സേവനം തുടരണോ മെയ് 15നകം പുതിയ സ്വകാര്യതാ നയം അംഗീകരിക്കണം ഉപയോക്താക്കളെ ഓര്‍മിപ്പിച്ച് വാട്‌സ്ആപ്പ്
സാക്രമെന്റോ(കാലിഫോര്‍ണിയ): ഫേസ്ബുക്കിനോ മൂന്നാമതൊരു കക്ഷിക്കോ ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കുന്ന പുതിയ സ്വകാര്യതാ നയവുമായി മുന്നോട്ടുപോകുമെന്ന് ഓര്‍മിപ്പിച്ച് പ്രമുഖ സോഷ്യല്‍മീഡിയ ഭീമനായ വാട്‌സ്ആപ്പ്. ആഗോളതലത്തില്‍ സമ്മര്‍ദങ്ങളുണ്ടായെങ്കിലും തങ്ങളുടെ നിലപാടില്‍ നിന്നും പിന്നോട്ട് പോകില്ലെന്നാണ് കമ്പനിയുടെ നിലപാട്.
'ഞങ്ങളുടെ നിബന്ധനകളും സ്വകാര്യതാ നയവും മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ തീയതിക്ക് ശേഷവും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാന്‍ ദയവായി ഈ അപ്‌ഡേറ്റുകള്‍ സ്വീകരിക്കുക- ഉപയോക്താക്കള്‍ക്ക് ലഭിച്ച അറിയിപ്പില്‍ പറയുന്നു.
ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പുതിയ നയങ്ങളെ കുറിച്ച് പഠിക്കാനാണ് ഫെബ്രുവരി എട്ടിന് പുറത്തുവിട്ട സ്വകാര്യതാനയ പരിഷ്‌കാരങ്ങള്‍ ഇത്രയും കാലം നടപ്പാക്കാതിരുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡാണെന്നും അയച്ചയാള്‍ക്കും സ്വീകരിച്ചയാള്‍ക്കുമല്ലാതെ ഒരാള്‍ക്കും- വാട്‌സ്ആപ്പിനു പോലും- അതു വായിക്കാന്‍ കഴിയില്ലെന്നും കമ്പനി പറയുന്നു.
പലരും ട്വിറ്ററിലും മറ്റും തങ്ങള്‍ക്ക് ലഭിച്ച വാട്‌സ്ആപ്പ് നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിട്ടുണ്ട്.
ഫെബ്രുവരിയില്‍ വാട്‌സ്ആപ്പ് പുതിയ സ്വകാര്യതാ നയം വ്യക്തമാക്കിയതോടെ ഉപയോക്താക്കളില്‍ നിരവധിപേര്‍ ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ മെസേജിങ് ആപ്പുകളിലേക്ക് മാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."