സാഖുല്പ ബാംബൂ; വേരുകള്‍ തേടിയൊരു നോവുള്ള യാത്ര
ഞാന്‍ മരച്ചുവടുകളില്‍ ഞാന്‍ പോയിരിക്കുന്നത് കാണുമ്പോള്‍ ഉമ്മ അസ്വസ്ഥയായിരുന്നതെന്തുകൊണ്ടായിരിക്കും? അങ്ങനെയിരിക്കുന്നതിനിടയില്‍ വേരുകളെങ്ങാനും ഇറങ്ങിപ്പോയാല്‍ വാപ്പയുടെ നാട്ടിലേക്ക് എനിക്ക് തിരിച്ചുപോകാനില്ലെന്ന ഭയമായിരിക്കുമോ അവരുടെ മനസില്‍? ആയിരിക്കാം. അല്ലെങ്കില്‍ തന്നെ വേരുകള്‍ക്കെന്താണ് പ്രസക്തി? ശരിക്കും ഞാനൊരു മുളപോലെയാണെന്ന് തോന്നിയിട്ടുണ്ട്. വേരുകളില്ലാത്തൊരു ജന്മം. നിങ്ങള്‍ക്ക് വേണമെങ്കില്‍ ആ മുളയുടെ ചെറിയൊരു തണ്ട് മുറിച്ചെടുത്ത് വേരുകളൊന്നുമില്ലാതെ തന്നെ എവിടെയെങ്കിലും നട്ടുപിടിപ്പിക്കാം. അധികം വൈകാതെ അതൊരു മുളയായി മുളച്ചുപൊന്തും. പുതിയ വേരുകളുമായി പുതിയ മണ്ണില്‍ അത് വളര്‍ന്നുയരുന്നത് പഴയകാലത്തിന്റെയോ ഓര്‍മകളുടെയോ ഒന്നും ഭാരമില്ലാതെയായിരിക്കും. തന്നെക്കുറിച്ച് ആളുകള്‍ എന്ത് പേരാണ് വിളിക്കുന്നതെന്നുപോലും അത് ശ്രദ്ധിക്കുന്നുണ്ടാകില്ല. ഫിലിപ്പിന്‍സില്‍ കവായാന്‍ എന്നാണെങ്കില്‍ കുവൈറ്റില്‍ ഖൈസുറാന്‍ എന്നായിരിക്കും പേര്. അതേസമയം മറ്റ് പലയിടത്തും ആളുകളതിനെ ബാംബൂ എന്ന് വിളിക്കും'.
സമകാലിക അറബി സാഹിത്യലോകത്ത് വളരെയേറെ നിരൂപകപ്രശംസ പിടിച്ചുപറ്റിയ 'സാഖുല്‍ ബാംബൂ' എന്ന നോവലിലെ ഒരു ഭാഗമാണിത്. നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ കുവൈത്തിലെ യുവ എഴുത്തുകാരന്‍ സഊദ് അല്‍- സന്‍ഊസിയുടെ രണ്ടാമത്തെ നോവലാണ് 2012ല്‍ ബൈറൂത്തിലെ അറബ് സയന്റിഫിക് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 'സാഖുല്‍ ബാംബൂ'. ആ വര്‍ഷത്തെ കുവൈത്തിലെ പരമോന്നത സാഹിത്യപുരസ്‌കാരത്തിനര്‍ഹമായ ഈ കൃതി 2013ലെ അറബ് ബുക്കര്‍ സമ്മാനവും നേടുകയുണ്ടായി. 133 അറബി നോവലുകള്‍ക്കിടയില്‍ നിന്ന് 2012ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും മികച്ച അറബി നോവലായി ഈ കൃതി തിരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ പ്രമുഖ ബ്രിട്ടീഷ് വിവര്‍ത്തകനായ ജൊനാഥന്‍ റൈറ്റ് യമായീീ േെമഹസ എന്ന പേരില്‍ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചതോടെ (ബ്ലൂംസ്‌ബെറി ഖത്തര്‍ ഫൗണ്ടേഷന്‍) അന്താരാഷ്ട്രതലത്തില്‍ നോവല്‍ കൂടുതല്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങി. 