥാനത്തെത്തിയതും 'സുലാസിയ' തന്നെയായിരുന്നു.
ഒന്നരനൂറ്റാണ്ട് കാലത്തെ മഹത്തായ ചരിത്രമുള്ള അറബി നോവല്‍ശാഖയില്‍ മറ്റൊരു കൃതിയും ഇത്രയേറെ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമായിട്ടുണ്ടാകില്ല. അറബിയിലെ ആദ്യ തലമുറ നോവലായ ഈ പരമ്പരയില്‍ മൂന്ന് കൃതികളാണുള്ളത്. 'ബൈനല്‍ ഖസ്‌റൈന്‍'-1956 (Palace Walk), 'ഖസ്‌റുല്‍ ശൗഖ്'-1957 (Palace of Desire), 'അല്‍സുക്കരിയ്യ'- 1957 (Sugar Street) എന്നീ മൂന്ന് നോവലുകളിലൂടെ കൈറോയിലെ സയ്യിദ് അഹ്‌മദ് അബ്ദുല്‍ ജവാദിന്റെയും അയാളുടെ കുടുംബത്തിലെ മൂന്ന് തലമുറകളുടെയും കഥയാണ് നജീബ് മഹ്ഫൂസ് പങ്കുവയ്ക്കുന്നത്. അത് രണ്ട് ലോകയുദ്ധങ്ങള്‍ക്കിടയില്‍ ഈജിപ്തില്‍ അരങ്ങേറിയ രാഷ്ട്രീയ ചരിത്രത്തിന്റെയും സാമൂഹികമാറ്റത്തിന്റെയും നേര്‍ചിത്രമാകുന്നു എന്നിടത്താണ് 'കൈറോ ട്രിലജി' വ്യത്യസ്തമാകുന്നത്.
ബൈനല്‍ ഖസ്‌റൈന്‍
'കൈറോ ട്രിലജി'യുടെ ഒന്നാം ഭാഗമായ 'ബൈനല്‍ ഖസ്‌റൈന്‍' 1917 മുതല്‍ 1919ലെ ഈജിപ്ത്യന്‍ വിപ്ലവം വരെ നടക്കുന്ന സംഭവവികാസങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 'കൊട്ടാരത്തെരുവ്' എന്ന പേരില്‍ ബി.എം സുഹ്‌റ ഈ ഭാഗം 2009ല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൈറോയിലെ ജമാലിയ്യ പ്രദേശത്തെ ബൈനല്‍ ഖസ്‌റൈനിയില്‍ (കൊട്ടാരത്തെരുവ്) ആണ് സയ്യിദ് അഹ്‌മദും കുടുംബവും താമസിക്കുന്നത്. നഹ്ഹാസീന്‍ തെരുവിലെ പലചരക്ക് കച്ചവടക്കാരനായ സയ്യിദ് തീര്‍ത്തും വ്യത്യസ്തനായൊരു വ്യക്തിത്വമാണ്. പുറത്ത് നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനാണെങ്കിലും വീട്ടിനുള്ളില്‍ ഏവരും അയാളെ ഭയക്കുന്നു. ഭര്‍ത്താവിന്റെ പുരുഷമേധാവിത്വം ചോദ്യംചെയ്യാനാകാതെ വീട്ടിനുള്ളില്‍ തളച്ചിടപ്പെടുന്ന ഭാര്യ അമീനയും അഞ്ച് മക്കളുമടങ്ങിയതാണ് സയ്യിദിന്റെ കുടുംബം. യാസീന്‍, ഫഫ്മി, കമാല്‍, ഖദീജ, ആയിശ എന്നീ മക്കളുടെ കൂട്ടത്തില്‍ യാസീന്‍ ആദ്യ ഭാര്യ ഹനിയ്യയില്‍ ജനിച്ച മകനാണ്. ഭാര്യയും മക്കളും തന്റെ തീരുമാനങ്ങളെ ചോദ്യംചെയ്യാതെ വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞേ തീരൂ എന്ന് വാശിപിടിക്കുമ്പോള്‍ തന്നെ സ്വന്തം അപധസഞ്ചാരത്തിന് യാതൊരു കുറവുമില്ലാത്തയാളാണ് സയ്യിദ്. എന്നാല്‍, തന്നോട് ചോദിക്കാതെ ഉമ്മയെ കാണാനായി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ വീട്ടില്‍നിന്ന് അടിച്ചിറക്കിവിടാന്‍ അയാള്‍ക്ക് യാതൊരു മടിയുമില്ല.
