ഹിജാബ് വിലക്ക് ഹരജിക്കാരിയുടെ സഹോദരന് മർദനം
ബംഗളൂരു
കർണാടകയിൽ മുസ് ലിം വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെതിരേ ഹൈക്കോടതിയിൽ ഹരജി നൽകിയ വിദ്യാർഥിനിയുടെ സഹോദരന് മർദനമേറ്റതായി ആരോപണം. കോടതിയിൽ ഹരജി സമർപ്പിച്ച വിദ്യാർഥിനികളിലൊരാളായ ഉഡുപ്പിയിൽനിന്നുള്ള ഹസ്‌റ ശിഫയുടെ സഹോദരനെ ഒരു സംഘം മർദിച്ചതായി വിദ്യാർഥിനി വ്യക്തമാക്കി. മാൽപെയിലെ ബിസ്മില്ലാ ഹോട്ടലിൽ വച്ചാണ് ഒരു സംഘം തന്റെ സഹോദരനായ സെയ്ഫിനെ ആക്രമിച്ചതെന്നും അദ്ദേഹം ചികിത്സയിലാണെന്നും വിദ്യാർഥിനി പറഞ്ഞു. ഹോട്ടലിൽ സംഘം നാശനഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. സഹോദരന് ക്രൂരമർദനമേറ്റെന്നും ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ പേരിലാണിതെന്നും ഇനിയും ആക്രമണങ്ങളുണ്ടായേക്കാമെന്നും ട്വീറ്റ് ചെയ്ത അവർ, സംഭവത്തിൽ സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തിൽ മൂന്നു പേർക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
വിദ്യാർഥിനിയുടെ പിതാവിന്റെ ഹോട്ടലിലെത്തിയ ഇരുപതിലേറെ പേരടങ്ങുന്ന സംഘം സെയ്ഫിനെ മർദിക്കുകയായിരുന്നെന്നു പൊലിസ് പറഞ്ഞു. നേരത്തെ, ഹിജാബ് വിഷയത്തിൽ കോടതിയിൽ ഹരജി നൽകിയ വിദ്യാർഥിനികളുടെ വിശദാംശങ്ങൾ കർണാടക ബി.ജെ.പി ഘടകം പരസ്യപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."