സര്‍ക്കാരും ഇ.ഡിയും: പോര് നിയമയുദ്ധത്തിലേക്ക്; കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഒത്താശയോടെ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുവെന്ന് ഇ.ഡി
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയത് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണം സര്‍ക്കാരിന്റെ ഒത്താശയോടെ അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നിലെന്ന് ഇ.ഡി ഹരജിയില്‍ ആരോപിച്ചു.
കേസിലെ മുഖ്യസൂത്രധാരന്‍ ശിവശങ്കറാണ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നിലെന്നും ഹരജിയിലുണ്ട്. ഇ.ഡി ഡെപ്യൂട്ടി ഡയരക്ടര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ക്രൈംബ്രാഞ്ച് യൂനിറ്റാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കലിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിക്കുകയെന്ന ഗൂഢോദ്ദേശത്തോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നടപടികള്‍ തടയണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ എം.ശിവശങ്കര്‍ ജാമ്യത്തിലിറങ്ങി സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു ഹരജിയില്‍ പറയുന്നു. ശിവശങ്കര്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരേ കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുന്നതിന് ശ്രമിക്കുകയാണ്. കേസിന്റെ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന എറണാകുളം അഡി.ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയും ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ടണ്ട്.
കെ-ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളുടെ അതീവ രഹസ്യമായി സൂക്ഷിക്കേണ്ടണ്ട വിവരങ്ങള്‍ തനിക്ക് ശിവശങ്കര്‍ കൈമാറിയെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലെ ലേലക്കാരന്‍ നല്‍കിയ തുക സംബന്ധിച്ച വിവരങ്ങള്‍ ശിവശങ്കര്‍ വെളിപ്പെടുത്തി. ലൈഫ് മിഷനിലെ 36 പദ്ധതികളില്‍ 26 എണ്ണവും അട്ടിമറി നടത്തിയാണ് യൂനിടാക് ബില്‍ഡേഴ്സിന് നല്‍കിയതെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."