ദിലീപിന്റെ ഫോണിൽനിന്ന് ഫയലുകൾ നീക്കിയെന്ന് ലാബ് ഉടമയും
സ്വന്തം ലേഖിക
കൊച്ചി
നടൻ ദിലീപിനെതിരേയുള്ള വധശ്രമഗൂഢാലോചന കേസിൽ മൊബൈൽ ഫോണുകളിലെ ഡേറ്റ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഫോണുകളിലെ തെളിവുകൾ നശിപ്പിച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ക്രൈംബ്രാഞ്ചിന് ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായത്.
ഫോണുകളിലെ വിവരങ്ങൾ ആദ്യം ഒരു ഹാർഡ് ഡിസ്‌കിലേക്ക് ലാബിൽനിന്നു മാറ്റിയിരുന്നു. അതിന്റെ മിറർ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ലാബ് തയാറാക്കിയ ഫോറൻസിക് റിപ്പോർട്ടും കണ്ടെടുത്തിട്ടുണ്ട്. ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽവച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഇതിനുപുറമേ ഫോണുകൾ കൊറിയർ ചെയ്തതിന്റെ ബില്ലും കണ്ടെടുത്തിട്ടുണ്ട്. കേസിൽ നിർണായകമായ മൊബൈൽ ഫോൺ ഡേറ്റകൾ ദിലീപ് നശിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മുംബൈ ലാബിൽ കൊണ്ടുപോയി വിവരങ്ങൾ നീക്കിയ ശേഷമാണ് ഫോണുകൾ കോടതിക്ക് കൈമാറിയതെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. തെളിവ് നശിപ്പിച്ചതിന് ലാബിനെതിരേയും നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് സുരാജിന്റെയും അടക്കം ആറു ഫോണുകളാണ് സൈബർ ഫോറൻസിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത്. ഈ പരിശോധനയിലാണ് വിവരങ്ങൾ നീക്കം ചെയ്‌തെന്ന് തെളിഞ്ഞത്. തുടർന്നാണ് ദിലീപ് ഫോണുകളെത്തിച്ച മുംബൈയിലെ ലാബിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി ഡേറ്റ നീക്കം ചെയ്തതിന്റെ തെളിവുകൾ ശേഖരിച്ചത്.
അതിനിടെ ലാബുടമയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ദിലീപ് ഹാജരാക്കിയ ഫോണുകളിലെ ചില ഫയലുകൾ നീക്കം ചെയ്തതായി ലാബുടമ യോഗേന്ദ്ര യാദവ് മൊഴി നൽകി. ഒരു ഫോണിൽനിന്ന് ഫയലുകൾ നീക്കം ചെയ്യുന്നതിന് 75,000 രൂപ വീതം ഈടാക്കിയെന്നും മൊഴിയിലുണ്ട്. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."