തളിര് സ്‌കോളർഷിപ്പ് പരീക്ഷ ച ചോദ്യങ്ങൾ കണ്ട് അന്തംവിട്ട് കുരുന്നുകൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
മാർക്‌സിസവും ഫാസിസവും രണ്ട് വിഭിന്നങ്ങളായ ആശയങ്ങളായിരുന്നു, 1939ലെ നാസി, സോവിയറ്റ് അനാക്രമണ സന്ധി ആശയപരം എന്നതിനെക്കാളുപരി തന്ത്രപരമായിരുന്നു. പ്രസ്താവന സമർഥിക്കുക- ഇത് ഏതെങ്കിലും സി.പി.എം പാർട്ടി ക്ലാസിലെ ചോദ്യമല്ല. റഷ്യ ഉക്രൈനിനെ ആക്രമിച്ചു കയറുമ്പോൾ ചരിത്രഗവേഷകർ നടത്തുന്ന ആശയ സംവാദവുമല്ല. സംസ്ഥാനത്തെ സ്‌കൂളുകളിലെ എട്ടു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ ചോദ്യപേപ്പറിലുള്ളതാണ്.
കഴിഞ്ഞില്ല ചോദ്യങ്ങളുടെ വെടിക്കെട്ട്- റോമാസാമ്രാജ്യത്തിന്റെ തകർച്ച ഫ്യൂഡലിസത്തിന് വഴിയൊരുക്കിയതെങ്ങിനെ?, വെങ്കലയുഗത്തിൽ ഗംഗാസമതലത്തിൽ എന്തുകൊണ്ട് ഒരു സംസ്‌കാരം ആവിർഭവിച്ചില്ല എന്ന് പരിശോധിക്കുക, നെപ്പോളിയന്റെ ഭരണപരിഷ്‌ക്കാരങ്ങൾ ഫ്രഞ്ച് വിപ്ലവാശയങ്ങളുടെ പ്രതിഫലനമായിരുന്നു, സമർഥിക്കുക- ഇങ്ങനെപോകുന്നു ചോദ്യാവലി.
പ്രചീന ഇന്ത്യയിലെ രാഷ്ട്രരൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുക എന്നതിലാണ് 32 ചോദ്യങ്ങളുള്ള ഈ പരീക്ഷ അവസാനിക്കുന്നത്.
ഇനി ജൂനിയർ കുട്ടികളുടെ ചോദ്യപേപ്പർ കാണുക- പഠിക്കുന്നതെന്തിനു നമ്മൾ സുഹൃത്തേ, മനുഷ്യന്റെ ജീവിതം ജീവിച്ചു തീർക്കാൻ ഒരുങ്ങേണ്ടതെങ്ങനെയെന്നറിഞ്ഞീടാൻ എന്ന മുല്ലനേഴിയുടെ വാക്കുകളെ അടിസ്ഥാനമാക്കി പഠനത്തിന്റെ ലക്ഷ്യമെന്താണെന്ന് എഴുതേണ്ടത് അഞ്ചു മുതൽ ഏഴുവരെ ക്ലാസുകരാണ്. അടുത്ത ചോദ്യം- സുഗതകുമാരി ഭൂതകാലത്തിന്റെ കവിയല്ല, നീതിബോധവും ലാവണ്യബോധവും രണ്ടല്ലാത്ത ഭാവിയുടെ കവിയാണ്-ഇതിനെ അടിസ്ഥാനമാക്കി ലാവണ്യത്തിന്റെ അർഥം എഴുതുക.
മലബാർകലാപത്തെ കുറിച്ചുള്ള കുറിപ്പും ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ഉപന്യാസ രൂപത്തിലവതരിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് യു.പി വിദ്യാർഥികളുടെ ചോദ്യങ്ങൾ അവസാനിക്കുന്നത്. രാഷ്ട്രീയഅതിപ്രസരമുള്ള ചോദ്യങ്ങളുൾപ്പെടെ സങ്കീർണവും വിചിത്രവുമായ ചോദ്യങ്ങൾ തയാറാക്കിയത് ആരെന്ന ചോദ്യത്തിനും ഉത്തരമില്ല. ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലുമായി സ്്‌കോളർഷിപ്പ് നൽകുന്നതിനാണ് യു.പി, ഹൈസ്‌കൂൾ കുട്ടികൾക്ക് പരീക്ഷ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."