ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമ ഭേദഗതി
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂവിനിയോഗം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി 1960ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി സര്‍ക്കാര്‍. ഭേദഗതി ബില്‍ ഈ മാസം 23ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
1960ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ക്കാനാണ് നിയമ ഭേദഗതി. ഇതിന്റെ തുടര്‍ച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും. ജീവിതോപാധിക്കായി നടത്തിയ ചെറു നിര്‍മ്മാണങ്ങളും കാര്‍ഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിര്‍മ്മാണവും എന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനായി അപേക്ഷ ഫീസും ക്രമവല്‍ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ ചട്ടത്തില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
1500 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള നിര്‍മ്മിതികള്‍ ക്രമപ്പെടുത്തേണ്ടി വരികയാണെങ്കില്‍ ഉയര്‍ന്ന ഫീസുകള്‍ ഈടാക്കുന്നത് പരിഗണിക്കും. ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്‌കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പൊതു ഉപയോഗത്തിനുള്ള നിര്‍മ്മാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ്സ് സ്റ്റാന്റുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശം നിയമപ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിര്‍വചിച്ചിട്ടുള്ളവ ആണ് ഇങ്ങനെ ഒഴിവാക്കുക. സംസ്ഥാനത്തിന് പൊതുവില്‍ ബാധകമാകും വിധത്തില്‍ പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങള്‍ തയ്യാറാക്കാന്‍ റവന്യൂ നിയമ വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."