ഹിജാബ് വിലക്ക് വാദം വെള്ളിയാഴ്ചയോടെ തീർക്കുമെന്ന് കോടതി ഹിജാബ് ധരിക്കുന്നത് നിർബന്ധ മതചര്യയല്ലെന്ന് വീണ്ടും സർക്കാർ
ബംഗളൂരു
കർണാടകയിൽ മുസ് ലിം വിദ്യാർഥിനികൾക്ക് ഹിജാബ് വിലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. വിവിധ ഹരജികളിൽ വാദം കേൾക്കുന്നത് വെള്ളിയാഴ്ചയോടെ തീർക്കുമെന്ന് ഇന്നലെ കോടതി വ്യക്തമാക്കി. അതേസമയം, ഹിജാബ് ധരിക്കുന്നത് നിർബന്ധ മതചര്യയല്ലെന്ന് ഇന്നലെയും കർണാടക സർക്കാർ കോടതിയിൽ വാദിച്ചു.
ഹിജാബിന് എവിടെയും നിരോധനമില്ലെന്നും കാംപസുകളിൽ ഹിജാബ് ധരിക്കാമെന്നും എന്നാൽ, ക്ലാസ് മുറികളിൽ പറ്റില്ലെന്നു മാത്രമാണ് ചില കോളജുകൾ വ്യക്തമാക്കിയതെന്നും അഡ്വക്കേറ്റ് ജനറൽ അവകാശപ്പെട്ടു. വിദ്യാലയങ്ങളിൽ അവിടങ്ങളിലെ ചട്ടങ്ങൾ പാലിക്കേണ്ടിവരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിൽ ഹിജാബ് ഉൾപ്പെടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, കോടതിയുടെ അന്തിമ ഉത്തരവ് വരെ വിദ്യാലയങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന ഇടക്കാല ഉത്തരവിൽ ഇന്ന് വ്യക്തത വരുത്തുമെന്ന് കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവിൽ വ്യക്തത വേണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."