സഹകരണബാങ്കുകള്‍ വഴി ക്ഷേമ പെന്‍ഷന്‍: പൈലറ്റ് പ്രോജക്ട് കൊല്ലത്തു നടത്തി
കൊല്ലം: സഹകരണ ബാങ്കുകള്‍ വഴി ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിക്കുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ഇന്നലെ കൊല്ലത്തു തുടങ്ങി. ഗുണഭോക്താക്കള്‍ക്കു ക്ഷേമപെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ വഴി നേരിട്ടു വീട്ടിലെത്തിക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മോഡല്‍ പ്രോജക്ട് എന്ന നിലയില്‍ മയ്യനാട് പഞ്ചായത്തിലെ മൂന്നു സഹകരണ ബാങ്കുകള്‍ വഴി ഇരവിപുരം എം.എല്‍.എ എം നൗഷാദിന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍ വീടുകളിലെത്തിച്ചത്.
പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ അയ്യായിരത്തോളം ഗുണഭോക്താക്കള്‍ക്കു പെന്‍ഷന്‍ ലഭിക്കും. മയ്യനാട് റീജിയണല്‍ സഹകരണ ബാങ്ക്, ഉമയനല്ലൂര്‍ സര്‍വിസ് സഹകരണബാങ്ക്, കൂട്ടിക്കട സഹകരണബാങ്ക് എന്നിവ വഴിയാണ് വിതരണം ചെയ്യുന്നത്. മയ്യനാട് സ്വദേശി വാസുദേവന്‍പിള്ളക്കും ഭാര്യക്കുമായി കുടിശ്ശിക പെന്‍ഷനായി ഇന്നലെ 27000 രൂപ നല്‍കുകയും ചെയ്തു. സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും വഴി വീടുകളില്‍ എത്തിക്കുന്നതാണ് പുതിയ പദ്ധതി. കുടുംബശ്രീ വഴി സര്‍വേ നടത്തിയപ്പോള്‍ 70 ശതമാനം ഗുണഭോക്താക്കളും ക്ഷേമ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശമാണ് ഉന്നയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേമ പെന്‍ഷന് അര്‍ഹതയുള്ളവരില്‍ 70 ശമാനം പേര്‍ക്കും സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ വീട്ടിലെത്തിക്കും. മറ്റുള്ളവര്‍ക്കു നിലവിലുള്ളതുപോലെ ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ വിതരണം ചെയ്യും. നേരത്തേ പോസ്റ്റ് ഓഫിസ് വഴിയായിരുന്നു പെന്‍ഷന്‍ വിതരണം. എന്നാല്‍, ഇതുമൂലം പെന്‍ഷന്‍ ലഭിക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണു പോസ്റ്റ്ഓഫിസിനെ ഒഴിവാക്കിയത്.
പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ധനവകുപ്പ് ഉത്തരവിറക്കിയതോടെ ഒരാള്‍ക്ക് 1000 രൂപയുടെ ഒരു ക്ഷേമപെന്‍ഷന് മാത്രമാണ് ഇനി ലഭിക്കുക. നിലവില്‍ പലരും ഒന്നിലേറെ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നുണ്ട്. ഒരാള്‍ ഒന്നിലധികം ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതു തടയുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്ഷേമ പെന്‍ഷനുകള്‍ ജൂണ്‍ മുതല്‍ 1000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍, കൈപ്പറ്റുന്നവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചിരുന്നില്ല. ഈ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവരശേഖരണം പൂര്‍ത്തിയായാല്‍ ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നതു കണ്ടെത്തി തടയാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."