കെ.എസ്.ആര്‍.ടി.സി ബസിലെ ലൈംഗികാതിക്രമം: 'സംഭവത്തില്‍ ഇടപെടാതിരുന്നത് തെറ്റായിപ്പോയി'മാപ്പ് പറഞ്ഞ് കണ്ടക്ടര്‍
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ അധ്യാപികയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ മാപ്പ ്പറഞ്ഞ് കണ്ടക്ടര്‍. തുടക്കത്തില്‍ ഇടപെടാതിരുന്നത് തെറ്റായിപ്പോയെന്ന് കണ്ടക്ടര്‍ ജാഫര്‍ പറഞ്ഞു. അക്രമിച്ചു എന്ന പറയുന്ന ആള്‍ മാപ്പ് പറയുകയും സീറ്റ് മാറി ഇരിക്കുകയും ചെയ്തു. വിഷയം അവസാനിച്ചു എന്ന് കരുതിയാണ് ഇടപെടാണ്ടിരുന്നത്. ആദ്യം തന്നെ ഇടപെടാതിരുന്നത് തെറ്റായി പോയി. വലിയ വിഷയമായി എടുക്കാത്തത് തന്റെ തെറ്റാണ്. മയക്കത്തിലായിരുന്നുവെന്നും യാത്രക്കാരിക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജാഫര്‍ പറഞ്ഞു.
അതേസമയം, ബസ് കണ്ടക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു. ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും സ്ത്രീ സുരക്ഷയെ കുറിച്ച് ധാരണയില്ലാതിരുന്നത് ദുഖകരമാണ്. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും, നീതി ലഭ്യമാക്കുമെന്നും പി സതീദേവി പറഞ്ഞു.
രാത്രി യാത്രയ്ക്കിടെയാണ് കെഎസ്ആര്‍ടിസി ബസ്സില്‍ വച്ച് അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സില്‍ തൃശൂരിനടത്ത് വെച്ചാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം യാത്രിയിലായിരുന്നു അധ്യാപിക. പരാതിപ്പെട്ടിട്ടും കെഎസ്ആടിസി കണ്ടക്ടറും സഹയാത്രക്കാരും അനങ്ങിയില്ലെന്നും ആക്ഷേപം. കണ്ടക്ടറോട് പരാതി പറഞ്ഞിട്ട് ഒരു നടപടിയും എടുക്കാതായതോടെ അധ്യാപിക ഫേസ് ബുക്ക് ലൈവിലൂടെ ദുരനുഭവം വിവരിച്ചു. സുഹൃത്തല്ലാതെ സഹയാത്രക്കാര്‍ ആരും പ്രതികരിച്ചില്ല. കണ്ടക്ടര്‍ പരാതി പറഞ്ഞിട്ടും അനങ്ങിയില്ല. ആശ്വസിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറോട് കണ്ടക്ടര്‍ അത് വേണ്ടെന്ന് പറഞ്ഞുവെന്നും അധ്യാപിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിന്നീട് ഹൈവേ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പ്രശ്‌നം ഗൗരവത്തിലെടുക്കാതിരുന്നതിനാല്‍ പ്രതി രക്ഷപ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തിച്ച് ഹൈവേ പൊലിസിനെ സമീപിച്ചു. പൊലീസിടപെടലുണ്ടായപ്പോഴും ധിക്കാര പരമായിത്തന്നെയായിരുന്നു കണ്ടക്ടറുടെ പെരുമാറ്റമെന്നും യുവതി പറയുന്നു.
അതേസമയം, കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സ്വീകരിച്ച നിലപാടിനെ ശക്തമായി വിമര്‍ശിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രംഗത്തെത്തി. കണ്ടക്ടര്‍ക്ക് എതിരായ പരാതി അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. സംഭവത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് എംഡിയോട് അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."