ട്രെയിനിലെ കൂട്ടിയിടി തടയാൻ ഇനി കവച് പരീക്ഷണം വിജയം
സെക്കന്തരാബാദ്
ട്രെയിനുകൾ ഒരേ ട്രാക്കിൽ വന്നാൽ കൂട്ടിയിടി ഒഴിവാകുന്ന തദ്ദേശീയ നിർമിത ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എ.ടി.പി) വിജയകരമായി പരീക്ഷിച്ചു. റെയിൽവേ തന്നെയാണ് കവച് എന്ന പേരിലുള്ള ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഓട്ടോമാറ്റിക് ട്രെയിൻ കൊളിഷൻ പ്രൊട്ടക്ഷൻ സിസ്റ്റമാണിത്. സെക്കന്തരാബാദിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ് പരീക്ഷണം നടന്നത്. റെയിൽവേ ബോർഡ് ചെയർമാനും ട്രെയിനിലുണ്ടായിരുന്നു. ഇരു ട്രെയിനുകളും ഒരേ പാളത്തിൽ ഓടിച്ചെങ്കിലും 380 മീറ്റർ അകലത്തിൽ ട്രെയിനുകൾ നിന്നു. പരീക്ഷണത്തിന്റെ വിഡിയോ റെയിൽ മന്ത്രി ട്വീറ്റ് ചെയ്തു. ലോക്കോ പൈലറ്റ് ബ്രേക്ക് ഉപയോഗിക്കാൻ മറന്നാലും എതിരേ ട്രെയിൻ വന്നാൽ ഓട്ടോമാറ്റിക് ആയി ട്രെയിൻ നിൽക്കുന്നതാണ് കവച് സംവിധാനം. 160 കി.മി വേഗത്തിൽ വരെ വരുന്ന ട്രെയിനുകൾ ഇത്തരത്തിൽ നിൽക്കും. പുതിയ ഉപകരണം ആദ്യഘട്ടത്തിൽ ഡൽഹി- മുംബൈ, ഡൽഹി - ഹൗറ പാതകളിൽ ഉപയോഗിക്കാനാണ് നീക്കം. 3000 കി.മി റൂട്ടിൽ ഇത് ഉപയോഗിക്കും. 2022 ലെ ബജറ്റിൽ ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കവച് സാങ്കേതിക വിദ്യ ഉപയോഗിക്കുകയെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."