എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാരെ ഇന്ന് ആദരിക്കും
കോഴിക്കോട്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും നന്തി ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ്യയുടെ ജന.സെക്രട്ടറിയുമായ എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാരെ ദാരിമീസ് സെൻട്രൽ കൗൺസിൽ ഇന്ന് നന്തിയിൽ നടക്കുന്ന സംഗമത്തിൽവച്ച് ആദരിക്കും. മതവിദ്യാഭ്യാസ വൈവിധ്യങ്ങളെ ഒരുകുടക്കീഴിൽ ഏകോപിപ്പിക്കാൻ നേതൃത്വം നൽകിയ എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ തഹ്ഫീളുൽ ഖുർആൻ രംഗത്തും ഹിഫ്‌ളാനന്തര തുടർ സമന്വയ വിദ്യാഭ്യാസ രംഗത്തും നൽകിയ മാതൃകാപരമായ സേവനങ്ങളെ മുൻ നിർത്തിയാണ് ആദരവ്.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പ്രശസ്തി ഫലകവും പത്രികയും കൈമാറും. വടകര മുട്ടുങ്ങലിൽ ജനിച്ച എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് നടത്തിയ പ്രഥമ പൊതുപരീക്ഷയിൽ ഒന്നാം റാങ്കുകാരനായിരുന്നു. വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ അമരക്കാരൻ അബൂബക്കർ നിസാമി തന്നെയായിരുന്നു പ്രഥമഗുരു. ഒ.കെ സൈനുദ്ദീൻ മുസ്‌ലിയാർ, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, കെ.കെ അബൂബക്കർ ഹസ്രത്ത് തുടങ്ങിയവരും ഗുരുനാഥൻമാരായിരുന്നു. 1972 ൽ ഫൈസി ബിരുദം സ്വീകരിച്ച അദ്ദേഹം നൂറുൽ ഉലമയുടെ പ്രസിഡന്റായും ജന.സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1976 ൽ നന്തിയിൽ എം.പി മുഹമ്മദ് മുസ്‌ലിയാർ ജാമിഅ: ദാറുസ്സലാം സ്ഥാപിച്ചപ്പോൾ തന്നെ ദാറുസ്സലാമിൽ നിയുക്തനായ എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ മുദരിസായും 1989 മുതൽ ജന.സെക്രട്ടറിയായും സേവനം ചെയ്യുന്നു. നിലവിൽ ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന ജന.സെക്രട്ടറി, വിദ്യാഭ്യാസ ബോർഡ് എക്‌സിക്യൂട്ടീവ് അംഗം, വിവിധ മഹല്ലുകളുടെ ഖാസി തുടങ്ങിയ പദവികളും വഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."