2016ല്‍ എം.ബി.സി ഡ്രാമ, ദുബൈ 1 തുടങ്ങിയ അറബ് ചാനലുകളില്‍ 'സാഖുല്‍ ബാംബൂ' വെന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയായിക്കൂടി ഈ കൃതി സംപ്രേക്ഷണം ചെയ്യപ്പെട്ടു. മുപ്പത് എപ്പിസോഡുകളുള്ള പരമ്പര സംവിധാനം ചെയ്തത് മുഹമ്മദ് അല്‍- ഖഫ്ഫാസ് ആയിരുന്നു. യുവപരിഭാഷകനായ ഇബ്റാഹീം ബാദുഷ വാഫി 'മുളന്തണ്ട്' എന്ന പേരില്‍ ഈ നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്നാല്‍ വിവര്‍ത്തനാവകാശസംബന്ധിയായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മലയാള പരിഭാഷ ഇതുവരെ പുറത്തിറക്കാന്‍ സാധിച്ചിട്ടില്ല.
ദ്വന്തമുഖം സ്വത്വത്തെ തേടുമ്പോള്‍
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍ ഗള്‍ഫ് മേഖലയില്‍ നിന്നു പുറത്തിറങ്ങിയിട്ടുള്ള ഒരു അറബി കൃതിയും ഇത്രയേറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. 'സാഖുല്‍ ബാംബൂ' ജോസിന്റെ കഥയാണ്, ഈസയുടേയും. ഫിലിപ്പീന്‍സുകാരന്റെ മുഖവും കുവൈത്തി പാസ്പോര്‍ട്ടുമുള്ള ജോസ് എന്ന ഈസയുടെ കഥ. താന്‍ ശരിക്കും ജോസാണോ അതോ ഈസയാണോ എന്ന അന്വേഷണമാണ് അവന്റെ നിയോഗം. അതാകട്ടെ ഒട്ടും നിസാരമല്ലാത്ത ദൗത്യമാണെന്ന് ആ ചെറുപ്പക്കാരന്‍ വേദനയോടെ തിരിച്ചറിയുന്നു.
വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കന്‍ പട്ടാളത്തിനായി പൊരുതിയ ഫിലിപ് മെന്‍ഡൂസ ഫിലിപ്പിന്‍സിലെ മനിലയിലാണ് താമസം. യുദ്ധം സമ്മാനിച്ച ആകുലതകള്‍ക്കൊപ്പം കഴിയുന്ന ആ കുടുംബത്തിന്റെ ഏക ആശ്രയം മൂത്തമകള്‍ ഐദയാണ്. കുടുംബം പുലര്‍ത്താനായി ശരീരം വില്‍ക്കേണ്ടിവരുന്നൊരു പെണ്‍കുട്ടി. മെര്‍ല ജനിച്ചതോടെ ഐദ പണിനിര്‍ത്തി. പറ്റിയ ചികിത്സ കിട്ടാതെ അമ്മയും മരിച്ചു. അതോടെ രണ്ടാമത്തെ മകള്‍ ജോസഫൈന്‍ 'ജോലി'ക്ക് പോകണമെന്നായി അച്ഛന്‍. കുടുംബത്തിനൊരു അത്താണിയാകാനായി എങ്ങനെയൊക്കയോ കുറച്ച് പണം സംഘടിപ്പിച്ച് ജോസഫൈന്‍ കുവൈത്തിലേക്ക് പറന്നു. കുവൈത്തിലെ വീട്ടുജോലി ചെയ്യുന്ന മനുഷ്യരില്‍ നല്ലൊരു പങ്ക് ഫിലിപ്പീനികളാണെന്ന് അവള്‍ക്കറിയാം.
