ജോഷിമഠില്‍ സ്ഥിതിഗതികള്‍ രൂക്ഷം, വിള്ളലുകള്‍ കൂടുന്നു; 600 കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു, 4000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഭൂമി ഇടിഞ്ഞുതാഴുകയും വീടുകളില്‍ വിള്ളലുകളുണ്ടാവുകയും ചെയ്ത ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതിഗതികള്‍ രൂക്ഷം. ജോഷിമഠില്‍ നിന്ന് ഇതുവരെ 600 വീടുകള്‍ ഒഴിപ്പിച്ചതായും, 4000 ഓളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. ഉപഗ്രഹ സര്‍വേയ്ക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി.
ജോഷിമഠില്‍ എല്ലാ നിര്‍മാണങ്ങളും നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിള്ളലുകള്‍ വീണ ഹോട്ടലുകള്‍ പൊളിക്കും. അടിത്തറ പൊളിഞ്ഞ മലാരി ഇന്‍, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകളാണ് പൊളിക്കുക. മജോഷിമഠിലെ 30 ശതമാനത്തോളം പ്രദേശത്തെ പ്രതിസന്ധി ബാധിച്ചതായാണ് കേന്ദ്രം ചുമതലപ്പെടുത്തിയ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. കര്‍ണപ്രയാഗിലെ വീടുകളിലും വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഹെലിക്കോപ്റ്ററുകള്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കി. ജോശിമഠിലും സമീപപ്രദേശങ്ങളിലും എല്ലാ നിര്‍മാണപ്രവൃത്തികളും നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹെലാങ് മര്‍വാരി ബൈപ്പാസ്, എന്‍ടിപിസിയുടെ ഹൈഡല്‍ പ്രൊജക്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്.
ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്ന് മഠ അധികൃതര്‍ പറയുന്നു.
കേന്ദ്ര വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫിസ് പരിശോധിക്കും. അതിനിടെ ഇന്ന് രണ്ട് കേന്ദ്ര സംഘങ്ങള്‍ കൂടി ജോഷിമഠ് സന്ദര്‍ശിക്കും. ദേശീയ ബില്‍ഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളും നാളെ ജോശിമഠില്‍ എത്തുമെന്നാണ് സൂചന.
പ്രദേശത്തു നിന്നും മാറ്റിപാര്‍പ്പിച്ചവര്‍ക്ക് ആറ് മാസക്കാലത്തേക്ക് പ്രതിമാസം 4000 രൂപ വീതം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജോഷിമഠ് വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."