പിതാവിന്റെ പരസ്ത്രീബന്ധ താല്‍പര്യം മൂത്ത മകനായ യാസീനും ലഭിച്ചിട്ടുണ്ട്. മകന്‍ 'നേര്‍വഴിക്കു നടക്കട്ടെ' എന്ന് കരുതി സയ്യിദ് സുഹൃത്തിന്റെ മകളായ സൈനബിനെ യാസീന് വിവാഹം ചെയ്തുകൊടുത്തു. എന്നാല്‍ വീട്ടുജോലിക്കാരിയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിക്കുന്ന യാസീനെ ഉപേക്ഷിച്ചുപോവുകയാണ് സൈനബ്. സയ്യിദിന്റെ ഭാര്യക്കോ പെണ്‍മക്കള്‍ക്കോ ഇല്ലാത്ത ഇച്ഛാശക്തിയാണ് ഇവിടെ സൈനബിനെ നയിച്ചത്. രണ്ടാമത്തെ മകനായ ഫഹ്‌മി ലോ കോളജ് വിദ്യാര്‍ഥിയാണ്. ഒന്നാംലോകയുദ്ധാനന്തരം ഈജിപ്തിലെ ബ്രിട്ടിഷ് പ്രൊട്ടക്ടറേറ്റ് ഭരണം അവസാനിപ്പിക്കാനായി 1919ലെ ജനകീയ പ്രക്ഷോഭമാരംഭിച്ചപ്പോള്‍ അതില്‍ മുന്നണിപ്പോരാളിയായിരുന്നു ഫഹ്‌മി. ഏറ്റവും ഇളയ സന്തതിയായ കമാലാകട്ടെ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
ഉമ്മ അമീനയെ പോലെ പിതാവിനെ പേടിച്ച് കഴിയുന്നവരാണ് പെണ്‍മക്കളായ ഖദീജയും ആയിശയും. ശൗഖത്ത് കുടുംബത്തിലെ സഹോദരന്മാരായ ഖലീല്‍ ആയിശയെയും ഇബ്‌റാഹീം ഖദീജയെയും വിവാഹം കഴിക്കുന്നു. 1919ലെ വിപ്ലവനായകനായിരുന്ന സഅദ് സഅലൂല്‍ ബ്രിട്ടിഷുകാരുടെ തടവില്‍നിന്ന് മോചിതനായതിനെ തുടര്‍ന്ന് നടന്ന ആഹ്ലാദപ്രകടനത്തിന് നേരെ പട്ടാളം നടത്തിയ വെടിവയ്പില്‍ സയ്യിദിന്റെ രണ്ടാമത്തെ മകന്‍ ഫഹ്‌മി കൊല്ലപ്പെടുന്നതോടെയാണ് 'കൊട്ടാരത്തെരുവ്' അവസാനിക്കുന്നത്. ദൈവം കരുണാമയനാണെന്നും അവന്‍ തന്റെ ഏത് കൊള്ളരുതായ്മയും പൊറുത്തുതരുമെന്നും വിശ്വസിക്കുന്ന സേച്ഛാധിപതിയായ സയ്യിദ് അഹ്‌മദിനെയാണ് 'ബൈനല്‍ ഖസ്‌റൈന്‍' അവതരിപ്പിക്കുന്നത്.