കുടുംബമഹിമയുടെ പേരില്‍ പ്രശസ്തരായ താറൂഫുകളുടെ വീട്ടിലേക്കാണ് ജോസഫൈന്‍ വീട്ടുപണിക്കെത്തുന്നത്. വിധവയായ ഗനീമയും മുന്നുപെണ്‍മക്കളും പിന്നെ മകന്‍ റാഷിദുമടങ്ങുന്നതാണ് താറൂഫ് കുടുംബം. വേലക്കാരിയെ 'ഹിമാറ' (കഴുത) എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്ന മനുഷ്യര്‍ക്കിടയില്‍ ജോസഫൈനോട് മനുഷ്യത്വം കാണിക്കുന്നത് എഴുത്തുകാരനാകാന്‍ ശ്രമിക്കുന്ന റാഷിദ് മാത്രമാണ്. അയാള്‍ ജോസഫൈനെ സ്നേഹിക്കുന്നു. രഹസ്യമായി വിവാഹം കഴിക്കുന്നു. കുടുംബമഹിമയെക്കാള്‍ വലുതായി ഒന്നുമില്ലെന്ന് വിശ്വസിക്കുന്ന ഗനീമ മകനേയും ജോസഫൈനേയും തന്റെ മാളികയില്‍ നിന്ന് ആട്ടിയിറക്കുന്നു. എന്നാല്‍ ആ ബന്ധത്തില്‍ ഈസ ജനിക്കുന്നതോടെ കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞു. കുടുംബത്തിന്റെ സമ്മര്‍ദം താങ്ങാനാവാതെ റാഷിദ് ജോസഫൈനെ വിവാഹമോചനം ചെയ്യുന്നു. കൈക്കുഞ്ഞായ ഈസയേയും കൊണ്ട് ജോസഫൈന് ഫിലിപ്പിന്‍സിലേക്ക് തിരിച്ചുപോകേണ്ടിവന്നു.
ഫിലിപ്പിന്‍സില്‍ എത്തുന്നതോടെ ഈസ ജോസായി മാറി. പത്താം വയസില്‍ മാമോദിസ മുക്കി ഫിലിപ്പ് അവനെ കത്തോലിക്കാ സഭയില്‍ ചേര്‍ത്തു. എങ്കിലും ജോസഫൈന്റെ മനസിലാകെ റാഷിദ് നല്‍കിയൊരു വാക്കായിരുന്നു. എന്നെങ്കിലും ഒരുനാള്‍ താന്‍ ഈസയെ കുവൈത്തിലേക്ക് തിരിച്ചുവിളിക്കും. ജോസഫൈന്‍ അവനെ അറബിവാക്കുകള്‍ പഠിപ്പിച്ചു. കുവൈത്തിലെ സ്വപ്നസമാനമായ ജീവിതത്തെക്കുറിച്ച് മോഹിപ്പിക്കുന്ന കഥകള്‍ പറഞ്ഞുകൊടുത്തു. കൈയ്യിലുള്ള കുവൈത്തി പാസ്പോര്‍ട്ട് കൂടിയാകുമ്പോള്‍ താന്‍ ശരിക്കുമൊരു അറബിയാണെന്ന് ജോസിന് തോന്നുന്നു. 'അറബി'യെന്ന് വിളിച്ച് മറ്റുള്ളവര്‍ കളിയാക്കുമ്പോഴും ജോസിന്റെ കുഞ്ഞുമനസ് ആശ്വാസം കൊള്ളുന്നത് കുവൈത്ത് എന്ന തന്റെ 'വാഗ്ദത്തഭൂമി'യെക്കുറിച്ചുള്ള സ്വപ്നങ്ങളിലൂടെയാണ്. ഇതിനിടെ റാഷിദും, ജോസഫൈനും വേറെ വിവാഹങ്ങള്‍ കഴിച്ചു. അതിലവര്‍ക്ക് പുതിയ കുഞ്ഞുങ്ങളുമുണ്ടാകുന്നു. എന്നാല്‍ ജോസിന് മാത്രം താന്‍ ശരിക്കും ആരാണെന്ന സത്യം മനസിലാക്കാനാകുന്നില്ല. തന്റെ യഥാര്‍ഥ വേരുകളെവിടേക്കാണ് നീളുന്നതെന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നില്‍ പതറിനില്‍ക്കുകയായിരുന്നു ആ യുവാവ്.
