യു.എ.ഇയിൽ ഇനി മുതൽ മാസ്‌ക് വേണ്ട
വാക്‌സിനെടുത്ത യാത്രക്കാർക്ക് പി.സി.ആർ പരിശോധന ഒഴിവാക്കി
അഷറഫ് ചേരാപുരം
ദുബൈ
യു.എ.ഇയിൽ ഇനി മുതൽ പുറത്തിറങ്ങാൻ മാസ്ക് നിർബന്ധമല്ല. മാർച്ച് ഒന്ന് മുതൽ ഇളവ് നൽകുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇന്നലെ മുതൽ നിയമം പ്രാബല്യത്തിൽ വരികയായിരുന്നു. അതേസമയം, അടഞ്ഞ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണ്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യു.എ.ഇയിലേക്ക് വരുന്ന യാത്രക്കാർക്ക് പി.സി.ആർ പരിശോധനയും ഇനി ആവശ്യമില്ല. യു.എ.ഇ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കാണ് പി.സി.ആർ ഒഴിവാക്കുന്നത്. ക്യൂ ആർ കോഡുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വാക്‌സിൻ സ്വീകരിക്കാത്തവർ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഒരുമാസത്തിനകം കൊവിഡ് വന്ന് മാറിയവർക്ക് ക്യൂആർ കോഡുള്ള റിക്കവറി സർട്ടിഫിക്കറ്റ് മതി. വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന റാപ്പിഡ് പി.സി.ആർ ടെസറ്റ് വേണ്ടെന്നുവച്ചതിന് പിന്നാലെയാണ് ആർ.ടി.പി.സി.ആർ പരിശോധന കൂടി ഒഴിവാക്കുന്നത്.
കൊവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്ക് ഇനി ക്വാറൻ്റൈനും വേണ്ട. കൊവിഡ് പോസിറ്റീവായാൽ ഐസോലേഷൻ ചട്ടങ്ങൾ പഴയപടി തുടരും. സാമ്പത്തികം, ടൂറിസം പരിപാടികളിൽ സാമൂഹിക അകലം ഒഴിവാക്കിയിട്ടുമുണ്ട്. പ്രദർശനങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ ഗ്രീൻപാസ് പ്രോട്ടോകോൾ തുടരും.
അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയും ഇളവുകൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള ഇ.ഡി.ഇ സ്‌കാനറുകളും ഗ്രീൻ പാസും നീക്കം ചെയ്യും. എന്നാൽ, അബൂദബിയിലെ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."