ഖസ്‌റുല്‍ ശൗഖ്
'കൈറോ ട്രിലജി'യുടെ രണ്ടാം ഭാഗമായ 'ഖസ്‌റുല്‍ ശൗഖ്' കൊട്ടാരത്തെരുവ് അവസാനിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സംഭവങ്ങളോടെയാണ് ആരംഭിക്കുന്നത്. 1924 മുതല്‍ 1927 ഓഗസ്റ്റ് വരെയുള്ള കാലത്ത് ഈജിപ്തില്‍ അരങ്ങേറിയ സംഭവവികാസങ്ങളിലേക്കുള്ള സൂചനകള്‍ ഈ ഭാഗത്ത് കാണാം. ബ്രിട്ടിഷ് പ്രൊട്ടക്ടറേറ്റ് അവസാനിക്കുന്നതും ഭരണഘടന നിലവില്‍വരുന്നതും ആദ്യ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി സഅദ് സഅലൂലിന്റെ നേതൃത്വത്തിലുള്ള വഫദ് പാര്‍ട്ടി അധികാരത്തിലെത്തുന്നതുമായ കാലമാണിത്. മകന്‍ ഫഹ്‌മിയുടെ മരണത്തില്‍ മനംനൊന്ത് കഴിയുകയായിരുന്ന സയ്യിദ് അഹ്‌മദ് വീണ്ടും തന്റെ പഴയ 'സാഹസികത'കളിലേക്ക് മടങ്ങിപ്പോവുകയാണ്. ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് വിഭാര്യനായി കഴിയുന്ന മൂത്ത മകന്‍ യാസീന് അയല്‍വാസിയായ മര്‍യത്തെ വിവാഹംചെയ്തു കൊടുക്കുന്നു. എന്നാല്‍ പിതാവിന് രഹസ്യബന്ധമുള്ള സന്നൂബയെന്ന സ്ത്രീയെ കൂടി യാസീന്‍ പ്രണയിക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു. പിതാവിന്റെ എതിര്‍പ്പ് അവഗണിച്ച് യാസീന്‍ സന്നൂബയെ തന്റെ ഉമ്മയുടെ ഓഹരിയായ 'ഖസ്‌റുല്‍ ശൗഖി'(മോഹത്തെരുവ്)ലെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുന്നു. ഇത് ചോദ്യംചെയ്യുന്ന ഭാര്യ മര്‍യത്തെ ഉപേക്ഷിക്കാനാണ് യാസീന്‍ ശ്രമിക്കുന്നത്.
ഇളയ മകനായ കമാല്‍ സര്‍വകലാശാല വിദ്യാര്‍ഥിയാണിപ്പോള്‍. പിതാവ് ലോ കോളജില്‍ ചേരാന്‍ പറഞ്ഞെങ്കിലും അതനുസരിക്കാതെ ആര്‍ട്‌സ് കോളജിലാണ് കമാല്‍ പഠിക്കുന്നത്. അധ്യാപകനാകാനാണ് ആഗ്രഹം. സമ്പന്നനായ സുഹൃത്ത് ഹുസൈന്‍ ശദ്ദാദിന്റെ സഹോദരി ഐദയെ അവനിഷ്ടമാണ്. എന്നാല്‍ ഇടത്തരം കുടുംബത്തില്‍നിന്ന് വരുന്ന കമാലിന് പകരം ഐദ തിരഞ്ഞെടുക്കുന്നത് സമ്പന്നനായ ഹസന്‍ സാലിമിനെയാണ്. സയ്യിദിന്റെ പെണ്‍മക്കളായ ഖദീജയും ആയിശയും അവരുടെ കുടുംബത്തിനൊപ്പം താമസിക്കുന്നത് 'അല്‍സുക്കരിയ്യ'(മിഠായിത്തെരുവ്)യിലാണ്. ഖദീജയ്ക്ക് രണ്ട് ആണ്‍മക്കളാണ്. അബ്ദുല്‍ മുന്‍ഇമും അഹ്‌മദും. ആയിശക്ക് മക്കള്‍ മൂന്നുപേര്‍. മുഹമ്മദും ഉസ്മാനും നഈമയും. ടൈഫോയിഡ് ബാധിച്ച് ആയിശയുടെ ഭര്‍ത്താവ് ഖലീലും ആണ്‍മക്കളും ഒരേ ദിവസം മരിക്കുന്നത് കുടുംബത്തെയാകെ ദുഃഖത്തിലാഴ്ത്തി. യാസീന് സന്നൂബയില്‍ കരീമ എന്ന പെണ്‍കുഞ്ഞ് ജനിക്കുന്നതോടെയാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്. 1927 ഓഗസ്റ്റില്‍ സഅദ് സഅലൂല്‍ മരിക്കുന്നതും ഇതേ സമയത്ത് തന്നെയാണ്.