1990ലെ കുവൈത്ത് അധിനിവേശത്തിനിടയില്‍ റാഷിദ് ഇറാഖി പട്ടാളത്തിന്റെ തടവറയില്‍ കിടന്നു മരിക്കുന്നതോടെയാണ് ജോസിന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടമാരംഭിക്കുന്നത്. പിതാവിന്റെ സുഹൃത്ത് ഗസ്സാന്റെ വിളികേട്ട് 2006ല്‍ ജോസ് കുവൈത്തിന്റെ മണ്ണില്‍ കാലുകുത്തുന്നു. ജോസ് വീണ്ടും ഈസയായി മാറുന്ന ദിവസം തന്നെയാണ് കുവൈത്ത് അമീര്‍ ജാബിര്‍ അല്‍- സ്വബാഹ് നിര്യാതനായത്. പണ്ടിതുപോലെ അന്നത്തെ അമീറിന്റെ വാഹനവ്യൂഹത്തിനരികെ ബോംബ് സ്ഫോടനമുണ്ടായ ദിവസമായിരുന്നു തന്റെ അമ്മ ജോസഫൈന്‍ കുവൈത്തിലെത്തിയത്. അന്ധവിശ്വാസിയായ ഗനീമാ ഉമ്മ എങ്ങനെ പ്രതികരിക്കുമെന്നറിയാത്തതിനാല്‍ ഒരു മാസത്തോളം പിതാവിന്റെ വീട്ടിലേക്ക് പോകാനുള്ള ധൈര്യം പോലും ഈസയ്ക്കുണ്ടായിരുന്നില്ല.
അവസാനം ആ മാളികയ്ക്കുള്ളില്‍ കയറിപ്പറ്റാനായപ്പോഴും പുതിയ വേലക്കാരനെന്ന പേരില്‍ വീട്ടുജോലിക്കാരുടെ മുറിയിലാണ് അവനെ താമസിപ്പിക്കാന്‍ ആ കുടുംബം തയ്യാറായത്. പിതാവിന്റെ രണ്ടാം വിവാഹത്തിലെ മകള്‍ ഖൗല മാത്രമാണ് അവനോട് അല്‍പം ദയകാണിച്ചത്. തന്റെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ ഈ വിവരമറിഞ്ഞാല്‍ ഭൂകമ്പമുണ്ടാക്കുമെന്ന ഭയമായിരുന്നു ഗനീമയ്ക്ക്. ഉള്ളില്‍ സ്നേഹം തോന്നിയിട്ടും അവര്‍ നിസ്സഹായയായിരുന്നു. അവസാനം താറുഫ് കുടുംബത്തിലൊരു ഫിലിപ്പിനോ മുഖമുള്ള സന്തതിയുണ്ടെന്ന അപമാന വാര്‍ത്ത പുറത്തായി. ശേഷം തന്നെ കുവൈത്തിന്റെ മണ്ണില്‍ നിന്നുതന്നെ തുരത്താന്‍ ശ്രമിക്കുന്ന മനുഷ്യരുടെ ഇടയില്‍ വല്ലാത്തൊരു അസ്തിത്വ പ്രതിസന്ധി നേരിടുകയാണ് ഈസ.
പ്രവാസത്തിന്റെ നോവിലൂടെ...
