'മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സമ്മാനങ്ങൾ നൽകുന്നത് നിയമവിരുദ്ധം'
ന്യൂഡൽഹി
മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സമ്മാനങ്ങളും സൗജന്യങ്ങളും നൽകുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി. ഇതിനായി മരുന്ന് കമ്പനികൾക്ക് നികുതിയിളവ് അനുവദിക്കാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കി.
ഡോക്ടർമാർക്ക് സമ്മാനങ്ങൾ നൽകുന്നതിനായി ചെലവഴിച്ച 4.72 കോടി രൂപയ്ക്ക് ആദായ നികുതി ഇളവ് വേണമെന്നാവശ്യപ്പെട്ട് അപെക്‌സ് ലാബോറട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ യു.യു ലളിത്, രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ഇത്തരത്തിൽ സൗജന്യങ്ങൾ സ്വീകരിക്കുന്നവരെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ (പ്രൊഫഷണൽ പെരുമാറ്റം, മര്യാദകൾ, എത്തിക്‌സ്) നിയന്ത്രണപ്രകാരം സസ്‌പെൻഡ് ചെയ്യുകയും ഒരു വർഷം വരെ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യാമെന്നും കോടതി പറഞ്ഞു. ഇതു സർക്കാർ ഡോക്ടർമാർക്ക് മാത്രമല്ല, സ്വകാര്യ ഡോക്ടർമാർക്കും ബാധകമാണ്.
സ്വർണനാണയം, ഫ്രിഡ്ജുകൾ, എൽ.സി.ഡി ടെലിവിഷനുകൾ, അന്താരാഷ്ട്ര യാത്രക്കുള്ള സൗജന്യങ്ങൾ തുടങ്ങിയ വില കൂടിയ സമ്മാനങ്ങളും സൗജന്യങ്ങളും ഡോക്ടർമാർക്ക് മരുന്നു കമ്പനികൾ നൽകുന്നത് രോഗികൾക്കുള്ള മരുന്നിനു കുറിപ്പടിയെഴുതുമ്പോൾ സ്വാധീനിക്കാനിടയുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഡോക്ടർമാർക്ക് മരുന്ന് കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങൾ സൗജന്യങ്ങളല്ല. ഇതിന്റെ ചിലവ് കൂടി മരുന്നുകൾക്ക് വില കൂട്ടി കമ്പനികൾ രോഗികളിൽനിന്ന് ഈടാക്കുന്നുണ്ട്.
സമ്മാനങ്ങൾ നൽകി സ്വാധീനിച്ച് ഡോക്ടർമാരെ കൊണ്ട് മരുന്നുകൾ നിർദേശിപ്പിക്കുന്നത് പൊതുതാൽപര്യത്തിന് എതിരാണ്. വിപണിയിൽ വിലകുറഞ്ഞ മരുന്നുകൾ ലഭ്യമാകുമ്പോഴും ഒരു വിഭാഗം ഡോക്ടർമാർ വില കൂടിയ മരുന്നുകൾ വാങ്ങാനാണ് രോഗികളോട് നിർദേശിക്കുന്നത്. വില അവർക്ക് താങ്ങാവുന്നതല്ലെങ്കിൽപ്പോലും ഡോക്ടർ എഴുതിയ കുറിപ്പടിയിലെ മരുന്ന് അവർ വാങ്ങിക്കഴിക്കുമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."