അല്‍സുക്കരിയ്യ
'കൈറോ ട്രിലജി'യിലെ ഏറ്റവും ശ്രദ്ധേയമായ മൂന്നാം ഭാഗം 'അല്‍സുക്കരിയ്യ' (Sugar Street, 1957) ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സംഭവങ്ങളോടെയാണ് ആരംഭിക്കുന്നത്. 1935 ജനുവരി മുതല്‍ രണ്ടാം ലോകയുദ്ധം അവസാനിക്കാറായ 1944 വരെയുള്ള കഥയാണ് മൂന്നാം ഭാഗത്ത് ഇതള്‍വിരിയുന്നത്. സയ്യിദ് അഹ്‌മദിന്റെ പേരക്കുട്ടികളുടെ കാലമാണിത്. പഴയ പ്രതാപമൊക്കെ അവസാനിച്ച് ശയ്യാവലംബിയായ സയ്യിദിനെയാണ് ഈ ഭാഗത്ത് കാണുന്നത്. അയാളുടെ വാക്കുകള്‍ക്കൊന്നും ഇപ്പോള്‍ കുടുംബത്തില്‍ വലിയ വിലയൊന്നുമില്ല. ഇളയ മകനായ കമാലും വിധവയായ ആയിശയും മകള്‍ നഈമയും കൊട്ടാരത്തെരുവിലെ കുടുംബവീട്ടിലുണ്ട്. യാസീനും സന്നൂബയും മക്കളായ റിസ്‌വാനും കരീമയ്ക്കുമൊപ്പം 'മോഹത്തെരുവി'ലാണ് താമസം. യാസീന്റെ ആദ്യ വിവാഹത്തിലുണ്ടായ മകനാണ് റിസ്‌വാന്‍. സയ്യിദിന്റെ മൂത്ത മകള്‍ ഖദീജ ഭര്‍ത്താവായ ഇബ്‌റാഹീം ശൗഖത്തിനും മക്കളായ അബ്ദുല്‍ മുന്‍ഇമിനും അഹ്‌മദിനുമൊപ്പം മിഠായിത്തെരുവിലെ ഭര്‍തൃവീട്ടിലാണ് താമസം.
സിലഹ്ദാര്‍ പ്രൈമറി സ്‌കൂളിലെ ഇംഗ്ലിഷ് അധ്യാപകനാണ് ഇളയ മകനായ കമാല്‍ ഇപ്പോള്‍. ഐദയുമായുള്ള പ്രണയനഷ്ടത്തിന് ശേഷം വര്‍ഷങ്ങളേറെ കഴിഞ്ഞെങ്കിലും വിവാഹമൊന്നും കഴിക്കാതെ അസഹനീയമായ അസ്തിത്വപ്രതിസന്ധി നേരിടുകയാണ് കമാല്‍. 'അല്‍ഫിക്ര്‍' മാസികയില്‍ തത്വചിന്താപരമായ ലേഖനങ്ങള്‍ എഴുതുന്ന കമാല്‍ ആ കുടുംബത്തില്‍ ശരിക്കുമൊരു അന്യഗ്രഹജീവിയായി മാറുന്ന കാഴ്ചയാണ് 'മിഠായിത്തെരുവ്' സമ്മാനിക്കുന്നത്. ശരിക്കുപറഞ്ഞാല്‍ കമാലിന്റെയും സയ്യിദിന്റെ ചെറുമക്കളുടെയും കഥയാണ് ഈ ഭാഗം.