കുവൈത്തി സമൂഹത്തില്‍ ഇന്ത്യന്‍, ആഫ്രിക്കന്‍, ഫിലിപ്പീനി വീട്ടുജോലിക്കാരുടെ സാന്നിധ്യം ഒട്ടേറെ പഠനങ്ങള്‍ക്ക് വിധേയമായിട്ടുള്ള വിഷയമാണ്. തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്കും, തല്‍ സംബന്ധമായ രാഷ്ട്രീയവിവാദങ്ങള്‍ക്കും കുവൈത്ത് പലപ്പോഴും വേദിയായിട്ടുണ്ട്. എങ്കിലും കുവൈത്തിലെ വിദേശത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ 'സാഖുല്‍ ബാംബൂ'വിലേത് പോലെ ഇത്രയേറെ വേറൊരു കൃതിയിലും ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. അറബിയായിരുന്നിട്ടും അറബിയുടെ മുഖമില്ലാതെ പോയതാണ് ഈസയുടെ/ജോസിന്റെ കുറ്റം. അതിന്റെ പേരില്‍ പലതവണ കുവൈത്തി പൊലിസ് അവനെ പൊതുസ്ഥലങ്ങളില്‍ തടഞ്ഞുനിര്‍ത്തുന്നുണ്ട്, ജയിലിലടക്കുന്നുണ്ട്. അപ്പോഴാണ് അമ്മ പറഞ്ഞതുപോലെ കുവൈത്തൊരു സ്വര്‍ഗമല്ല, ശരിക്കുമൊരു നരകംതന്നെയാണെന്ന് ഈസ/ജോസ് തിരിച്ചറിയുന്നത്. ആ നാട്ടില്‍ തന്നെ ജീവിക്കുന്നെങ്കിലും പൗരത്വരേഖകളില്ലാതെ പോയതിനാല്‍ 'ബിദൂനി'കളായ ഗസ്സാനെപോലുള്ളവരുടെ അവസ്ഥയും തന്റേതില്‍ നിന്നും ഒട്ടും ഭേദമല്ലെന്ന് അവന്‍ തിരിച്ചറിയുന്നുണ്ട്. ഡിക്കന്‍സിന്റെ കൃതികളിലേത് പോലെ ദാരിദ്ര്യത്തില്‍ നിന്നു സമൃദ്ധിയിലേക്കുള്ള യാത്രയുടെ കഥയാണ് 'സാഖുല്‍ ബാംബൂ'. ശരിക്കും തന്റെ സ്വന്തം നാടായ കുവൈത്തി സമൂഹത്തിന് നേരെ ഒരു കണ്ണാടി തിരിച്ചുപിടിക്കുകയാണ് നോവലിസ്റ്റ്. തങ്ങള്‍ വംശീയതയുടെ പേരില്‍ ഗുരുതരമായ തെറ്റുകള്‍ ചെയ്യുന്നുവെന്ന് അദ്ദേഹം തിരിച്ചറിയുന്നു. ഒപ്പം പ്രവാസിത്തൊഴിലാളികള്‍ നേരിടുന്ന വിവേചനം, ബദവി വിഭാഗങ്ങളുടെ അന്യതാബോധം, ദാരിദ്ര്യം, സ്ത്രീകളുടെ അധികാരപ്രവേശം, മുട്ടുമടക്കാത്ത തരത്തിലുള്ള കാടന്‍ ആചാരങ്ങള്‍, സ്വവര്‍ഗ ലൈംഗികത, മനുഷ്യക്കടത്ത് തുടങ്ങിയ ഒട്ടേറ ഗൗരവകരമായ വിഷയങ്ങള്‍ ആര്‍ജവത്തോടെ ഈ നോവല്‍ ചര്‍ച്ചചെയ്യുന്നുണ്ട്. തങ്ങളുടെ സമൂഹത്തെ പ്ലേഗ് പോലെ ബാധിച്ചിരിക്കുന്ന വംശീയതയുടെ ആഴങ്ങളറിയാന്‍ അറബികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമെന്നാണ് ചില നിരൂപകര്‍ ഈ കൃതിയെ വിലയിരുത്തുന്നത്. എന്നാല്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ കഥ ലോകത്തെവിടേയും സംഭവിക്കാമെന്ന് വായനക്കാര്‍ തിരിച്ചറിയുന്നു.
