ജിദ്ദ - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രെസ് സർവീസ് ആരംഭിച്ചു
ജിദ്ദ: എയർ ഇന്ത്യ എക്സ്പ്രസ് ജിദ്ദ - കോഴിക്കോട് സെക്ടറിൽ സർവീസ് ഇന്നലെ മുതൽ ആരംഭിച്ചു. കോഴിക്കോട് (കരിപ്പൂർ) നിന്നും 165 യാത്രക്കാരുമായി ജിദ്ദയിലെത്തിയ ആദ്യ വിമാനം 170 യാത്രക്കാരുമായി തിരിച്ചു പറന്നു. കോഴിക്കോട് - ജിദ്ദ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചത് ജിദ്ദയിലെ മലബാർ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ്.
189 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനങ്ങൾ ഉപയോഗിച്ചാണ് എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് - ജിദ്ദ സർവീസ് നടത്തുന്നത്. നേരത്തെ നാനൂറിലധികം പേർക്ക് സഞ്ചരിക്കാവുന്ന എയർ ഇന്ത്യ ജംബോ വിമാനം ഈ സെക്ടറിൽ സർവീസ് നടത്തിയിരുന്നു. അത് പോലെ സൗദി എയർലൈൻസിന്റെ വലിയ ഇടത്തരം വിമാനവും സർവീസ് നടത്തിയിരുന്നു.
2020 ഓഗസ്റ്റിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തെ തുടർന്നാണ് വലിയ വിമാനങ്ങളുടെ സർവീസ് നിർത്തി വെച്ചത്ത്. അനുമതി ഇല്ലാത്തതിനാൽ എയർ ഇന്ത്യ ജംബോ, സഊദി എയർലൈൻസ് വിമാനങ്ങൾ ഇത് വരെ സർവീസ് പുനരാരംഭിച്ചിട്ടില്ല.
നിലവിൽ ഇൻഡിഗോ ജിദ്ദ - കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നുണ്ട്. ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ്സ് കൂടി സർവീസ് ആരംഭിച്ചത് മലബാറിലെ പ്രവാസികൾക്ക് ആശ്വാസകരമാണ്. അടുത്ത മാസം മുതൽ ചൊവ്വ ഒഴികെ എല്ലാ ദിവസങ്ങളിലും എയർ ഇന്ത്യ എക്സ്പ്രെസ്സ് ജിദ്ദ - കോഴിക്കോട് സർവീസ് ഉണ്ടാവും. ജിദ്ദ - കോഴിക്കോട് സെക്ടറിൽ നിറുത്തി വെച്ച വലിയ വിമാനങ്ങളുടെ സർവീസ് ഉടനെ പുന:രാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."