ഉപരോധത്തിന്റെ പേരിൽ ഏറ്റുമുട്ടി റഷ്യയും യു.എസും റഷ്യൻ എണ്ണ ഇവിടെ വേണ്ടെന്ന് യു.എസ് ഞങ്ങളുടെ ഉപരോധം നിങ്ങളെ മുറിവേൽപ്പിക്കുമെന്ന് റഷ്യ
മോസ്‌കോ
രണ്ടാഴ്ചയിലേറെയായി ഉക്രൈനിൽ ആക്രമണം നടത്തിവരുന്ന റഷ്യയെ കൂടുതൽ സമ്മർദത്തിലാക്കുന്നതിനായി എണ്ണ ഇറക്കുമതി നിരോധിച്ച അമേരിക്കയുടെ നടപടിയെ ചൊല്ലി ഏറ്റുമുട്ടി ഇരുരാജ്യങ്ങളും. തിരിച്ചും ഉപരോധം ഏർപ്പെടുത്തുമെന്നും ഞങ്ങളുടെ ഉപരോധം നിങ്ങളെ കൂടുതൽ മുറിവേൽപ്പിക്കുമെന്നുമാണ് യു.എസ് നടപടിയോട് റഷ്യ പ്രതികരിച്ചത്.
റഷ്യയിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും മറ്റ് ഇന്ധനങ്ങളും നിരോധിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം രാത്രിയാണ് പ്രഖ്യാപിച്ചത്. യു.എസ് തുറമുഖങ്ങളിൽ റഷ്യയുടെ എണ്ണ അടുപ്പിക്കില്ല. യു.എസ് ജനത റഷ്യക്ക് നൽകുന്ന ശക്തമായ തിരിച്ചടിയായിരിക്കും ഇത്. രാജ്യത്ത് എണ്ണവില പിടിച്ചുനിർത്താൻ ശ്രമിക്കും. സഖ്യരാജ്യങ്ങളുമായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബൈഡൻ പറഞ്ഞു. രാജ്യാന്തരതലത്തിൽ ഇന്ധനവില വർധിക്കുന്നതിനിടെയാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി യു.എസ് നിരോധിച്ചത്.
അതേസമയം, പടിഞ്ഞാറിന് കനത്ത തിരിച്ചടി ലഭിക്കുന്ന വിധത്തിലായിരിക്കും തങ്ങളുടെ ഉപരോധമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയ വക്താവ് ദിമിത്രി ബ്രിഷേവ്‌സ്‌കി പറഞ്ഞു. റഷ്യയുടെ പ്രതികരണം വളരെ വേഗത്തിലുള്ളതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യൂറോപ്യൻ രാജ്യങ്ങളിലേക്കും യു.എസിലേക്കും റഷ്യ വൻതോതിൽ എണ്ണ കയറ്റിയയക്കുന്നുണ്ട്. റഷ്യക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് എണ്ണ ഇറക്കുമതിയും നിരോധിച്ചത്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ് എണ്ണ. പുതിയ സാഹചര്യത്തിൽ ഇന്ത്യക്ക് കുറഞ്ഞനിരക്കിൽ അസംസ്‌കൃത എണ്ണ വിൽക്കാൻ തയാറാണെന്ന് റഷ്യൻ എണ്ണക്കമ്പനികൾ അറിയിച്ചിരുന്നു.
അതിനിടെ, ബ്രിട്ടനും യു.എസ് മാതൃകയിൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്താനൊരുങ്ങി. അമേരിക്കയുടെ നീക്കങ്ങളെ സ്വാഗതംചെയ്ത ബ്രിട്ടൻ എണ്ണയ്ക്കും പ്രകൃതി വാതകത്തിനുമുള്ള ബദൽ വിതരണക്കാരെ കണ്ടെത്താനായി പ്രത്യേകസംഘത്തെ നിയോഗിച്ചതായാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."