ഓപറേഷൻ ഗംഗയ്ക്കായി 80 വിമാനങ്ങൾ കൂടി വ്യോമസേനാ വിമാനങ്ങളിൽ ഇന്ന് കൂടുതൽ പേരെത്തും
ന്യൂഡൽഹി
ഓപറേഷൻ ഗംഗയ്ക്കായി 80 വിമാനങ്ങൾ ഏർപ്പെടുത്തിയതായി കേന്ദ്രം. പദ്ധതി ഏകോപിക്കാൻ 24 മന്ത്രിമാരെയും ചുമതലപ്പെടുത്തി. ഈ മാസം പത്തോടെയാണ് 80 വിമാന സർവിസുകൾ നടത്തുക. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര, ഗോ എയർ എന്നിവ കൂടാതെ എയർഫോഴ്‌സിന്റെ വിമാനങ്ങളും ഉപയോഗിക്കും. റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് 35, ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്ന് 28, പോളണ്ടിലെ റസെസോവിൽ നിന്ന് ഒമ്പത്, അഞ്ച് വിമാനങ്ങൾ റൊമാനിയയിലെ സുസെവയിൽ നിന്നും മൂന്ന് വിമാനങ്ങൾ സ്ലൊവാക്യയിലെ കോസിസിൽ നിന്നും സർവിസ് നടത്തും.
ഇന്ത്യക്കാരുമായി വ്യോമസേനയുടെ നാല് സി-17 ഗോബ്ല്മാസ്റ്റർ വിമാനങ്ങൾ ഇന്നലെ ഗാസിയാബാദിലെ ഹിൻഡൻ വിമാനത്താവളത്തിലെത്തി. ബുക്കാറസ്റ്റ്, ബുഡാപെസ്റ്റ്, പോളണ്ടിലെ സെസ്സോവ് എന്നിവിടങ്ങളിൽ നിന്നുള്ള 798 പേരുമായിട്ടാണ് നാല് വിമാനങ്ങൾ എത്തിയത്. റൊമാനിയ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളിലേക്ക് വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾകൂടി പുറപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് പുലർച്ചെയും രാവിലെയുമായി തിരികെയെത്തും.
ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ഹർദീപ് സിങ് പുരി, കിരൺ റിജിജു, വി.കെ സിംഗ് എന്നിവരെ ഹംഗറി, റൊമാനിയ, സ്ലൊവാക്യ, പോളണ്ട് എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ എത്തുന്ന ഇന്ത്യക്കാരെ സ്വീകരിക്കാൻ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ മന്ത്രിമാരായ ജിതേന്ദ്ര സിങ്, മുഖ്താർ അബ്ബാസ് നഖ്‌വി, റാവു ഇന്ദർജിത് സിങ്, നാരായൺ റാണെ, ജി. കിഷൻ റെഡ്ഡി, കൈലാഷ് ചൗധരി, പർഷോത്തം രൂപാല, ഭഗവന്ത് ഖുബ, വീരേന്ദ്ര കുമാർ, മീനാക്ഷി ലേഖി, വി. മുരളീധരൻ, ഭഗവത് കരാദ്, നിസിത് പ്രമാണിക്, ശന്തനു താക്കൂർ, ദർശന ജർദോഷ്, ദേവുസിൻഹ് ചൗഹാൻ, ഭാരതി പ്രവീൺ പവാർ, സാധ്വി നിരഞ്ജൻ ജ്യോതി, ഭാനു പ്രതാപ് സിങ് വർമ, സുഭാഷ് സർക്കാർ, കപിൽ പാട്ടീൽ എന്നിവരെ നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."