ഈജിപ്തില്‍ ഇഖ്‌വാന്‍ അല്‍ മുസ്‌ലിമൂനും (മുസ്‌ലിം ബ്രദര്‍ഹുഡ്) കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഉടലെടുക്കുന്ന കാലമാണിത്. ഖദീജയുടെ മൂത്ത മകന്‍ അബ്ദുല്‍ മുന്‍ഇം ബ്രദര്‍ഹുഡ് പ്രവര്‍ത്തകനും ഇളയ മകന്‍ അഹ്‌മദ് കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനുമാണ്. അവരെ അവയില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല. യാസീന്റെ മകനായ റിസ്‌വാന്‍ വഫദ് പാര്‍ട്ടിയിലെ അബ്ദുല്‍ റഹീം പാഷ എന്ന രാഷ്ട്രീയക്കാരനുമായി അടുക്കുന്നു. സ്വവര്‍ഗാനുരാഗിയായ റിസ്‌വാന് അതിലൂടെ വലിയ സര്‍ക്കാര്‍ ജോലി ലഭിക്കുന്നു. പിതാവിന്റെ ജോലിക്കയറ്റത്തിനും അബ്ദുല്‍ മുന്‍ഇമിന് വിദ്യാഭ്യാസ വകുപ്പില്‍ ജോലി തരപ്പെടുത്തുന്നതിനും കമാലിന്റെ സ്ഥലംമാറ്റം തടയുന്നതിനുമൊക്കെ റിസ്‌വാന്റെ ബന്ധങ്ങളാണ് തുണയാകുന്നത്.
ഖദീജയുടെ ഇളയ മകനായ അഹ്‌മദാകട്ടെ മാതാപിതാക്കളെ ധിക്കരിച്ച് 'അല്‍ ഇന്‍സാനുല്‍ ജദീദ്' എന്നൊരു കമ്യൂണിസ്റ്റ് പ്രസിദ്ധീകരണത്തില്‍ പത്രപ്രവര്‍ത്തകനായി മാറുന്നു. വീട്ടുകാരറിയാതെ സൂസന്‍ ഹമ്മാദ് എന്ന സഹപ്രവര്‍ത്തകയെ വിവാഹവും ചെയ്യുന്നു. ആയിശയുടെ മകള്‍ നഈമയെ അബ്ദുല്‍ മുന്‍ഇമിന് വിവാഹം ചെയ്തുകൊടുക്കുന്നത് ഈ സമയത്താണ്. എന്നാല്‍ കടിഞ്ഞൂല്‍പ്രസവത്തിനിടയില്‍ നഈമ മരണപ്പെടുന്നു. കുറേക്കാലം കഴിയുമ്പോള്‍ യാസീന്റെയും സന്നൂബയുടെയും മകളായ കരീമയെ അബ്ദുല്‍ മുന്‍ഇം വിവാഹംചെയ്യുന്നു.
രണ്ടാം ലോകയുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടെ കൈറോയില്‍ ജര്‍മന്‍ വ്യോമാക്രമണം നടക്കുന്ന രാത്രികളിലൊന്നില്‍ ആ സമ്മര്‍ദം താങ്ങാനാകാതെ സയ്യിദ് അഹ്‌മദ് മരണപ്പെടുന്നു. ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ബ്രദര്‍ഹുഡ് പ്രവര്‍ത്തകനായ അബ്ദുല്‍ മുന്‍ഇമിനെയും കമ്യൂണിസ്റ്റുകാരനായ അഹ്‌മദിനെയും മിഠായിത്തെരുവിലെ വീട് റെയ്ഡ് ചെയ്ത് പൊലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു. സയ്യിദിന്റെ വേര്‍പാടില്‍ വിഷമിച്ചുകഴിയുകയായിരുന്ന അമീന ഉമ്മയ്ക്ക് ഈ അവസാന ആഘാതം കൂടി താങ്ങാനാകുന്നില്ല. പക്ഷാഘാതം വന്ന് കിടപ്പിലായ അമീന മരണം കാത്ത് കിടക്കുന്നിടത്താണ് 'അല്‍സുക്കരിയ്യ' അവസാനിക്കുന്നത്.
