'ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന കാടന്‍ നിയമങ്ങള്‍'- പ്രവാസികളുടെ കൊവിഡ് ടെസ്റ്റിനെതിരെ അശ്‌റഫ് താമരശ്ശേരി
കോഴിക്കോട്: പ്രവാസികളുടെ കൊവിഡ് ടെസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരി. അടിയന്തിര വേളകളില്‍ നാട്ടില്‍ പോവേണ്ടി വരുന്നവര്‍ ഇതുമൂലം വലയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശരാശരി ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ദുരിതകയത്തിലേക്ക് തളളിവിടുകയാണ് ഈ കാടന്‍ നിയമങ്ങളെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ഈ മരിച്ച മയ്യത്തുകളെ നിസ്സഹാനായി നോക്കി നില്‍ക്കുവാനെ ഇപ്പോള്‍ കഴിയുന്നുളളു.വിതുമ്പി പോവുകയാണ്. മരിച്ച പ്രവാസികളോട് പോലും ക്രൂരത. ഭാര്യ മരിച്ചിട്ട് മയ്യത്തിനോടൊപ്പം നാട്ടില്‍ പോകുവാന്‍ മൂന്ന് വയസ്സുളള കുഞ്ഞിനെയും കൊണ്ട് നെഞ്ചത്ത് ചേര്‍ത്ത് വെച്ച് ബുദ്ധിമുട്ടുന്ന ഒരു പ്രവാസിയുടെ വേദന ഞാന്‍ ഇന്ന് കണ്ടു. അങ്ങനെ ഒട്ടനവധി പേര്‍ പ്രയാസം അനുഭവിക്കുകയാണ്.
ഇവിടെ നിന്ന് പ്രവാസികള്‍ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തിയ ശേഷമാണ് കേരളത്തിലേക്ക് യാത്ര നടത്തുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ ഇവിടെ എത്തി വീണ്ടും ഒരു പരിശോധന നടത്തുന്നതിന്റെ ആവശ്യം എന്തിനാണ്.നവജാത ശിശുവിനെ പോലും നിങ്ങള്‍ പരിശോധനക്ക് വിധേയമാക്കുന്നു. ശരാശരി ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ദുരിതകയത്തിലേക്ക് തളളിവിടുകയാണ് ഈ കാടന്‍ നിയമങ്ങള്‍.
നാട്ടിലുളളവര്‍ക്ക് യാതൊരു കൊവിഡ് മാനദണ്ഡങ്ങളില്ലാതെ എന്തും ചെയ്യാം, ജാഥ നയിക്കാം,കൂട്ടം കൂടാം, ആള്‍ക്കൂട്ടങ്ങള്‍ക്ക് കൊവിഡ് നിയമങ്ങള്‍ ബാധകമല്ല. ഇവിടെ നിന്നും ആര്‍ ടി പിസി ആര്‍ ടെസ്റ്റും നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് വീണ്ടും പരിശോധന,അതു കൂടാതെ 7 ദിവസത്തെ ക്വാറന്റെയിനും. ഗള്‍ഫില്‍ നിന്നും വരുന്ന കൊറോണ വൈറസിന് വ്യാപനശക്തി കൂടുതലാണോ,ഇത് പ്രവാസികളോട് മാത്രം കാണിക്കുന്ന ക്രൂരതയാണ്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിബന്ധനകള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണം ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ സാഹചര്യം വളരെ മോശമായ സാഹചര്യത്തിലും ദ്രോഹിക്കുന്ന നടപടികളാണ് നമ്മുടെ സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിക്കുന്നത്. നമ്മുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പ്രവാസികളോട് സ്വീകരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
നാലു പേരടങ്ങുന്ന കുടുംബം നാട്ടിലേക്ക് വരുന്നതിന്, വിമാനക്കൂലിക്ക് പുറമെ വിദേശത്തും, നാട്ടിലുമായി രണ്ടു പ്രാവശ്യം കൊറോണ ടെസ്റ്റ് ചെയ്യുക കൂടി വേണമെന്നതിനാല്‍, ലക്ഷക്കണക്കിനു രൂപയാണ് ചെലവ് വരുന്നത്. ഈ ദുരവസ്ഥ മനസിലാക്കി പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ മാറ്റാന്‍ വിമാനത്താവളങ്ങളിലെ കൊറോണ ടെസ്റ്റ് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശക്തമായ ഭാഷയില്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെടണം. കേന്ദ്രസര്‍ക്കാര്‍ നയം മാറ്റാന്‍ തയാറാകാത്ത പക്ഷം, മുന്‍പ് ഉണ്ടായിരുന്ന പോലെ, കേരളത്തിലെ വിമാനത്താവളങ്ങളില്‍ വരുന്ന പ്രവാസികളുടെ ടെസ്റ്റ് നടത്താനുള്ള ചെലവ് കേരള സര്‍ക്കാരോ, നോര്‍ക്കയോ തന്നെ വഹിച്ച് പ്രവാസികളെ സഹായിക്കണം. പ്രവാസികളുടെ ആവശ്യത്തിനാണ് നോര്‍ക്കയൊക്കെ പ്രവര്‍ത്തിക്കുന്നത്.കേരള സര്‍ക്കാരിന്റെ പ്രവാസി ചിട്ടിയുടെ കാര്യത്തിന് ഏറ്റവും മുന്‍പന്തിയില്‍ നിന്ന ആളാണ് ഞാന്‍,അന്ന് നോര്‍ക്കയുടെ തിരുവന്തപുരത്തുളള ഓഫീസില്‍ പോയി അധികാരികളെ കണ്ടപ്പോള്‍ എനിക്ക് വാക്ക് തന്നതാണ്,പ്രവാസികള്‍ക്ക് എന്ത് പ്രശ്‌നമുണ്ടായാലും നോര്‍ക്ക കൂടെയുണ്ടാകുമെന്നാണ്.ആ വാക്കുകള്‍ക്ക് കുറെച്ചെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ പ്രശ്‌നത്തില്‍ നോര്‍ക്കയും, സര്‍ക്കാരും ഇടപെടണം.
ഇവിടെ വരുന്ന മന്ത്രിമാരും, രാഷ്ട്രീയ നേതാക്കളും പ്രവാസികള്‍ക്ക് എന്നും പ്രത്യേക പരിഗണനയുണ്ടെന്ന് പറയുന്നത് കേട്ട് വിശ്വസിച്ചവരാണ് നമ്മള്‍. എത്രയും പെട്ടെന്ന് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന സൗജന്യമാക്കണം.അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി,ഞങ്ങള്‍ പ്രവാസികള്‍ വരും.
അഷ്‌റഫ് താമരശ്ശേരി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."