എം.ബി.ബി.എസ് പരീക്ഷാ മാറ്റം ഹാജരാകുന്ന വിദ്യാർഥികളുടെ എണ്ണം കണക്കാക്കിയെന്ന് ആരോഗ്യസർവകലാശാല
കൊച്ചി
ഹാജരാകുന്ന വിദ്യാർഥികളുടെ എണ്ണം കണക്കാക്കി ഇന്നു നടക്കുന്ന അവസാനവർഷ എം.ബി.ബി.എസ് പരീക്ഷകൾ മാറ്റുന്ന കാര്യത്തിൽ സർവകലാശാലയിലെ പരീക്ഷാ ബോർഡ് തീരുമാനം എടുക്കുമെന്ന് ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ അറിയിച്ചു.
കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മതിയായ ക്ലാസുകൾക്കും പരിശീലനത്തിനും സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നു മുതലുള്ള പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 500 എം.ബി.ബി.എസ് വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് ആരോഗ്യ സർവകലാശാല ഇത് അറിയിച്ചത്.
വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളും ആശങ്കകളും മനസിലാകുന്നുണ്ടെന്നും ഇതു പരിഹരിക്കാൻ നടപടിയെടുക്കുമെന്നും ആരോഗ്യ സർവകലാശാലയുടെ അഭിഭാഷകൻ വ്യക്തമാക്കി.
തുടർന്ന് സർവകലാശാല ആവശ്യപ്പെട്ടതനുസരിച്ച് ജസ്റ്റിസ് രാജ വിജയരാഘവൻ ഹരജി ഏപ്രിൽ നാലിലേക്ക് മാറ്റി.
2915 വിദ്യാർത്ഥികൾ റെഗുലർ പരീക്ഷയ്ക്കും 811 വിദ്യാർത്ഥികൾ സപ്ളിമെന്ററി പരീക്ഷയ്ക്കും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊവിഡ് വ്യാപനവും തുടർ നിയന്ത്രണങ്ങളും വന്നതോടെ തിയറി ക്ളാസുകൾ, പ്രാക്ടിക്കൽ, ക്ളിനിക്കൽ പോസ്റ്റിംഗ്, സെമിനാറുകൾ തുടങ്ങിയവയിൽ മതിയായ പരിശീലനം നൽകാൻ കോളജുകൾക്ക് കഴിഞ്ഞില്ലെന്ന് ഹരജിക്കാർ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."