മുലപ്പാലിന്റെ മഹിമ
ഭാഷയില്‍ കൃത്യമായ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ ദേശീയ നേതാക്കളില്‍ പ്രധാനപ്പെട്ട രണ്ടുപേര്‍ ഇത് വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു - ഗാന്ധിജിയും റാം മനോഹര്‍ ലോഹ്യയും. മഹാത്മാവിന് മാതൃഭാഷയായ ഗുജറാത്തിക്കു പുറമെ ഇംഗ്ലീഷും ഹിന്ദിയും വശമായിരുന്നു; ഈ മൂന്ന് ഭാഷയിലും എഴുതുവാനും പ്രസംഗിക്കുവാനും കഴിഞ്ഞിരുന്നു. ഉത്തര്‍പ്രദേശുകാരനായ ലോഹ്യയ്ക്ക് മാതൃഭാഷയായ ഹിന്ദിക്കു പുറമെ പ്രധാനമായും ഇംഗ്ലീഷും ജര്‍മ്മനും അറിയാമായിരുന്നു. ജര്‍മ്മനിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ലോഹ്യ ഗവേഷണപ്രബന്ധം എഴുതിയത് ജര്‍മ്മന്‍ ഭാഷയിലാണ്.
ഈ രണ്ട് നേതാക്കളും ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ ഇംഗ്ലീഷ് നടത്തുന്ന ദുരാധിപത്യത്തെ എതിര്‍ക്കുകയും മാതൃഭാഷ, രാഷ്ട്രഭാഷ എന്നീ സങ്കല്‍പ്പങ്ങള്‍ക്ക് രാഷ്ട്രീയത്തിലുള്ള സ്ഥാനം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.
ഇംഗ്ലീഷുകാരുടെ ഭരണത്തെ എതിര്‍ത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുമ്പോഴും ഇംഗ്ലീഷുകാരെ സ്‌നേഹിക്കുകയും അവരുടെ ഭാഷയെ ബഹുമാനിക്കുകയും ചെയ്തിരുന്ന ഗാന്ധിജി 'ഇംഗ്ലീഷ് നമ്മുടെ ഹൃദയത്തിലെ ഏറ്റവും പ്രിയപ്പെട്ട ഭാഗം കൈയേറുകയും നമ്മുടെ മാതൃഭാഷകളെ സ്ഥാനഭ്രഷ്ടങ്ങളാക്കുകയും ചെയ്യുന്നതിനെപ്പറ്റി സ്വന്തം നാട്ടുകാരെ നിരന്തരം താക്കീത് ചെയ്തിരുന്നു; 'ഇംഗ്ലീഷ് ഭ്രമത്തില്‍നിന്ന് വിടുതി നേടുന്നത് സ്വരാജിന് അത്യന്താപേക്ഷിതമാണ് 'എന്ന് ആവര്‍ത്തിച്ചിരുന്നു. ഇംഗ്ലീഷിനോടുള്ള വിധേയത്വത്തിലൂടെ 'അനുകര്‍ത്താക്കളെ മാത്രമാണ് നാം സൃഷ്ടിക്കുന്നതെ'ന്നും അത് നമ്മുടെ സംസ്‌ക്കാരത്തിന് ആപത്താണെന്നും ആ നേതാവിന് ഉത്തമബോധ്യമുണ്ടായിരുന്നു.
വക്കീലായിരുന്ന ഗാന്ധി കോടതി ഭാഷയെപ്പറ്റി പറഞ്ഞത് ലളിതവും ശക്തവുമാണ്; 'നീതിന്യായ കോടതികളിലെ വ്യവഹാര ഭാഷ ആ കോടതികള്‍ സ്ഥാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലെ ഭാഷയിലായിരിക്കണം'.
ബോധനമാധ്യമം മാതൃഭാഷയായിരിക്കണം എന്നതിനെപ്പറ്റി മഹാത്മാവിന് സംശയമുണ്ടായിരുന്നില്ല. 'ഞാന്‍ മാതൃഭാഷയോട് - അതിനെന്തെല്ലാം കുറവുണ്ടായിരുന്നാലും - മാതാവിന്റെ മാറിനോടെന്നപോലെ പറ്റി നില്‍ക്കുന്നു. അതിനു മാത്രമേ എനിക്ക് ജീവദായകമായ മുലപ്പാല്‍ തരാനാവൂ' എന്ന് പറഞ്ഞ അദ്ദേഹം 'തങ്ങളുടേതല്ലാത്ത ഭാഷയില്‍ ബോധനം സ്വീകരിക്കുന്ന രാജ്യത്തിലെ കുട്ടികള്‍ ആത്മഹത്യ ചെയ്യുകയാണ് ' എന്ന് നിര്‍ഷ്‌ക്കര്‍ഷിക്കുകയുണ്ടായി.
