പിന്തുടര്‍ച്ചാനിയമം ഏകീകരിക്കല്‍ കേന്ദ്രനിലപാട് തേടി സുപ്രിംകോടതി, നീക്കം ഏക സിവില്‍കോഡിലേക്ക് ?
ന്യൂഡല്‍ഹി: രാജ്യത്തെ പിന്തുടര്‍ച്ചാവകാശവും അന്തരാവകാശവും സംബന്ധിച്ച നിയമങ്ങള്‍ ഏകീകരിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. അനന്തരാവകാശസ്വത്ത് വിഭജനത്തില്‍ ലിംഗ- മത വ്യത്യാസമില്ലാതെ ഏകീകൃതനിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഡല്‍ഹി വക്താവ് അശ്വിനികുമാര്‍ ഉപാധ്യായ നല്‍കിയ ഹരജിയിലാണ് ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ സുപ്രിംകോടതി ബെഞ്ചിന്റെ നടപടി.
ആഭ്യന്തരമന്ത്രാലയം, നിയമമന്ത്രാലയം, വനിതാശിശുക്ഷേമമന്ത്രാലയം എന്നിവയ്ക്കാണ് കോടതി നോട്ടിസയച്ചത്. ജഡ്ജിമാരായ എ.എസ് ബൊപ്പണ്ണയും വി. രാമസുബ്രഹ്ണ്യവുമാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
അനന്തരാവകാശ സ്വത്തിലും പിന്തുടര്‍ച്ചാവകാശനിയമത്തിലും സ്ത്രീകള്‍ നേരിടുന്ന ലിംഗപരമായ വിവേചനത്തോട് സുപ്രിംകോടതിക്ക് മൗനംപാലിക്കാന്‍ കഴിയില്ലെന്ന് ഹരജിയില്‍ പ്രാഥമികവാദം കേള്‍ക്കവെ അശ്വിനികുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഗീത ലുത്ര വാദിച്ചു. ഹിന്ദു, ബുദ്ധ, സിഖ്, ജെയിന്‍ വിഭാഗങ്ങള്‍ 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമവും കൃസ്ത്യന്‍, പാഴ്‌സി, ജ്യൂത മതവിഭാഗങ്ങള്‍ 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശവുമാണ് പിന്തുടരുന്നത്.
എന്നാല്‍ ശരീഅത്ത് നിയമമാണ് മുസ്‌ലിംകള്‍ ഇന്ത്യയില്‍ പിന്തുടരുന്നത്.
ഭരണഘടനയിലെ 14, 15 വകുപ്പുകള്‍ എല്ലാ പൗരന്‍മാര്‍ക്കും തുല്യതയും സമത്വവും ഉറപ്പാക്കുന്നുണ്ട്. കൂടാതെ അന്തസോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശം ഭരണഘടനയിലെ 21ാംവകുപ്പ് ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ അനന്തരാവകാശം സംബന്ധിച്ച വിഷയത്തില്‍ മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നും ഹരജിക്കാരന്‍ വാദിച്ചു.
വിവാഹമോചനിയമം, ദത്തെടുക്കല്‍, ജീവനാംശം എന്നിവ സംബന്ധിച്ച ഹരജികള്‍ക്കൊപ്പമാവും പുതിയ കേസും സുപ്രിംകോടതി പരിഗണിക്കുക.
രാജ്യത്തെ സിവില്‍നിയമങ്ങള്‍ ഏകീകരിക്കുന്ന ഏകസിവില്‍കോഡ് നടപ്പാക്കണമെന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനവും സംഘ്പരിവാരിന്റെ വര്‍ഷങ്ങളായുള്ള ആവശ്യവുമാണ്. 2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായി ദേശീയ നിയമ കമ്മിഷന്‍ ചോദ്യാവലി തയാറാക്കി അഭിപായരൂപീകരണം നടത്തി. മുസ്‌ലിം സംഘടനകള്‍ ചോദ്യാവലി ബഹിഷ്‌കരിക്കുകയും കോടതിയില്‍ ചോദ്യംചെയ്യുകയുമുണ്ടായി. ഇതിനിടെയാണ് വ്യക്തിനിയമങ്ങള്‍ ഓരോന്നായി ചോദ്യംചെയ്യുന്ന വിധത്തില്‍ സുപ്രിംകോടതിയില്‍ ഹരജിയെത്തുന്നത്. മൂന്നുമാസത്തിനുള്ളില്‍ വ്യക്തിനിയം സംബന്ധിച്ച നാലുഹരജികളാണ് സുപ്രിംകോടതിയില്‍ എത്തിയത്. നാലുഹരജികളും നല്‍കിയതാവട്ടെ അഭിഭാഷകന്‍ കൂടിയായ ബി.ജെ.പി നേതാവ് അശ്വിനികുമാര്‍.
അനന്തരാവകാശം കൂടാതെ വിവാഹമോചനം, ദത്തെടുക്കല്‍, വിവാഹമോചിതയായ സ്ത്രീക്ക് മുന്‍ഭര്‍ത്താവ് നല്‍കുന്ന ജീവനാംശം എന്നിവ ഏകീകരിക്കണമെന്നതാണ് ഹരജികളിലെ ആവശ്യങ്ങള്‍. നേരത്തെ എത്തിയ മൂന്നുഹരജികളിലും കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാടു തേടിയിട്ടുണ്ട്. വിവാഹപ്രായം കൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ വിവിധ ഹൈക്കോടതികളിലുണ്ട്. ഇവയെല്ലാം സുപ്രിംകോടതിയിലേക്ക് മാറ്റി ഒന്നിച്ച് കേള്‍ക്കണമെന്ന ഹരജിയും അശ്വിനികുമാറിന്റെതായി ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."