വോട്ടെടുപ്പിന് നാളെ തുടക്കം ബൂത്തിലെത്താന്‍ കഴിയാത്തവരുടെ പോസ്റ്റല്‍ വോട്ട് നാളെ മുതല്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് സ്‌റ്റേഷനില്‍ ഹാജരായി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും കഴിയുന്നവര്‍, വികലാംഗര്‍ എന്നിവര്‍ക്കായുള്ള പോസ്റ്റല്‍ വോട്ടിങ് നാളെ മുതല്‍. പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചവരില്‍ അര്‍ഹരായ സമ്മതിദായകര്‍ക്ക് പ്രത്യേക പോളിങ് ടീം ബാലറ്റ് പേപ്പറും അനുബന്ധ രേഖകളും വീടുകളിലെത്തിക്കും.
പോളിങ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്ന ദിവസവും സമയവും അപേക്ഷകനെ എസ്.എം.എസ് ആയോ തപാലിലോ ബൂത്ത് ലെവല്‍ ഓഫിസര്‍ വഴിയോ വരണാധികാരികള്‍ മുന്‍കൂട്ടി അറിയിക്കും. മൈക്രോ ഒബ്‌സര്‍വര്‍, രണ്ടു പോളിങ് ഓഫിസര്‍മാര്‍, പൊലിസ് ഉദ്യോഗസ്ഥന്‍, വിഡിയോഗ്രാഫര്‍, ഡ്രൈവര്‍ എന്നിവരടങ്ങുന്ന സംഘമാണു പോസ്റ്റല്‍ വോട്ടിങ്ങിനായി വീടുകളിലെത്തുന്നത്. കൊവിഡ് പോസിറ്റിവായും ക്വാറന്റൈനില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കുന്നതിന് പ്രത്യേക പോളിങ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥിക്കോ സ്ഥാനാര്‍ഥിയുടെ ബൂത്ത് ലെവല്‍ ഏജന്റ് ഉള്‍പ്പെടെയുള്ള അംഗീകൃത പ്രതിനിധികള്‍ക്കോ വീടിന് പുറത്തുനിന്ന് പോസ്റ്റല്‍ വോട്ടിങ് പ്രക്രിയ നിരീക്ഷിക്കാം.
പ്രത്യേക പോളിങ് ടീം സമ്മതിദായകന്റെ വീട് സന്ദര്‍ശിച്ച് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാകും നടപടിക്രമങ്ങള്‍ ആരംഭിക്കുക. തപാല്‍ വോട്ട് രേഖപ്പെടുത്തുന്ന രീതി തുടക്കത്തില്‍ സമ്മതിദായകനോടു വിശദീകരിക്കും. ഇതിനു ശേഷം ബാലറ്റ് പേപ്പറുകളും കവറുകളും പേന, പശ തുടങ്ങിയവയും കൈമാറും. വോട്ടര്‍ രഹസ്യമായി വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പര്‍ കവറിനുള്ളിലാക്കി ഒട്ടിച്ച് അപ്പോള്‍ത്തന്നെ പോളിങ് ടീമിനെ തിരികെ ഏല്‍പ്പിക്കണം. ഈ പ്രക്രിയ വിഡിയോയില്‍ ചിത്രീകരിക്കും. ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തുന്നത് വിഡിയോയില്‍ ചിത്രീകരിക്കില്ല.
ബാലറ്റ് പേപ്പറുകള്‍ അടങ്ങുന്ന ഒട്ടിച്ച കവര്‍ പോളിങ് ടീം അന്നുതന്നെ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു കൈമാറും.
റിട്ടേണിങ് ഓഫിസറുടെ ഓഫിസില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമിലാണ് ഇവ സൂക്ഷിക്കുക. ഇത്തരത്തില്‍ ഓരോ ദിവസവും ലഭിയ്ക്കുന്ന കവറുകളുടെ എണ്ണം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ജില്ലാ കലക്ടറെ അറിയിക്കുകയും കലക്ടര്‍ ഇത് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."