'തങ്ങള്‍ക്ക് വോട്ടുചെയ്തില്ലെങ്കില്‍ നല്ല മരണം ലഭിക്കില്ല'
തേനി: സര്‍വേ റിപ്പോര്‍ട്ടുകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റേറ്റ്- സെന്‍ട്രല്‍ ഇന്റലിജന്‍സ് വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളും ഡി.എം.കെക്ക് അനുകൂലമായതോടെ പ്രചാരണരംഗത്ത് പ്രകോപനവും ഭീഷണിയുമായി അണ്ണാ ഡി.എം.കെ നേതാക്കള്‍.
ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വമാണ് പ്രചാരണത്തിനിടെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വാക്പ്രയോഗങ്ങള്‍ നടത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷവും സര്‍ക്കാര്‍ നല്‍കിയ സൗജന്യ കിറ്റുകളും മറ്റ് ആനുകൂല്യങ്ങളും വാങ്ങി അനുഭവിച്ചിട്ടും സര്‍ക്കാരിനുവേണ്ടി ഒന്നും ചെയ്യാത്തവരാണോ നിങ്ങളെന്നും രണ്ടില ചിഹ്നത്തിനു വോട്ടു നല്‍കിയില്ലെങ്കില്‍ നല്ല മരണം നിങ്ങള്‍ക്ക് ലഭിക്കില്ലെന്നുമാണ് പനീര്‍ശെല്‍വം പ്രസംഗിച്ചത്.
ബോദിനായ്ക്കനൂര്‍ മണ്ഡലത്തിലെ പ്രചാരണത്തിലാണ് ഒ. പനീര്‍ശെല്‍വം വിവാദപരാമര്‍ശം നടത്തിയത്. ഇവിടെ ജവഹര്‍നഗറിലെ പ്രമുഖ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുശേഷമാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങിയത്. ഡി.എം.കെ മുന്നണിക്ക് സ്വാധീനമുള്ള മേഖലയാണ് ജവഹര്‍നഗര്‍. ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ എ.ഐ.എ.ഡി.എം.കെയ്ക്കും ബി.ജെ.പിക്കും സ്റ്റെര്‍ലൈറ്റ് കോപ്പറുമായി (വേദാന്ത) 'രഹസ്യബന്ധം' ഉണ്ടെന്നും 2018 മെയില്‍ തൂത്തുക്കുടിയില്‍ നടന്ന 13 സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ പൊലിസ് വെടിവയ്പില്‍ നിര്‍ണായക പങ്കുവഹിച്ചതായും വെളിപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പു രംഗത്ത് ഡി.എം.കെ അനുകൂല തരംഗത്തിനു പുറമെ എ.ഐ.എ.ഡി.എം.കെയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍കൂടിയാണ് പനീര്‍ശെല്‍വത്തിന്റെ പൊട്ടിത്തെറി. സ്റ്റെര്‍ലെറ്റുമായി പനീര്‍ശെല്‍വത്തിനു ബന്ധമുണ്ടെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. വേദിയിലുണ്ടായിരുന്ന ബി.ജെ.പി നേതാവ് കെ.പി.ബി ഭാസ്‌ക്കറും പനീര്‍ശെല്‍വത്തിന്റെ വിവാദ വാക്കുകള്‍ കടമെടുത്ത് ആവര്‍ത്തിച്ചു. എന്നാല്‍ പനീര്‍ശെല്‍വത്തിനെതിരേ നിയമ നടപടിയുണ്ടാകുമെന്ന് ഡി.എം.കെ നേതൃത്വം പ്രതികരിച്ചതോടെ മണല്‍ഖനനത്തിന് തങ്ങള്‍ കാളവണ്ടിയുടമകളെ സഹായിക്കുമെന്ന പ്രസ്താവന നടത്തിയ മുന്‍ മന്ത്രിയും ഡി.എം.കെ കാലൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി വി.സെന്തിലിനെതിരെ കരൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. എ.ഐ.എ.ഡി.എം.കെ ജോയിന്റ് സെക്രട്ടറി ബാബു മുരുകവേലിന്റെ പരാതിയിലാണ് നടപടി. 153ാം വകുപ്പ് (കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം), 89 (പൊതുപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തല്‍), 505 1 (ബി), (ശത്രുത സൃഷ്ടിക്കല്‍) ), 506 (1) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 353 (സര്‍ക്കാര്‍ ജീവനക്കാരെ ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍നിന്ന് തടയല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."