സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗത്തിൽ ജിദ്ദ എസ് ഐ സി അനുശോചിച്ചു
ജിദ്ദ: മുസ്‌ലിം കൈരളിയുടെ ആത്മീയ നായകനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട് നാട്ടിലും പ്രവാസ ലോകത്തും സമസ്ത കുടുംബത്തിനു നികത്താനാവാത്ത നഷ്ടമാണെന്നും വിശുദ്ധ ജീവിതത്തിലൂടെ തങ്ങള്‍ നേടിയെടുത്ത ആത്മീയ ഔന്നിത്യവും സര്‍വ്വ സ്വീകാര്യതയും അനുകരണീയ മാതൃകയാണെന്നും
സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
അതിരിടാത്ത സ്നേഹ സൌഹൃദങ്ങളുടെയും കാരുണ്യത്തിന്റെയും ആള്‍രൂപമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. സംഘര്‍ഷ പൂരിതമായ വര്‍ത്തമാന കാല സാഹചര്യങ്ങളെ അനല്പമായ പക്വതയോടെ സമീപിക്കുകയും ആദര്‍ശ രംഗത്തും പൊതു രംഗത്തും സത്യ സന്ധമായ ഇടപെടലുകളിലൂടെ നന്മയുടെ സന്ദേശം പകര്‍ന്നു നല്‍കുകയും ചെയ്യാന്‍ തങ്ങള്‍ക്കു സാധിച്ചത് തന്റെ പ്രൌഡ പാരമ്പര്യത്തിന്റെ മഹത്വവും ദൈവാനുഗ്രഹവും കൊണ്ടാണ്.
തനിക്കു മുന്‍പില്‍ എത്തുന്ന ഏതു സങ്കീര്‍ണമായ വിഷയങ്ങളിലും പക്ഷഭേദമില്ലാതെ നീതി പൂര്‍വകമായ തീര്‍പ്പ് കല്‍പ്പിക്കാനും, സമുദായത്തിനും സമൂഹത്തിനും നാടിനും യഥാര്‍ത്ഥ നേതൃത്വത്തിന്റെ തണല്‍ വിരിക്കാനും സാധ്യമായത് ചരിത്ര നിയോഗം.
ആത്മീയ രംഗത്തെ അതുല്യ സമര്‍പ്പണമായി 'മജ്‌ലിസുന്നൂർ' ഇന്നത്തെ നിലയില്‍ വിപുലമായി സ്ഥാപിക്കപ്പെട്ടതും സമസ്തയുടെ ഉപാധ്യക്ഷ പദവി മുതല്‍ മുഴുവന്‍ കീഴ്ഘടകങ്ങളുടെയും അമരത്തിരിക്കാന്‍ സൌഭാഗ്യം സിദ്ധിച്ചതും മഹാനുഭാവന്റെ ദീപ്ത സ്മരണകള്‍ക്ക് മിഴിവേകുന്നതായിരിക്കും എന്നും തങ്ങളുടെ അനുസ്മരണ പരിപാടികളുമായി ബന്ധപ്പെട്ട് സഊദി നാഷണല്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഖത്മുല്‍ ഖുര്‍ആന്‍- പ്രാര്‍ത്ഥന സംരംഭങ്ങള്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ വിപുലമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ചെയര്‍മാന്‍ നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി, പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങൾ കല്പകഞ്ചേരി, ജനറൽ സെക്രട്ടറി അബൂബകര്‍ ദാരിമി ആലംപാടി, ട്രഷറർ മൊയ്ദീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍ എന്നിവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."