മുഖ്യമന്ത്രിയെ ഇത്തവണയും ഉത്തരാഖണ്ഡ് കൈയൊഴിഞ്ഞു, പതിവുപോലെ ബി.ജെ.പിക്ക് ഭരണത്തുടർച്ച, മുഖ്യമന്ത്രി ധാമി തോറ്റു
ഡെറാഡൂൺ
കോൺഗ്രസ് ഏറ്റവുമധികം പ്രതീക്ഷയർപ്പിച്ച ഉത്തരാഖണ്ഡും പാർട്ടിയെ കൈവിട്ടു. ബുധനാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ ചിലത് അനുകൂലമായതിനാൽ ഒരേസമയം പ്രതീക്ഷയോടെയും ആശങ്കയോടെയുമാണ് കോൺഗ്രസ് ക്യാംപ് ഇന്നലെ ഫലം കാത്തിരുന്നത്. ഭരണവിരുദ്ധവികാരം വോട്ടായി മാറാതിരുന്നതോടെ ഫലം സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായി. യു.പിയിലെന്നത് പോലെ ഉത്തരാഖണ്ഡിലും പാർട്ടിക്ക് ഭരണത്തുടർച്ച ലഭിച്ചു.
ഉത്തർപ്രദേശ് വിഭജിച്ച് 2000ലാണ് ഉത്തരാഖണ്ഡ് രൂപീകരിച്ചത്. അതിന് ശേഷം ഇതാദ്യമായാണ് ഒരുപാർട്ടിക്ക് തുടർഭരണം ലഭിക്കുന്നത്. ഒരുപാർട്ടിക്കും ഭരണത്തുടർച്ച ലഭിക്കാത്തത് പോലെ തന്നെ ഒരുമുഖ്യമന്ത്രിയെയും വിജയിപ്പിച്ച ചരിത്രവും ഉത്തരാഖണ്ഡിനില്ല. ഈ രീതി ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കുകയും ചെയ്തു.
പുഷ്‌കർ സിങ് ധാമിക്കൊപ്പം കോൺഗ്രസ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഹരീഷ് റാവത്തും പരാജയപ്പെട്ടു. ലാൽഖുവ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയോട് 15,000 ലധികം വോട്ടുകൾക്കാണ് റാവത്ത് പരാജയപ്പെട്ടത്. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകൾ മതിയെന്നിരിക്കെ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു. ധാമി പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് ബി.ജെ.പി ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.
വിജയിക്കാനായില്ലെങ്കിലും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയെ പരാജയപ്പെടുത്താനായതും സീറ്റുകളുടെ എണ്ണം കൂടിയതും കോൺഗ്രസിന് ആശ്വാസമായി. ഖാത്തിമയിൽ മത്സരിച്ച ധാമി കോൺഗ്രസിന്റെ ഭുവൻചന്ദ്ര കാപ്രിയോട് 6,932 വോട്ടുകൾക്കാണ് അടിയറവ് പറഞ്ഞത്. 70 അംഗ നിയമസഭയിൽ 48 സീറ്റുകളോടെ ബി.ജെ.പി വിജയിച്ചെങ്കിലും 2017ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാർട്ടിക്ക് ഒമ്പത് സീറ്റുകളുടെ കുറവുണ്ട്. 2017ൽ 57 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. അതേസമയം കോൺഗ്രസിന് ഏഴുസീറ്റുകൾ കൂടി. 2017ലെ 11 സീറ്റുകളിൽ നിന്ന് ഇത്തവണ കോൺഗ്രസിന്റെ നേട്ടം 18 ലെത്തി. 2017ൽ സീറ്റുകളൊന്നും ലഭിക്കാതിരുന്ന ബി.എസ്.പിക്ക് ഇത്തവണ രണ്ട് എം.എൽ.എമാരെ ലഭിച്ചപ്പോൾ എ.എ.പിക്ക് അക്കൗണ്ട് തുറക്കാനായതുമില്ല. രണ്ടു സ്വതന്ത്രരും വിജയിച്ചു.
ഏക സിവിൽകോഡ് നടപ്പാക്കുമെന്നതുൾപ്പെടെയുള്ള പ്രചാരണങ്ങൾ ഉയർത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം അനുകൂലമായതോടെ മാധ്യമങ്ങൾക്ക് മുമ്പാകെ പുഷ്‌കർ സിങ് ഇക്കാര്യം ഓർമിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."