ചുവപ്പ്
റോഡ് മുറിച്ചുകടക്കുമ്പോള്‍ ശ്രദ്ധിക്കണം എന്ന് ഞാന്‍ അവനോട് ഒരു ആയിരം തവണ പറഞ്ഞതാണ്, കേട്ടില്ല. അവന്റെ ദേഹത്ത് നിന്ന് ഒഴുകിയിറങ്ങിയ ചോരത്തുള്ളികള്‍ കണ്ട് ഞാന്‍ പകുതി മരിച്ചു. ചുവന്ന പരവതാനി വിരിച്ചപോലെ റോഡ് മുഴുക്കെ അവന്റെ ചോര തളം കെട്ടി നിന്നിരുന്നു.
'പേടിച്ചു പോയോ?'
'പേടിക്കാതെ പിന്നെ! നിന്റെ രക്തവും അതിന്റെ ചുവപ്പും എന്റെ കണ്ണില്‍ നിന്നു മായുന്നില്ല!'
'എന്തിനാണ് ഈ ഭയം? രക്തമോ അതോ ചുവപ്പോ? ചുവപ്പ്... അതിന് എന്തൊരു ഭംഗിയാണ്. നോക്കൂ... അത് ഗുല്‍മോഹറിന്റെ വശ്യതയില്‍ അലിഞ്ഞുചേര്‍ന്ന അഴകാണ്, ഉദിച്ചുയരുന്ന സൂര്യന്റെ മനോഹാരിതയാണ്, വിപ്ലവമെന്ന വികാരത്തിന്റെ പ്രതീകമാണ്, മാസം പൂക്കുന്ന പെണ്ണൊരുത്തിയുടെ വാടാത്ത ഇതളുകളാണ്, മഞ്ചാടിക്കുരുക്കളില്‍ കോര്‍ത്ത ബാല്യത്തിന്റെ നനുത്ത ഓര്‍മകളാണ്, എന്റെയും നിന്റെയും ഹൃദയത്തിന്റെ വക്കില്‍ പൊടിയുന്ന അനുരാഗത്തിന്റെ രസച്ചരടുകളുടെ ഗന്ധമാണ്, എന്റെ പെണ്ണാണ് നീ എന്ന് ഞാന്‍ നിന്റെ നെറുകയില്‍ കുറിച്ചുവച്ച സിന്ദൂരത്തിന്റെ അടയാളമാണ്, എന്നെങ്കിലും ഒരിക്കല്‍ എന്റെ ഓര്‍മകളെ അടിവരയിട്ട് മിനുക്കാന്‍ നീ തെരഞ്ഞെടുക്കുന്ന മഷിയുടെ നിറമാണ്...'
'മതി നിന്റെ സാഹിത്യം! അധികം സ്‌ട്രെയിന്‍ എടുക്കണ്ട'
'ഈ കൈകൊണ്ട് ഇനി സാഹിത്യം ജനിക്കില്ലല്ലോ... നാവ് കൊണ്ടെങ്കിലും ഞാന്‍ അവയെ പെറ്റുപോറ്റട്ടെ'
അറ്റുപോയ അവന്റെ വലതു കൈത്തണ്ട എന്നെ നോക്കി എന്തോ അപേക്ഷിക്കുന്നത് പോലെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."