ബ്രസീല്‍ പ്രസിഡന്റായി ലുല ഡ സില്‍വ അധികാരമേറ്റു
റിയോ ഡെ ജനീറോ: ബ്രസീല്‍ പ്രസിഡന്റായി ലുല ഡ സില്‍വ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് മൂന്നാംതവണയാണ് ലുല ഡ സില്‍വ ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നേതാവായ ബെയ്‌രര്‍ ബെല്‍സനാരോയെ പരാജയപ്പെടുത്തിയാണ് സില്‍വ അധികാരത്തിലെത്തുന്നത്. 50.8 ശതമാനം വോട്ടുകളാണ് ലുല നേടിയത്. ബോള്‍സനാരോക്ക് 49.2 ശതമാനം വോട്ടുകളാണ് നേടാനായത്. ഒക്ടോബര്‍ 30, ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്.
2002ല്‍ ലുല ബ്രസീലിന്റെ ആദ്യത്തെ തൊഴിലാളി വര്‍ഗ പ്രസിഡന്റായി. എന്നാല്‍ 2010ല്‍ രണ്ട് തവണ അധികാരം ഒഴിഞ്ഞു. അപ്പോഴും അദ്ദേഹം വളരെ ജനപ്രിയനായിരുന്നു. അതിനുശേഷം വര്‍ക്കേഴ്‌സ് പാര്‍ട്ടി അഴിമതികളില്‍ കുടുങ്ങിയതായി കണ്ടെത്തി, ബ്രസീലിനെ ക്രൂരമായ മാന്ദ്യത്തിലേക്ക് തള്ളിവിട്ടുവെന്ന് ആരോപിക്കപ്പെട്ടു.
അഴിമതി ആരോപണങ്ങള്‍ കാരണം 2018 ല്‍ ലുലയെ ജയിലിലടക്കുകയും ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. തുടര്‍ന്ന് ജയിര്‍ ബോള്‍സനാരോ വിജയിച്ചു. വലതുപക്ഷ ജഡ്ജിയായ സെര്‍ജിയോ മോറോ അദ്ദേഹത്തെ അന്യായമായി വിചാരണ ചെയ്തു എന്നതിന്റെ പേരില്‍ ലുലയുടെ ശിക്ഷാവിധികള്‍ റദ്ദാക്കിയതിനാല്‍ 2019 അവസാനത്തോടെ 580 ദിവസത്തെ ജയില്‍വാസം അവസാനിക്കുകയായിരുന്നു.
ബിസിനസ് ക്ലാസ് ആളുകളുടെ പിന്തുണ ശക്തിപ്പെടുത്താനും അവരുടെ വോട്ട് ലക്ഷ്യം വെച്ചുകൊണ്ടുമായിരുന്നു ബോള്‍സൊനാരോ പ്രചരണം നടത്തിയത്. എന്നാല്‍ സാധാരണക്കാരായ തൊഴിലാളി വര്‍ഗത്തെയും ന്യൂനപക്ഷങ്ങളെയും ബോള്‍സൊനാരോ വിരുദ്ധരെയും കേന്ദ്രീകരിച്ചായിരുന്നു ലുലയുടെ പ്രചരണം. രാജ്യത്തെ വലത്തോട്ട് കുത്തിതിരിച്ച പിന്തിരിപ്പന്‍ നയങ്ങളില്‍ നിന്ന് കരകയറ്റും എന്നായിരുന്നു മുന്‍ പ്രസിഡന്റ് കൂടിയായ ലുലയുടെ വാഗ്ദാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."