നൂറ്റാണ്ടിന്റെ കഥ
സയ്യിദ് അഹ്‌മദിന്റെ കുടുംബത്തിലെ മൂന്ന് തലമുറകളുടെ കഥ പറയുമ്പോഴും അക്കാലത്ത് ഈജിപ്തില്‍ എന്തെല്ലാം നടന്നോ അതെല്ലാം 'കൈറോ ട്രിലജി'യില്‍ നജീബ് മഹ്ഫൂസ് ചിത്രീകരിക്കുന്നുണ്ട്. സഅദ് സഅലൂലിന്റെ മരണശേഷം ഏറ്റവും വലിയ രാഷ്ട്രീയസംഘടനയായ വഫദ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബ്രിട്ടിഷുകാര്‍ക്കും കൊട്ടാരത്തിനുമെതിരേ അരങ്ങേറിയ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍, മുസ്തഫാ നഹ്ഹാസ് എന്ന ദേശീയ നേതാവിന്റെ രംഗപ്രവേശം, ഫാറൂഖ് ഈജിപ്തിന്റെ രാജാവാകുന്നത്, വഫദ് പാര്‍ട്ടിയിലുണ്ടാകുന്ന പിളര്‍പ്പ്, മുസ്‌ലിം ബ്രദര്‍ഹുഡിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും സ്വാധീനം, കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കിടയിലുണ്ടാകുന്ന അരക്ഷിതാവസ്ഥയും മക്‌റം ഉബൈദിനെപ്പോലുള്ള കോപ്റ്റിക് നേതാക്കള്‍ നേരിട്ടിരുന്ന വിവേചനവും അടക്കം ഒട്ടേറെ രാഷ്ട്രീയ മുഹൂര്‍ത്തങ്ങളിലൂടെയാണ് ട്രിലജിയുടെ മൂന്നാം ഭാഗമായ 'അല്‍സുക്കരിയ്യ' കടന്നുപോകുന്നത്.
ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് കഥാഗതി പുരോഗമിക്കുന്നത് മൂന്നാം ഭാഗത്തില്‍ കൂടുതല്‍ വേഗത്തിലാണ്. കൂടുതല്‍ പൊളിറ്റിക്കലായ ഈ ഭാഗത്ത് തത്വചിന്താപരമായ ധാരാളം ചര്‍ച്ചകള്‍ക്ക് മഹ്ഫൂസ് ഇടംകണ്ടെത്തുന്നുണ്ട്. കമാലിന്റെ അസ്തിത്വപ്രതിസന്ധികള്‍ എഴുത്തുകാരന്റെ തന്നെ ആകുലതകളാണെന്ന് നിരൂപകര്‍ സമര്‍ഥിക്കുന്നുണ്ട്. നാട് അതിവേഗം പാശ്ചാത്യ സാമൂഹികാവസ്ഥകളെ പുണരുന്നത് വളരെ തന്മയത്വത്തോടെയാണ് മഹ്ഫൂസ് ചിത്രീകരിച്ചിരിക്കുന്നത്. കുടുംബനാഥന്റെ പുരുഷാധിപത്യപ്രവണതകളെ അനുസരിച്ച് ജീവിക്കുന്ന ഭാര്യയെയോ മക്കളെയോ ഈ ഭാഗത്ത് കാണാനാകില്ല. സ്വന്തം ഭാവി തീരുമാനിക്കുന്നതില്‍ പെണ്‍കുട്ടികളെ തടയാന്‍ പുരുഷന്മാര്‍ക്ക് കഴിയുന്നില്ല. ശരിക്കും ഈജിപ്തുകാര്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന പാരമ്പര്യ മൂല്യങ്ങള്‍ക്കെതിരേ കൂടെ പൊരുതുന്നതായാണ് 'അല്‍സുക്കരിയ്യ' ചിത്രീകരിക്കുന്നത്.
