ഗോകുലം ഗോപാലൻ്റെ ചിട്ടിക്കടയിലെ മാനേജരല്ല താനെന്ന് സുഭാഷ് വാസു
ഹരിപ്പാട്
ഗോകുലം ഗോപാലൻ്റെ ചിട്ടിക്കടയിലെ മാനേജരല്ല താനെന്നും രക്ഷകനായി വന്നയാൾ കാലനായി മാറിയെന്നും ബി.ഡി.ജെ.എസ് മുൻ നേതാവ് സുഭാഷ് വാസു.
സമുദായത്തിലെ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ എൻജിനീയറിങ് വിദ്യാഭ്യാസവും തൊഴിലും നൽകുന്നതിനാണ് സമുദായത്തിലെ സമ്പന്നരുടെ പക്കൽനിന്നു ഷെയർ സ്വീകരിച്ച് ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ് എന്ന സ്ഥാപനം ആരംഭിച്ചത്. വലിയ പിന്തുണയാണ് വെള്ളാപ്പള്ളി നടേശൻ നൽകിയത്. എന്നാൽ, കൂടെനിന്ന ചിലരുടെ കെടുകാര്യസ്ഥത, സാമ്പത്തിക ക്രമക്കേട് എന്നിവ മൂലം വലിയ സാമ്പത്തിക ബാധ്യതയുണ്ടായി.
ഈ ഘട്ടത്തിലാണ് ഗോകുലം ഗോപാലൻ്റെ സഹായം സ്വീകരിച്ചത്. 15 കോടി തരാമെന്നു പറഞ്ഞയാൾ വെറും ഒരു കോടി രൂപ മാത്രമാണ് തന്നത്. ഗതികേട് കൊണ്ടാണ് ആ സഹായം സ്വീകരിച്ചത്. കോളജിന്റെ പേര് മാറ്റണമെന്നും വെള്ളാപ്പള്ളിയേയും മോശമായി ചിത്രീകരിക്കണമെന്നും നിരന്തരം അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നും സുഭാഷ് വാസു ആരോപിച്ചു. അനധികൃത മാർഗങ്ങളിലൂടെയാണ് ആയിരക്കണക്കിന് ഏക്കർ ഭൂമി കേരളത്തിൽ ഇയാൾ തട്ടിയെടുത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."