മുഖ്യമന്ത്രിയുടെ ഓഫിസിനെ രക്ഷിക്കാന്‍ കേന്ദ്രവും കേരളവും ഒത്തു കളിക്കുന്നു: പിണറായിയെയും മോദിയെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്രയുടെ സമാപന ചടങ്ങിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചത്.
ആദ്യമായാണ് രാഹുല്‍ കേരള സര്‍ക്കാരിനെതിരേ കടന്നാക്രമിച്ച് രംഗത്തെത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസുമായുണ്ടായ കേസില്‍ കേന്ദ്ര സര്‍ക്കാരിന് മെല്ലെപോക്കാണെന്നും ഇത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയാണെന്നും രാഹുല്‍ ആരോപിച്ചു.
സംസ്ഥാനത്ത് ജോലി ഇടതുപക്ഷക്കാര്ക്കുമാത്രമായി മാറി. സമരം കിടക്കുന്നവരെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. അവര്‍ ഇടതുപക്ഷക്കാരായിരുന്നുവെങ്കില്‍ സംസാരിക്കുമായിരുന്നു. അവര്‍ക്ക് ജോലിയും നല്‍കുമായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരം കിടന്നവര്‍ മരിക്കാന്‍ പോയാലും മുഖ്യമന്ത്രി ഇടപെടില്ല.
സര്‍ക്കാരിന്റേത് സ്വജനപക്ഷപാതം മാത്രമായി. സംസ്ഥാനത്തെ തൊഴില്‍ രഹിതര്‍ ആശങ്കയിലായി. ഇടതുപക്ഷത്താണെങ്കില്‍ സ്വര്‍ണക്കടത്തു നടത്താം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരിക്കാം. താന്‍ ആര്.എസ്.എസിനെയും ബി.ജെ.പിയും എപ്പോഴും വിമര്‍ശിക്കുന്നു. എന്നെ അവര്‍ കടന്നാക്രമിക്കുന്നു. എന്നാല്‍ സി.പി.എമ്മിനെ സംരക്ഷിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിച്ചു. സി.പി.എം ആക്രമണത്തെ കോണ്‍ഗ്രസ് ഭയക്കുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോദി സര്‍ക്കാര്‍ തൊഴില്‍ ദാതാക്കളുടെ നട്ടെല്ല് തകര്‍ത്തു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി. രാജ്യത്തെ പണം മുഴുവന്‍ സമ്പന്നര്‍ക്കു കൊടുത്തു. കാര്‍ഷിക വൃത്തിതന്നെ ഇല്ലാതാക്കുന്നതാണ് പുതിയ നിയമങ്ങള്‍. കര്‍ഷകരെ ഭീകരരായി മുദ്രകുത്തുകയാണ്. ഇന്ധനവില രാജ്യത്തെ ജനങ്ങളുടെ നട്ടെല്ലൊടിച്ചു. മോദിയുടെ ഓരോനടപടിയും രാജ്യത്തെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്. രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."