'ചെന്നിത്തലയുടെ മനോനില തെറ്റിയിരിക്കുകയാണ്'; ആരോപണം അസംബന്ധമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു കമ്പനിയുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് അസംബന്ധം വിളിച്ചുപറയുകയാണെന്ന് അവര്‍ പറഞ്ഞു. അമേരിക്കന്‍ കമ്പനി ഇ.എം.സി.സിക്ക് കേരളതീരത്ത് മീന്‍ പിടിക്കാന്‍ അനുമതി നല്‍കിയെന്ന ആരോപണത്തോടെ പ്രതികരിക്കുകയായിരുന്നു മന്ത്രി.ഇത്തരത്തിലൊരു കമ്പനിയ്ക്ക് രജിസ്‌ട്രേഷനോ അനുമതിയോ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അസന്റ് കേരളയില്‍ എന്ത് ചര്‍ച്ചയ്ക്ക് വന്നുവെന്ന് അറിയില്ല. അതില്‍ താനില്ല. വ്യവസായ വകുപ്പുമായി കരാറിലേര്‍പ്പെട്ടോ എന്നത് പ്രശ്നമല്ല. ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് അനുമതി നല്‍കേണ്ടത് ഫിഷറീസ് വകുപ്പാണ്. എന്നാല്‍ ഫിഷറീസ് വകുപ്പിന്റെ മുന്നില്‍ ഇത്തരമൊരു അപേക്ഷയില്ല. വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്ന പ്രശ്നമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ പ്രതിപക്ഷനേതാവ് നടത്തുന്ന അവസാനശ്രമം മാത്രമാണിത്. പ്രതിപക്ഷ നേതാവിന് അടുത്ത കാലത്തായി മാനസിക നില തെറ്റിയിരിക്കുകയാണ്. അടിസ്ഥാനമില്ലാത്ത എന്തെങ്കിലും ഒക്കെ വിളിച്ചു പറയുകയാണ്.
പ്രതിപക്ഷ നേതാവിന് എന്തെങ്കിലും ഒക്കെ ബോംബ് പൊട്ടിച്ചു പോകണമെന്ന അത്യാര്‍ത്തി കൊണ്ടു പറയുന്നതാണ്. ഇതൊന്നും കേരളത്തില്‍ ഏശാന്‍ പോകുന്നില്ല. മല്‍സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹത്തോടെയാണ് ഈ പണിയുമായി ഇറങ്ങിത്തിരിച്ചതെങ്കില്‍, ആ വെച്ച പരിപ്പ് വാങ്ങിവെച്ചേക്കാനും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."