യുവര്‍ ഓണര്‍ വേണ്ട, മൈ ലോര്‍ഡ് മതി; ഇത് അമേരിക്കന്‍ കോടതിയാണോയെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: വാദത്തിനിടെ ബെഞ്ചിനെ യുവര്‍ ഓണര്‍ എന്ന് അഭിസംബോധന ചെയ്ത അഭിഭാഷകനെ തിരുത്തി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. കീഴ്ക്കോടതികളിലെ ഒഴിവുകള്‍ നികത്തുന്നതു സംബന്ധിച്ച ഹരജിയില്‍ സ്വയം ഹാജരായ നിയമ വിദ്യാര്‍ഥിയാണ് 'യുവര്‍ ഓണര്‍' എന്ന് അഭിസംബോധന ചെയ്തത്.
''യുവര്‍ ഓണര്‍ എന്ന് അഭിസംബോധന ചെയ്യണമെങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ യു.എസ് സുപ്രിം കോടതിയില്‍ ആയിരിക്കണം, അല്ലെങ്കില്‍ മജിസ്ട്രേറ്റ് കോടതിയില്‍. ഇവിടെ അങ്ങനെയല്ല''- എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ജഡ്ജിമാരെ അഭിസംബോധന ചെയ്യുന്നതു സംബന്ധിച്ച് നിയമത്തില്‍ പ്രത്യേക നിര്ദേശമൊന്നുമില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതിയില്‍ കീഴ്വഴക്കങ്ങളുണ്ട് എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം. ഉടന്‍ തന്നെ ഖേദം രേഖപ്പെടുത്തിയ അഭിഭാഷകന് 'മൈ ലോര്‍ഡ്' എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു.
''നിങ്ങള്‍ ഞങ്ങളെ എങ്ങനെ വിശേഷിപ്പിക്കുന്നു എന്നതു ഞങ്ങള്‍ കാര്യമാക്കുന്നില്ല. എന്നാല്‍ തെറ്റായ പദങ്ങള്‍ വേണ്ട''- ചീഫ് ജസ്റ്റിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."