കര്‍ഷകര്‍ക്കെതിരായ ഗൂഢാലോചനകളെല്ലാം നാഗ്പൂരില്‍ നടന്നതാണെന്ന് രാകേഷ് ടിക്കായത്ത്
നാഗ്പൂര്‍: ത്രിവര്‍ണ പതാകയെ അവഹേളിച്ചുവെന്നത് ഉള്‍പ്പെടെ കര്‍ഷകര്‍ക്കെതിരേ ഉയര്‍ന്ന ഗൂഢാലോചനകളെല്ലാം നാഗ്പൂരില്‍ നടന്നതാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. നാഗ്പൂരില്‍ ബഹുജന്‍ സംഘര്‍ഷ് സമിതി സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ ആര്‍.എസ്.എസിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ടിക്കായത്തിന്റെ വിമര്‍ശനം.
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കവെ, 'സര്‍ക്കാര്‍ ഒരു ഗൂഢാലോചനക്കാരന്‍' ആണെന്ന് തോന്നിയതായി അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങളും ഭൂമിയും കൃഷിയിടങ്ങളും സംരക്ഷിക്കുന്നതില്‍ വരുംവര്‍ഷങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളും അവയില്‍ ജനങ്ങളുടെ പങ്കാളിത്തവും സുപ്രധാനമായിരിക്കും. 'ദലിത്' ഒരു ജാതി വിഭാഗമല്ല. ഗ്രാമങ്ങളില്‍ വസിക്കുന്നവരും വയലില്‍ പണിയെടുക്കുന്നവരുമെല്ലാം ദലിതരാണ്. ഫാമുകളില്‍ ജോലി ചെയ്യുന്നവരെല്ലാം ബഹുജനങ്ങളാണ്.
രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ മഹാരാഷ്ട്രയിലും മധ്യപ്രദേശിലും അട്ടിമറിക്കപ്പെട്ടു. സിഖ് സമുദായത്തെ ഖലിസ്ഥാനികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ സത്യം എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായെന്നും രാകേഷ് ടിക്കായത്ത് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."