സഭാനാഥനും സഭയിലേക്കില്ല; പൊന്നാനിയില്‍ പുതുമുഖം
പൊന്നാനി: രണ്ടുതവണ നിയമസഭാംഗമായവരെ പരിഗണിക്കേണ്ടെന്ന പൊതുമാനദണ്ഡത്തിലാണ് പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ മാറ്റി നിര്‍ത്തുന്നതെന്നാണ് പാര്‍ട്ടി പറയുന്നതെങ്കിലും മണ്ഡലത്തിലെ വലിയൊരു വിഭാഗം പ്രവര്‍ത്തകരുടെ എതിര്‍പ്പും വിവാദങ്ങളും വിനയായെന്നും സൂചന. ഇതോടെ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖ് പൊന്നാന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യത കൂടി. ഇടതിന് വ്യക്തമായ ആധിപത്യമുള്ള പൊന്നാനിയില്‍ പൊതുസ്വീകാര്യതയിലും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഏറെ സ്വാധീനവുമുള്ള നേതാവുകൂടിയാണ് സിദ്ദീഖ്.
ഒരു തവണകൂടി മത്സരിക്കാന്‍ അവസരം നല്കുകയാണെങ്കില് പൊന്നാനിയില്‍ മത്സരിക്കാനാണ് ആഗ്രഹമെന്ന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നേരത്തെ വ്യക്തമാക്കിയിരുന്നു. മികച്ച സ്പീക്കര്‍മാരുടെ പട്ടികയിലേക്ക് പാര്‍ട്ടി തന്നെ ഉയര്‍ത്തികാട്ടിയ ശ്രീരാമകൃഷ്ണനെ മാറ്റി നിര്‍ത്തിയതില്‍ ഡോളര്‍ക്കടത്തു സംബന്ധിച്ചുയര്‍ന്ന ആരോപണങ്ങളുടെ കരിനിഴല്‍ കൂടിയുണ്ട്.
2011 ല്‍ തന്നെ മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ടിരുന്ന പേരായിരുന്ന ടി.എം സിദ്ദീഖിന്റെത്. മത്സ്യത്തൊഴിലാളി കുടുംബാഗമായ സിദ്ദീഖിനെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തുന്നതിലൂടെ മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാവുമെന്ന കണക്കുകൂട്ടലും സി.പി.എം. നേതൃത്വത്തിനുണ്ട്. 1991 ല്‍ പൊന്നാനിക്കാരുടെ സുല്‍ത്താന്‍ എന്ന് അറിയപ്പെടുന്ന ഇ.കെ ഇമ്പിച്ചിബാവയ്ക്ക് ശേഷം പിന്നീട് ഇതുവരെയും പൊന്നാനിയില്‍ നിന്നുള്ള ഒരാളെ സി.പി.എം. സ്ഥാനാര്ഥിയാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."