ശിഹാബ്, അലി, പാണക്കാട് ; പേരുകളും സ്ഥലനാമവും ചരിത്രരേഖയായ തങ്ങള്‍ കുടുംബം
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
പേരുകളും സ്ഥലനാമവും ചരിത്രരേഖയായി മാറിയ കഥയാണ് തങ്ങള്‍ കുടുംബത്തിനും പാണക്കാട് ഗ്രാമത്തിനും പറയാനുള്ളത്. പാണക്കാടിന് നാട്ടു വാമൊഴിയുടെ ചരിത്രമാണെങ്കില്‍ കുടുംബത്തിലുള്ളവരുടെ പേരിലുൾപ്പെടുന്ന ശിഹാബ്, അലി തുടങ്ങിയവയ്ക്ക് പിതാമഹന്റെ സഹോദരനോടുള്ള കടപ്പാടുകളുടെ മുദ്രയാണ് ചേര്‍ത്തിരിക്കുന്നത്.
വൈരം തീര്‍ക്കാന്‍ വധം പാടില്ലെന്ന സാരോപദേശം നല്‍കിയ ചരിത്രമാണ് പാണക്കാട് എന്ന ഗ്രാമത്തിനുള്ളത്. പേരിനൊപ്പം പാണക്കാട് എന്ന സ്ഥലപ്പേര് ആദ്യം ചേര്‍ത്തത് അറിയപ്പെട്ടത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പിതാവ് പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ (പി.എം.എസ്.എ പൂക്കോയ) തങ്ങളായിരുന്നു. പിന്നീട് മക്കളുടെ പേരിലെല്ലാം പാണക്കാട് എന്ന സ്ഥലനാമം കൂടി ചേര്‍ക്കപ്പെടുകയായിരുന്നു.
സയ്യിദ്, തങ്ങള്‍ തുടങ്ങിയ വാക്കുകള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബത്തെ ആദരപൂര്‍വം വിശേഷിപ്പിക്കുന്ന അറബി, മലയാളം വാക്കുകളാണ്. സയ്യിദ് എന്ന വാക്കിന് നേതാവ് എന്നാണ് അര്‍ഥം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വംശാവലിയുടെ പേരാണ് ശിഹാബ് എന്നത്. യമനിലെ ഹളര്‍മൗത്തിലെ തരീമില്‍ നിന്നാണ് ശിഹാബ് തങ്ങളുടെ കുടുംബം കേരളത്തിലെത്തിയത്. തരീമില്‍ എ.ഡി 1487ല്‍ ജനിച്ച സയ്യിദ് അഹമ്മദ് ശിഹാബുദ്ദീനാണ് പാണക്കാട് തങ്ങള്‍ വംശാവലിയുടെ നാഥന്‍. ഹൈദരലി തങ്ങളുടെ പതിനാറമത്തെ പിതാമഹനാണ് അഹമ്മദ് ശിഹാബുദ്ദീന്‍. ഇദ്ദേഹത്തിന്റെ പിന്‍തലമുറയെല്ലാം ശിഹാബുദ്ദീന്‍ കുടുംബം എന്ന പേരിലാണ് അറിയപ്പെട്ടത്. പാണക്കാട് തങ്ങന്മാരുടെ പൂര്‍ണമായ വംശപ്പേര് ശിഹാബുദ്ദീനാണ്. പിതാവ് പൂക്കോയ തങ്ങള്‍ ഈ വംശപ്പേര് ചേര്‍ത്ത് അറിയപ്പെട്ടില്ലെങ്കിലും മക്കളെല്ലാം ശിഹാബുദ്ദീന്‍ എന്നത് ചുരുക്കി ശിഹാബ് എന്ന വംശപ്പേരിലാണ് അറിയപ്പെട്ടത്. മുഹമ്മദലി ശിഹാബ് തങ്ങള്‍ കെയ്‌റോയില്‍ പഠന കാലത്ത് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ സയ്യിദ് മുഹമ്മദലി ശിഹാബ് എന്ന പേരാണ് സ്വീകരിച്ചിരുന്നത്.
പേരിനൊപ്പം അലി ചേര്‍ന്നത് പിതാമഹ സഹോദനോടുള്ള ആദരസൂചകമായാണ്. പി.എം.എസ്.എ പൂക്കോയ തങ്ങളുടെ പിതാവ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളുടെ സഹോദരനായിരുന്നു അലി പൂക്കോയ തങ്ങള്‍. പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ ഉടമയായിരുന്ന അലി പൂക്കോയ തങ്ങള്‍ക്ക് മക്കളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സഹോദര പുത്രന്‍ പി.എം.എസ്.എ പൂക്കോയ തങ്ങളെ സ്വന്തം മകനായി വളര്‍ത്തി.
അലി പൂക്കോയ തങ്ങള്‍ കൊടപ്പനക്കല്‍ തറവാടും ദാനമായി നല്‍കി. എളാപ്പയുടെ ഈ സ്‌നേഹ സ്മരണയായാണ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ തനിക്കുണ്ടായ മക്കളുടെയല്ലാം പേരിനൊപ്പം അലി ചേര്‍ത്തത്. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങി കൊടപ്പനക്കല്‍ തറവാട്ടിലെ പുരുഷന്മാരുടെയല്ലാം പേരിനൊപ്പം മുഴുവന്‍ അലി ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."