ചാള്‍സ് ഡിക്കന്‍സ് ലണ്ടനിലെ തെരുവുകളെ വര്‍ണിച്ചതുപോലെ കൈറോയിലെ ജമാലിയ്യയിലുള്ള വിവിധ തെരുവോരങ്ങളെ വായനക്കാരന് മുന്നില്‍ തുറന്നുവയ്ക്കുകയാണ് എഴുത്തുകാരന്‍. അങ്ങനെ സയ്യിദ് അഹ്‌മദും സന്തതികളും അറബി നോവല്‍ശാഖയിലെ ഏറ്റവും പ്രശസ്തരായ കഥാപാത്രങ്ങളായി മാറുന്നു. 1952 ജൂലൈയില്‍ ഫാറൂഖ് രാജാവിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുക്കുന്നതിന് മുമ്പുള്ള നാല് വര്‍ഷം കൊണ്ടാണ് മഹ്ഫൂസ് 'കൈറോ ട്രിലജി' എഴുതിത്തീര്‍ത്തത്. ഈജിപ്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ അല്‍ അഹ്‌റാമില്‍ പരമ്പരയായാണ് നോവല്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്നത്. 'സുലാസിയ്യ' നിരൂപണം ചെയ്യുന്ന ലേഖനത്തില്‍ 'വിഖ്യാതനായ നോവലിസ്റ്റ്' എന്നാണ് മഹ്ഫൂസിനെ ഡോ. ത്വാഹാ ഹുസൈന്‍ വിലയിരുത്തുന്നത്.
സല്‍മാന്‍ റുഷ്ദിയുടെ 'മിഡ്‌നൈറ്റ് ചില്‍ഡ്രനി'ലേത് പോലെയുള്ള തലമുറ നോവലുകള്‍ പില്‍ക്കാലത്ത് അറബിയില്‍ ഏറെയുണ്ടായി. 'കൈറോ ട്രിലജി' തുടങ്ങിവച്ച നോവല്‍ സംസ്‌കാരമാണ് 20ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ അറബിയില്‍ പിന്നീട് പ്രചാരം നേടിയത്. 1956-57 കാലയളവിലാണ് കൈറോ ട്രിലജിയുടെ മൂന്ന് ഭാഗങ്ങള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നത്. ആ വര്‍ഷം തന്നെ സാഹിത്യത്തിനുള്ള സ്റ്റേറ്റ് പ്രൈസ് നല്‍കിയാണ് ഈജിപ്ത് മഹ്ഫൂസിനെ ആദരിച്ചത്. 1988ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം മഹ്ഫൂസിന് സമ്മാനിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള സ്വീഡിഷ് അക്കാദമിയുടെ പ്രസ്താവനയിലും പ്രത്യേകം പരാമര്‍ശിച്ച കൃതികളിലൊന്ന് 'കൈറോ ട്രിലജി' ആയിരുന്നു. 30 വര്‍ഷത്തോളം നീണ്ട ഒരു കുടുംബത്തിന്റെ വിധിയുടെ ചിത്രം ആ നാടിന്റെ കഥ കൂടിയാകുന്നു എന്നതാണ് മഹ്ഫൂസിന്റെ തൂലികയിലൂടെ പിറവിയെടുത്ത ഈ നോവല്‍ പരമ്പരയെ ഇപ്പോഴുമൊരു സാഹിത്യവിസ്മയമായി നിലനിര്‍ത്തുന്നത്. 'അല്‍സുക്കരിയ്യ'യുടെ മലയാള പരിഭാഷ 'മിഠായിത്തെരുവ്' എന്ന പേരില്‍ അടുത്തിടെ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."