ആഴക്കടല്‍ മത്സ്യബന്ധനം: ഇ.എം.സി.സിയുമായി ചര്‍ച്ച നടത്തിയത് സര്‍ക്കാരിന്റെ അറിവോടെ; തെളിവ് പുറത്ത്
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് യു.എസ് കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാരിന്റെ അറിവോടെയല്ലെന്നുള്ള വാദം പൊളിയുന്നു. ഇ.എം.സി.സിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ തെളിയിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌ക്കര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉള്‍നാടന്‍ ജലഗതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാര്‍, മുഖമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരുമായി അമേരിക്കന്‍ കമ്പനി വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പിആര്‍ഡി വഴി വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും നിര്‍ദ്ദേശിച്ചുവെന്ന് കുറിപ്പിലുണ്ടെന്നാണ് സൂചന. ഇഎംസിസിയും സര്‍ക്കാരും തമ്മിലുണ്ടാക്കിയ അസെന്‍ഡ് ധാരണാപത്രം പ്രകാരമാണ് കരാര്‍ ഒപ്പിടുന്നത്.സിംഗപ്പുര്‍ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി അഡീഷനല്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കിയെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."