അധ്യാപികയെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ചു; പി.എഫ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
കോട്ടയം: പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട അപാകത പരിഹരിച്ചതിന്റെ പ്രതിഫലമായി അധ്യാപികയെ ലൈംഗീക ഉദ്ദേശത്തോടെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച ഗെയിന്‍ പി.എഫ് (ഗവണ്മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) സംസ്ഥാന നോഡല്‍ ഓഫിസര്‍ അറസ്റ്റില്‍. കാസര്‍കോഡ് ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ടുകൂടിയായ കണ്ണൂര്‍ തളിക്കാവ് അശ്വതി അപ്പാര്‍ട്ട്മെന്റ് വിസ്മയയില്‍ ആര്.വിനോയ് ചന്ദ്രനെയാണ് (42) കോട്ടയം വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കോട്ടയത്തെ എയ്ഡഡ് സ്കൂള്‍ അധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും പ്രോവിഡന്റ് ഫണ്ടിലെ പോരായ്മകളും സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് നല്‍കുന്നത് അതാത് ജില്ലകളിലെ ഗെയിന്‍ പി.എഫ് നോഡല്‍ ഓഫിസര്‍മാരാണ്. അവരുടെ അധികാരപരിധിക്കുപുറത്തുള്ള പോരായ്മകള്‍ സംസ്ഥാന നോഡല്‍ ഓഫിസറാണ് പരിഹരിക്കേണ്ടത്. ഈ ചുമതലയായിരുന്നു ആര്.വിനോയ് ചന്ദ്രന്. പരാതിക്കാരിയായ അധ്യാപികയുടെ പ്രോവിഡന്റ് ഫണ്ടിലേക്ക് ശമ്പളത്തില്‍ നിന്നും അടച്ച തുക ക്രഡിറ്റ് കാര്‍ഡില്‍ 2018 മുതല്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതുമൂലം ഭവനവായ്പ എടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ ഗെയിന്‍ പി.എഫ് സംസ്ഥാന നോഡല്‍ ഓഫിസറായ വിനോയ് ചന്ദ്രന് ഇവര്‍ അപേക്ഷ നല്കി. എന്നാല്‍, വിനോയ് ഒരു മാസത്തോളം ഇത് തടഞ്ഞുവച്ചതായി വിജിലന്‍സ് പറയുന്നു.
തീരുമാനം നീണ്ടതോടെ അധ്യാപിക ഫോണില്‍ വിനോയ് ചന്ദ്രനെ ബന്ധപ്പെട്ടു. എന്നാല്‍, വാട്സ് ആപ്പില്‍ വീഡിയോകോള്‍ വിളിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും അധ്യാപിക വിസമ്മതിച്ചു. ഇതോടെ വിനോയ് ചന്ദ്രന് ഫയല്‍ തീര്‍പ്പാക്കാതെ തടഞ്ഞുവെച്ചു. തുടര്‍ന്ന് അധ്യാപിക ഇയാളെ വീണ്ടും ഫോണില്‍ വിളിച്ചു. അപ്പോള്‍ കോട്ടയത്ത് ഹോട്ടല്‍ മുറി എടുക്കുമെന്നും വന്നാല്‍ ക്രഡിറ്റ് കാര്‍ഡിലെ പോരായ്മകള്‍ ശരിയാക്കി തരാമെന്നും പറഞ്ഞു. ഇത് സമ്മതിച്ച അധ്യാപിക വിവരങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം വിജിലന്‍സ് പൊലിസ് സുപ്രണ്ട് വി.ജിവിനോദ് കുമാറിനെ നേരില്‍ കണ്ട് പരാതി നല്കി.
ഇതിനിടെ നിരന്തരം വാട്സാപ്പിലൂടെ വിനോയ് ശല്യം ചെയ്യുകയായിരുന്നു. പലതവണ ലൈംഗികാവശ്യമുന്നയിച്ച് വിനോയ് തന്റെ സ്വകാര്യചിത്രങ്ങള്‍ അധ്യാപികയുടെ വാട്സാപ്പിലേക്ക് അയച്ചതായി പരാതിയില്‍ പറയുന്നു. ഇതിനൊടുവില്‍ പതിനഞ്ച് ദിവസം മുമ്പ് പി. എഫ്. തകരാര്‍ പരിഹരിച്ചു. ഇതിനുശേഷം ഇവര്‍ക്ക് ഭവനവായ്പ ലഭിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ്
ബുധനാഴ്ച വൈകിട്ടോടെ കോട്ടയത്തെ ഹോട്ടലില്‍ വിനോയ് മുറി എടുത്തതും അധ്യാപികയോട് ഇന്നലെ രാവിലെ 11 ഓടെ റൂമില്‍ എത്താന്‍ ആവശ്യപ്പെട്ടതും. ഇട്ടിരിക്കുന്ന ഷര്‍ട്ട് മുഷിഞ്ഞുപോയതിനാല്‍ 44 സൈസ്സിലുള്ള ഒരു പുതിയ ഷര്‍ട്ടുകൂടി വാങ്ങികൊണ്ടുവരാനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അധ്യാപിക വിജിലന്‍സ് നിര്‍ദേശപ്രകാരം ഇയാളുടെ മുറിയിലെത്തി ഷര്‍ട്ട് കൈമാറി. ഇതിനു പിന്നാലെ ഇയാളെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."