പൊതുകടം വർധിച്ചു; കടബാധ്യത 2,96,900 കോടി
തിരുവനന്തപുരം
കൊവിഡ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാക്കിയതായി സാമ്പത്തിക സർവേ റിപ്പോർട്ട്. വ്യവസായം അടക്കമുള്ള പ്രധാന മേഖലകളെയെല്ലാം കൊവിഡ് ബാധിച്ചു. സംസ്ഥാനത്തിന്റെ പൊതുകടം വർധിച്ചു. 2020-21ൽ സംസ്ഥാനത്തിന്റെ കടബാധ്യത 2,96,900 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ കടവും മൊത്തം ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 2019-20ൽ 31.58 ശതമാനമായിരുന്നു. 2020-21ൽ ഇത് 37.13 ശതമാനമായി.
റവന്യൂ കമ്മി 1.76 ശതമാനത്തിൽ നിന്ന് 2.51 ശതമാനമായും ധന കമ്മി മുൻവർഷത്തെ 2.89 ശതമാനത്തിൽ നിന്ന് 2021ൽ 4.40 ശതമാനമായും വർധിച്ചു. സംസ്ഥാനത്തിന്റെ വരുമാനത്തിൽ നേരിയ വർധനവുമുണ്ടായി. മൂലധന വിഹിതം 1.03 ശതമാനത്തിൽ നിന്ന് 1.61 ശതമാനമായി ഉയർന്നു. നിർമാണമേഖലയിലെ വളർച്ച കുറഞ്ഞ് മൈനസ് 8.94 ശതമാനമായി. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിറ്റുവരവ് 4.7 ശതമാനം വർധിച്ചു. വിതരണ മേഖലയിലെ തടസം, വിപണി അടച്ചുപൂട്ടൽ, തൊഴിൽദിന നഷ്ടം എന്നിവ മിക്ക വ്യവസായങ്ങളുടെയും ഉത്പാദനത്തെയും നിലനിൽപ്പിനെയും ബാധിച്ചു. കൊവിഡ് വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയായി. രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ മൂന്ന് ലക്ഷത്തിന്റെ കുറവുണ്ടായി. ടൂറിസം രംഗത്തെ വരുമാനം 2019ലെ 45,010 കോടിയിൽ നിന്ന് 2020ൽ 11,335 കോടിയായി കുറഞ്ഞു. 2019-2020നെ അപേക്ഷിച്ച് 2020-2021ൽ കാർഷികമേഖല പുരോഗതിയിലെത്തി. കൃഷി അനുബന്ധ മേഖലകളുടെ വിഹിതം 8.38 ശതമാനത്തിൽ നിന്ന് 9.44 ആയി ഉയർന്നു. തൊഴിലില്ലായ്മ 2018-2019ലെ ഒൻപത് ശതമാനത്തിൽ നിന്ന് പത്ത് ശതമാനമായി വർധിച്ചു. 17 ലക്ഷം പ്രവാസികൾ മടങ്ങിയെത്തി. മടങ്ങിയെത്തിയവരിൽ 72 ശതമാനത്തിനും ജോലി നഷ്ടപ്പെട്ടു. തൊഴിലന്വേഷകരുടെ എണ്ണം 2020ലെ 34.31 ലക്ഷത്തിൽ നിന്ന് 2021ൽ 38.33 ലക്ഷമായി ഉയർന്നു. ഇവരിൽ 14.16 ലക്ഷം പുരുഷന്മാരും 24.16 ലക്ഷം സ്ത്രീകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."