'വിദേശഭാഷ നമ്മുടെ കുട്ടികളെ സ്വന്തം നാട്ടില്‍ പ്രായോഗികവശങ്ങളിലെല്ലാം വിദേശികളാക്കി മാറ്റിയിരിക്കുന്നു' എന്ന ഗാന്ധിയന്‍ നിരീക്ഷണം എത്ര വാസ്തവമാണെന്ന് നമ്മുടെ ചുറ്റുപാടുകള്‍ തെളിയിക്കും. വേഷം, ഭക്ഷണം, ശരീരഭാഷ, ഉപചാരങ്ങള്‍, ആചാരമര്യാദകള്‍, ലോകവീക്ഷണം തുടങ്ങിയവയിലെല്ലാം പാശ്ചാത്യരെ അനുകരിക്കുകയും സ്വന്തം സംസ്‌ക്കാരത്തെപ്പറ്റി അധമബോധം കൊണ്ടുനടക്കുകയും ചെയ്യുന്ന എത്ര അടിമകളാണ് നമുക്ക് ചുറ്റും?
സ്ത്രീ- പുരുഷ സമത്വത്തില്‍ വിശ്വസിച്ചിരുന്ന രാഷ്ട്രപിതാവ് ഇന്ത്യയില്‍ ഭരണഭാഷയായും കോടതി ഭാഷയായും ബോധനമാധ്യമമായും ഇംഗ്ലീഷ് വാഴ്ചകൊള്ളുന്നത് സ്ത്രീവിരുദ്ധമാണ് എന്ന് ചുണ്ടിക്കാണിക്കുകയുണ്ടായി. നമ്മുടെ സ്ത്രീകളില്‍ ഭൂരിപക്ഷത്തിനും ഇംഗ്ലീഷറിഞ്ഞുകൂടാ. അതുകൊണ്ട് സാമൂഹ്യജീവിതത്തില്‍ ഇംഗ്ലീഷിന് മേല്‍ക്കൈയുള്ള രംഗങ്ങളിലെല്ലാം അവര്‍ ഒഴിവാക്കപ്പെടും. ഈ വഴിക്കാണ് 'ഇന്ത്യയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ചിന്താലോകങ്ങള്‍ക്കിടയില്‍ വലിയൊരു വിടവുണ്ടായത്' എന്ന് കണ്ടെത്തിയ ഗാന്ധിജി ഇംഗ്ലീഷ് ഭാഷയുടെ സര്‍വാധിപത്യം ഇന്ത്യയിലെ 'സ്ത്രീത്വത്തോടു ചെയ്യുന്ന ഹിംസയാണ് ' എന്ന് വിധിക്കുകയുണ്ടായി.
'മാതൃഭാഷ' സര്‍ക്കാരിന്റെ മാത്രം വിഷയമാണ് എന്ന് വിചാരിക്കരുത്. ഓരോ വ്യക്തിയുടെയും കാര്യമാണത്. മകന്റെയോ മകളുടെയോ കല്യാണക്കത്ത് നമ്മള്‍ ഇംഗ്ലീഷില്‍ അച്ചടിക്കുന്നത് എന്തിനാണ് ? അതേ നമ്മള്‍ തന്നെ 'ബാപ്പ മരിച്ചുപോയി. നിങ്ങളുടെ പള്ളിയില്‍ മയ്യിത്ത് നിസ്‌കരിക്കണം' എന്ന കത്ത് മലയാളത്തില്‍ അച്ചടിക്കും. പ്രശ്‌നം ലളിതമാണ്: ആഘോഷങ്ങള്‍ക്ക് ഇംഗ്ലീഷ് വേണം, മലയാളം പോരാ! സമ്മേളനശാലയുടെയോ, സിനിമാശാലയുടെയോ, കച്ചവടപ്പീടികയുടെയോ മറ്റ് സ്ഥാപനത്തിന്റെയോ പേര് ഇംഗ്ലീഷില്‍ മാത്രം എഴുതിവച്ചതിന് കേരളത്തില്‍ ഉദാഹരണം ലക്ഷക്കണക്കിന് കിട്ടും- എങ്കിലേ ഒരു അന്തസ്സുള്ളൂ എന്ന്! മക്കളെ ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഇംഗ്ലീഷ് അറിയാത്തവരോട് പുച്ഛം വളരും എന്ന് തിരിച്ചറിയാത്തവരാണ് കേരളത്തിലെ രക്ഷിതാക്കള്‍. ആ പുച്ഛിക്കപ്പെടുന്ന കൂട്ടത്തില്‍ കഷ്ടം, തങ്ങള്‍ കൂടി ഉള്‍പ്പെടും എന്ന് അവര്‍ക്ക് ആലോചന ചെല്ലുന്നില്ല!
സ്വന്തം മാതാവിനെയും മാതൃഭാഷയെയും മാതൃഭൂമിയെയും അറിഞ്ഞാദരിക്കുന്നവര്‍ക്ക് മാത്രമേ ആത്മാഭിമാനമുള്ളൂ; അവര്‍ക്കേ അന്തസ്സുള്ളൂ; അവര്‍ക്കേ സ്വാതന്ത്ര്യമുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."