HOME
DETAILS
MAL
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ കാസര്‍ഗോഡ് സ്വദേശി നിര്യാതനായി
backup
March 15 2021 | 15:03 PM
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മുന്‍ ബഹ്റൈന്‍ പ്രവാസി നിര്യാതനായി. കാസര്‍കോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി സി.എഛ് ഹമീദ് എന്ന ഹമീദ്ച്ച(61) യാണ് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. രണ്ടു മാസം മുന്പ് ബഹ്റൈനില്‍ നിന്നും നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയിരുന്നുവെങ്കിലും യാത്രപുറപ്പെടുന്നതിന്‍റെ തലേദിവസം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇരുപത് ദിവസത്തോളം സല്‍മാനിയ്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്നു.
ഇതിനു ശേഷം കഴിഞ്ഞ മാസം നാട്ടിലെത്തിച്ച് വിദഗ്ദ ചികിത്സ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച കാലത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. മയ്യത്ത് കഴിഞ്ഞ ദിവസം മഹല്ല് ഖബറിസ്ഥാനില്‍ ഖബറടക്കി. ബഹ്റൈനിലെയും നാട്ടിലെയും നിരവധി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഖബറടക്കചടങ്ങില്‍ പങ്കെടുത്തു. ഭാര്യ- സുഹ് റ, മക്കള്‍- ആയിഷത്ത് അഷിക, ജാസിര്‍, ഹസന്‍, ഹുസൈന്‍.
സമസ്തയും ബഹ്‌റൈൻ കെ.എം.സി.സി യും അനുശോചിച്ചു
മനാമ: മൂന്നര പതിറ്റാണ്ടു കാലം ബഹ്റൈനില്‍ സമസ്തക്കും കെ.എം.സി.സിക്കും വേണ്ടി സജീവമായി പ്രവര്‍ത്തിച്ച കാസര്‍കോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി സി.എഛ് ഹമീദ് എന്ന ഹമീദ് ച്ചയുടെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍, കെ.എം.സി.സി ബഹ്റൈന്‍ എന്നീ സംഘടനകള്‍ അനുശോചനമറിയിച്ചു. ബഹ്റൈനിലെ സമസ്തയുടെ ഏരിയാ കേന്ദ്രങ്ങളിലെല്ലാം അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തണമെന്ന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.മൊഗ്രാല്‍ പുത്തൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത്, ഇമാം ശാഫി അക്കാദമി ബഹ്റൈന്‍ എന്നീ സംഘടനകളും അനുശോചനമറിയിച്ചു.
1982 ഡിസംബർ 14നാണ് അബ്ദുല്‍ ഹമീദ് ആദ്യമായി ബഹ്റൈനിലെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ 37 വർഷവും ഒരേ കമ്പനിയിൽ വിവിധ തസ്തികകളിലായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ലഭിക്കുന്ന ഒഴിവുസമയങ്ങളിലായിരുന്നു ബഹ്റൈനിലെ സമസ്ത-കെ.എം.സി.സി ഉള്‍പ്പെടെയുള്ള മത – രാഷ്ട്രീയ സാമൂഹിക സംഘടനകളിലെല്ലാം നിസ്വാര്‍ത്ഥ സേവനം ചെയ്തുവന്നിരുന്നത്.
ഇതിനിടെ പ്രായം 60 പിന്നിട്ടതിനാൽ ബഹ്റൈന്‍ നിയമമനുസരിച്ച് തൊഴില്‍ വീസ പുതുക്കാനാവാതെ വന്നതോടെയാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങുന്നതിന്‍റെ തലേ ദിവസം മുതല്‍ രോഗ ശയ്യയിലായ ഹമീദ് രണ്ടു മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തി ചികിത്സയിൽ തുടരുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബഹ് റൈനിലെ സമസ്ത ആസ്ഥാനത്തെതുന്ന നേതാക്കളുമായും പ്രവർത്തകരുമായും അടുത്ത ബന്ധവും സൗഹൃദവും അദേഹം കാത്തുസൂക്ഷിച്ചിരുന്നു. സമസ്ത ബഹ്റൈന്‍ ജന.സെക്രട്ടറി വി.കെ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ ബഹ്റൈനിലെ സമസ്തയുടെ പ്രവർത്തകരുടെ സംഘം അടുത്ത ദിവസം വീട് സന്ദര്‍ശിച്ച് കുടുംബത്ത നേരിട്ട് അനുശോചനം അറിയിക്കുകയും പ്രാർത്ഥന നിര്‍വ്വഹിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."