ഉക്രൈനിലെ വിമതപ്രദേശങ്ങളിലേക്ക് റഷ്യ സേനയെ അയച്ചു; അധിനിവേശത്തിലേക്ക്
മോസ്‌കോ, കീവ്
പാശ്ചാത്യ ശക്തികളുടെ ഉപരോധഭീഷണി വകവയ്ക്കാതെ ഉക്രൈൻ അധിനിവേശത്തിലേക്ക് കാലെടുത്തുവച്ച് റഷ്യ. സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച കിഴക്കൻ ഉക്രൈനിലെ വിമത പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയച്ചു. ഉക്രൈൻ അതിർത്തി ലക്ഷ്യമാക്കി റഷ്യൻ സൈനിക വാഹനങ്ങൾ നീങ്ങുന്ന വിഡിയോയും പുറത്തുവന്നു.
ലോകത്തെ ഏറ്റവും വലിയ ആണവശക്തി യുദ്ധമുഖത്തേക്കിറങ്ങുമ്പോൾ ആശങ്കയുടെ മുൾമുനയിലാണ് ലോകം. തലയ്ക്കു മുകളിൽ യുദ്ധമേഘങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ ഭീതിയിൽ ഉക്രൈൻ ജനതയും. അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വന്തം പൗരന്മാരെ അവിടെനിന്ന് നാട്ടിലെത്തിച്ചു തുടങ്ങി.
2014 മുതൽ ഉക്രൈൻ സൈന്യവുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങൾ സ്വതന്ത്രമായതോടെ അവിടെ സമാധാനപാലനത്തിനാണ് സേനയെ അയച്ചതെന്നാണ് റഷ്യയുടെ വിശദീകരണം. എന്നാൽ സൈനികരെ സമാധാനപാലകരെന്നു വിളിക്കുന്നത് വിഡ്ഢിത്തമാണെന്നു വ്യക്തമാക്കിയ യു.എസ്, റഷ്യ യുദ്ധത്തിനുള്ള വിത്ത് വിതച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.
കിഴക്കൻ ഉക്രൈനിലെ തന്ത്രപ്രധാന മേഖലയായ ഡോൺബാസിലെ രണ്ടു വിമത പ്രദേശങ്ങളായ ഡോണെസ്‌ക്, ലുഹാൻസ്‌ക് എന്നിവയെയാണ് റഷ്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളായി അംഗീകരിച്ചത്. ഉക്രൈൻ ഭീകരകേന്ദ്രങ്ങളായി കണക്കാക്കിയിരുന്ന പ്രദേശങ്ങളാണിവ. ഇവയെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതു വഴി റഷ്യ ഒരു കാരണമുണ്ടാക്കുകയായിരുന്നെന്ന് യു.എന്നിലെ യു.എസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ആരോപിച്ചു. എന്നാൽ ഉക്രൈൻ മുമ്പ് റഷ്യയുടെ ഭാഗമായിരുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
റഷ്യൻ നടപടി അന്താരാഷ്ട്ര ഉടമ്പടിയുടെ ലംഘനമാണെന്ന് നാറ്റോ ആരോപിച്ചു. റഷ്യക്കുമേൽ ഉപരോധമേർപ്പെടുത്തിയതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. യൂറോപ്യൻ യൂനിയനും സാമ്പത്തിക ഉപരോധമേർപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.
അതിനിടെ, ജർമനി റഷ്യയിൽ നിന്നുള്ള പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിയായ നോർഡ് സ്ട്രീം 2ന് അനുമതി നൽകുന്നത് നിർത്തിവച്ചു. 1,000 കോടി ഡോളറിന്റെ പദ്ധതി നിർത്തിവച്ചത് റഷ്യക്ക് കനത്ത തിരിച്ചടിയാകും. യു.എസ് ഉക്രൈനിലെ വിമത പ്രദേശങ്ങൾക്ക് ഉപരോധം പ്രഖ്യാപിച്ചു. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിർത്തിവയ്ക്കുമെന്ന് ചെക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയാലയും അറിയിച്ചു. റഷ്യക്കുമേൽ പടിഞ്ഞാറൻ ഉപരോധം പുതിയ കാര്യമൊന്നുമല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു. ഉക്രൈൻ പ്രദേശങ്ങളായ ഡോണെസ്‌ക്, ലുഹാൻസ്‌ക് എന്നിവയുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നതായി സിറിയൻ പ്രസിഡന്റ് ബഷാറുൽ അസദ് പറഞ്ഞു. നാറ്റോ ഇടപെടലും യു.എസ് പ്രകോപനങ്ങളുമാണ് സ്ഥിതി വഷളാക്കിയതെന്ന് ഇറാൻ വിദേശകാര്യ വക്താവ് സഈദ് കാതിബ്‌സാദെ പ്രസ്താവിച്ചു. ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും പ്രതിസന്ധിക്ക് ഇന്ധനമേകുന്ന നടപടികളിൽ നിന്ന് മാറിനിൽക്കണമെന്നും യു.എന്നിലെ ചൈനീസ് അംബാസഡർ സാങ് ജൻ പറഞ്ഞു.
വിമതകേന്ദ്രങ്ങളുമായുള്ള കരാറിൽ ഒപ്പുവയ്ക്കുന്നതോടെ റഷ്യക്ക് അവിടെ സൈനികതാവളം നിർമിക്കാൻ സാധിക്കും. ഇതിനെ ആശങ്കയോടെയാണ് യൂറോപ്പ് കാണുന്നത്.
ഉക്രൈനിലെ വിമതരെ സഹായിക്കാൻ രാജ്യത്തിനു പുറത്ത് സൈന്യത്തെ ഉപയോഗിക്കാൻ പ്രസിഡന്റിന് അനുമതി നൽകുന്ന ബില്ല് റഷ്യൻ പാർലമെന്റ് ഉപരിസഭ ഏകകണ്ഠമായി പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."