പറഞ്ഞവസാനിപ്പിക്കുമ്പോള്‍
ദ്വന്ദവ്യക്തിത്വം, അപരനൊപ്പമുള്ള ജീവിതം തുടങ്ങിയ യൂനിവേഴ്സല്‍ തീമുകളില്‍ ധാരാളം അറബി നോവലുകളുണ്ടായിട്ടുണ്ട്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ രചനാരീതിയും പ്രമേയ സമീപനവുമാണ് 'സാഖുല്‍ ബാംബൂ'വിനുള്ളത്. അറബി എഴുതാനറിയാത്ത ഈസയെന്ന ജോസ് തന്റെ കഥ ഫിലിപ്പീനി ഭാഷയിലെഴുതുകയാണ്. 'അിഴ ഠമിഴസമ്യ ചഴ ഗമംമ്യമി' എന്ന തലക്കെട്ടില്‍ എഴുതിയ ഈ കഥ കുവൈത്തിലെ ഫിലിപ്പിന്‍സ് എംബസിയില്‍ വിവര്‍ത്തകനായി ജോലിചെയ്യുന്ന ഇബ്റാഹീം സലാമെന്നൊരു സുഹൃത്താണ് 'സാഖുല്‍ ബാംബൂ'എന്ന പേരില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്. ആറ് ഭാഗങ്ങളിലായി ചെറു അധ്യായങ്ങളിലൂടെ കഥ പുരോഗമിക്കുമ്പോള്‍ ഒട്ടേറെ മനുഷ്യജന്മങ്ങളുടെ യാതനാപര്‍വ്വമാണ് വായനക്കാരന് മുന്നില്‍ അനാവൃതമാകുന്നത്. തന്റെ ശരിക്കുമുള്ള വ്യക്തിത്വവും മതവും രാജ്യവുമേതെന്ന അന്വേഷണം മുഴുവനാക്കാന്‍ ജോസിനാകുമോ? അറബിയുടെ മകനായിട്ടും അങ്ങനെയൊരു മുഖമില്ലാത്തതിന്റെ പേരില്‍ തന്നെ നിഷ്‌കരുണം 'വരത്തനാ'ക്കി പുറന്തള്ളുന്ന സമൂഹത്തോട് അവന്‍ പ്രതികാരം ചെയ്യുമെന്നാണ് വായനക്കാരന്‍ കരുതുക. എന്നാല്‍ അവനിലെ മനുഷ്യത്വം പറയാന്‍ ശ്രമിക്കുന്നത് മറ്റൊന്നാണ്.
'നിങ്ങളിലൊരാളാകാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ നിങ്ങളുടെ ഭാഗത്ത് നിന്ന് അതിനനുകൂലമായി ഒന്നും സംഭവിക്കുന്നില്ല. അതിന്റെ പേരില്‍ ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നതുമില്ല. നിങ്ങളെക്കുറിച്ചുള്ള മോശമായ ഓര്‍മകളുമായി ഈ നാടുവിട്ടുപോകാന്‍ ഞാനാഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാനതൊക്കെ എഴുതി ഇവിടെ ഉപേക്ഷിക്കുകയാണ്. നിങ്ങളിത് ഒരുപക്ഷേ വായിച്ചേക്കാം. അങ്ങനെയാണെങ്കില്‍ ഈ കടലാസുതുണ്ടുകള്‍ എടുത്തശേഷം എന്റെ പകുതി മനുഷ്യത്വം തിരികെ തരാമോ? സാധിക്കില്ലെങ്കില്‍ എന്റെ കൈവശമുള്ള മറ്റേ പകുതികൂടി നിങ്ങള്‍ തന്നെ എടുത്തോളൂ. ഞാനൊരു ഉറുമ്പായോ തേനീച്ചയായോ പാറ്റയായോ ജീവിച്ചുകൊള്ളാം!'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."