'മോദിക്ക് സമ്മതമെങ്കില്‍ സ്വാഗതം ചെയ്യുന്നു'; യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഉക്രൈന്‍ മന്ത്രി
ന്യൂഡല്‍ഹി: റഷ്യയുമായി ഇന്ത്യ പുലര്‍ത്തിവരുന്ന മികച്ച ബന്ധം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാനും ജനങ്ങളെ രക്ഷിക്കാനും അഭ്യര്‍ഥിച്ച് ഉക്രൈന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍, അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
' റഷ്യയുടെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും പുടിനാണ് എടുക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ സാധിക്കണം. അദ്ദേഹത്തിനു മാത്രമാണ് ഈ ഭൂമിയില്‍ യുദ്ധം വേണമെന്ന ആഗ്രഹമുള്ളത്. - കുലേബ പറഞ്ഞു.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ വെള്ളിയാഴ്ച എത്താനിരിക്കൊണ് ഉക്രൈന്‍ വിദേശകാര്യ മന്ത്രിയുടെ അഭ്യര്‍ഥന.
ഇന്ത്യന്‍ ഉല്പന്നങ്ങളുടെ വിശ്വസനീയരായ ഉപഭോക്താവാണ് യുക്രൈന്‍. ഇന്ത്യന്‍ ഭക്ഷ്യസുരക്ഷക്ക് വലിയ സംഭാവന നല്‍കുന്നവരുമാണ് തങ്ങളെന്നും സൂര്യകാന്തി എണ്ണ, ധാന്യപ്പൊടികളടക്കമുള്ള മറ്റ് ഉത്പന്നങ്ങള്‍ അടക്കം നല്‍കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
'ഇന്ത്യ ഉക്രൈനെ പിന്തുണയ്ക്കും എന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്. റഷ്യക്കാര്‍ ടാങ്കറുകളും വിമാനവുമായി എത്തുന്ന നാള്‍ വരെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉക്രൈന്‍ ഒരു അഭയ സ്ഥാനമായിരുന്നു. വിദ്യാര്‍ഥികള്‍ തിരികെ എത്തണമെന്നാണു ഞങ്ങളുടെ ആഗ്രഹം'- മന്ത്രി കൂട്ടിച്ചേര്‍ത്തു. ഖാര്‍ക്കീവില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കുലേബ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."